ആഫ്രിക്കൻ വംശജർക്കു നേരേയുള്ള ആക്രമണങ്ങളിൽ സിബിസിഐക്ക് ആശങ്ക
Friday, June 24, 2016 1:25 PM IST
ന്യൂഡൽഹി: രാജ്യത്ത് ആഫ്രിക്കൻ വംശജർക്കു നേരേ നടക്കുന്ന ആക്രമണങ്ങളിൽ സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. സിബിസിഐയും തൊഴിൽ കാര്യങ്ങൾക്കായുള്ള ഓഫീസും അക്രമസംഭവങ്ങളെ ശക്‌തമായി അപലപിക്കുന്നതായി സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ് അറിയിച്ചു. നാലു വയസുള്ള കുട്ടിയുൾപ്പെടെ ആക്രമിക്കപ്പെട്ടതായാണു വിവരം. ഇത് അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു. അതിഥി ദേവോ ഭവ എന്ന സംസ്കാരത്തിനുടമകളായ ഇന്ത്യയിലെ പൗരന്മാർ സ്നേഹവും സാഹോദര്യവും നിലനിർത്തണം. ആഫ്രിക്കൻ വംശജർ മാത്രമല്ല ഇവിടെയെത്തുന്ന മറ്റേതു രാജ്യക്കാരെയും അതിഥികളായി പരിഗണിക്കണമെന്നും ബിഷപ് പത്രക്കുറിപ്പിൽ അറിയിച്ചു.


കുറച്ചു വർഷങ്ങളായി രാജ്യത്ത് ജനങ്ങൾ നിയമം കൈയിലെടുക്കുന്നതായി കണ്ടുവരുന്നു. വർഗീയതയുമായും വംശീയതയുമായും ബന്ധപ്പെട്ട സംഭവങ്ങൾ വർധിച്ചു വരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്‌ഥരും നേതാക്കളും ഇതിനെ പ്രോത്സാഹിപ്പിച്ചു വരുന്നതായാണു കാണുന്നത്. രാഷ്ട്രീയനേതൃത്വം രാജ്യത്ത് സമാധാനവും സഹിഷ്ണുതയും നിലനിർത്താൻ പരിശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.