ഇസ്രോയ്ക്കു ചരിത്ര നേട്ടം; 20 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ
ഇസ്രോയ്ക്കു ചരിത്ര നേട്ടം; 20 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ
Wednesday, June 22, 2016 1:09 PM IST
ശ്രീഹരിക്കോട്ട: ബഹിരാകാശ ഗവേഷണ രംഗത്ത് അനിഷേധ്യ ശക്‌തിയാണു തങ്ങളെന്ന് വീണ്ടും തെളിയിച്ച് ഐഎസ്ആർഒ. 20 ഉപഗ്രഹങ്ങളെയും പിഎസ്എൽവി സി34 വിക്ഷേപണവാഹനം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സെന്ററിൽ നിന്നുമാണ് വിക്ഷേപിച്ചത്.

ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന കാർട്ടോസാറ്റ് രണ്ട് ആണ് ഉപഗ്രഹശ്രേണിയിൽ മുഖ്യം. ഇതിന് പുറമേ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. വൻകിട രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ് എന്നതാണ് ഇന്ത്യയെ ആശ്രയിക്കാൻ വിദേശകമ്പനികളെ പ്രേരിപ്പിക്കുന്ന ഘടകം.

505 കിലോമീറ്റർ അകലെയായി ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും എത്തിച്ചത്. ഒരേ വിക്ഷേപണ വാഹനമുപയോഗിച്ച് ഭാവിയിൽ വിഭിന്നങ്ങളായ ഉപഗ്രഹങ്ങൾ വ്യത്യസ്ത ഭ്രമണപഥങ്ങളിൽഎത്തിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണമാണിത്. 1288 കിലോഗ്രാമാണ് 20 ഉപഗ്രഹങ്ങളുടെയും കൂടി ആകെ ഭാരം. 2008 ൽ ഒരു വിക്ഷേപണത്തിൽ 10 ഉപഗ്രഹങ്ങൾ ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

2014ൽ റഷ്യ ഉചഋജഞ റോക്കറ്റിൽ 37 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതാണ് ഈ രംഗത്തെ റിക്കാർഡ്. ഈ വർഷം ഇതുവരെ 11 വിദേശ ഉപഗ്രഹങ്ങൾ പിഎസ്എൽവി സി–28, സി–30 എന്നീ റോക്കറ്റുകൾ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത് ആകെ 113 ഉപഗ്രഹങ്ങളാണ്. ഇതിൽ 74 എണ്ണം വിദേശ ഉപഗ്രങ്ങളായിരുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 70 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ തീരുമാനിച്ചതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു.

<ആ>നേട്ടങ്ങളിൽനിന്നു നേട്ടങ്ങളിലേക്ക് ഇസ്രോ

ശ്രീഹരിക്കോട്ട: അമേരിക്കയുടെ 13 ഉപഗ്രഹങ്ങൾ ഉൾപ്പെടെ 20 ഉപഗ്രഹങ്ങളെയാണ് ഇസ്രോ ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്തോനേഷ്യയുടെ ലപാൻ എ3, കാനഡയുടെ എം3 എംസാറ്റ്, ജിഎച്ച്ജിസാറ്റ്–ഡി, ജർമനിയുടെ ബിറോസ്, അമേരിക്കയുടെ സ്കൈ സാറ്റ് തുടങ്ങിയവയാണു ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. ഭൗമ നിരീക്ഷണമാണ് അമേരിക്കയുടെ ഡോവ് ഉപഗ്രഹങ്ങളുടെ പ്രധാന ദൗത്യം.


<ആ>ഗൂഗിളിന്റെ ഉപഗ്രഹം

ഗൂഗിളിന്റെ ഉപകമ്പനിയായ ടെറ ബെല്ലയുടെ സ്കൈസാറ്റ് ജെൻ 2–1 എന്ന ഉപഗ്രവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ഭൗമ ചിത്രങ്ങൾ എടുക്കുകയാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം. 110 കിലോഗ്രാമാണ് ഭാരം.

<ആ>ഇന്ത്യയുടെ റിക്കാർഡ്

2008 ൽ 10 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചതായിരുന്നു ഇക്കാര്യത്തിൽ ഇന്ത്യയുടെ റിക്കാർഡ്. ഇപ്പോൾ അത് നാം മറികടന്നു.

2015 ജൂലൈയിൽ അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ പിഎസ്എൽവി സി–28 ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 1439 കിലോഗ്രാം ഭാരമുണ്ടായിരുന്നു ഉപഗ്രഹങ്ങൾക്ക്. ആദ്യമായിട്ടായിരുന്നു പിഎസ്എൽവി ഇത്രയും ഭാരം വഹിച്ചത്.

<ആ>രണ്ട് ’കുട്ടി ഉപഗ്രങ്ങൾ‘

ഇന്ത്യയിലെ രണ്ടു സർവകലാശാലകളിലെ വിദ്യാർഥികൾ നിർമിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. പൂന കോളജ് ഓഫ് എൻജിനിയറിംഗിലെ വിദ്യാർഥികൾ നിർമിച്ച സ്വയവും, ചെന്നൈ സത്യഭാമ സർവകലാശാല നിർമിച്ച സത്യഭാമ സാറ്റുമാണു പിഎസ്എൽവി സി34 ഇന്നലെ ഭ്രമണപഥത്തിലെത്തിച്ചത്. സത്യഭാമ സാറ്റിന് ഒന്നരകിലോയാണു ഭാരമെങ്കിൽ സ്വയത്തിന് ഒരു കിലോയിൽ താഴെയാണ് ഭാരം.

ഹരിതഗൃഹ വാതകങ്ങൾ നിരീക്ഷിക്കുകയെന്ന ദൗത്യവുമായാണു സത്യഭാമ വിക്ഷേപിച്ചതെങ്കിൽ ഹാം റേഡിയോ ഗ്രൂപ്പുകൾക്കു സന്ദേശമയയ്ക്കുകയെന്നതാണു സ്വയത്തിന്റെ ദൗത്യം.

<ആ>റിക്കാർഡ് റഷ്യയ്ക്ക്

ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഒറ്റയടിക്കു വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന്റെ റിക്കാർഡ് റഷ്യക്കാണ്. 2014 ൽ അവർ 37 ഉപഗ്രഹങ്ങളാണ് ഒറ്റയടിക്കു ഭ്രമണപഥത്തിൽ എത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.