ദേശീയ വിദ്യാഭ്യാസ നയം: കരടിൽ കല്ലുകടി
ദേശീയ വിദ്യാഭ്യാസ നയം: കരടിൽ കല്ലുകടി
Wednesday, June 22, 2016 1:09 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിനായി വിദഗ്ധ സമിതി സമർപ്പിച്ച കരട് റിപ്പോർട്ടിനെച്ചൊല്ലി കേന്ദ്ര സർക്കാരിനു മുന്നിൽ അവ്യക്‌തതകളും തർക്കങ്ങളും. കരടു റിപ്പോർട്ട് ചോർന്നതിനെത്തുടർന്നു നയരൂപീകരണം വൈകും. ഇതോടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ സംസ്‌ഥാനങ്ങളുടെ കൈയിലേക്ക് വിദ്യാഭ്യാസനയത്തിന്റെ കരടു രേഖ ഉടൻ എത്തില്ലെന്നും വ്യക്‌തമായി.

അതിനുപുറമേ, മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിലുള്ള സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലെ പല പ്രധാന നിർദേശങ്ങളും 2009ലെ വിദ്യാഭ്യാസ അവകാശ നിയമവുമായി ഒത്തു പോകാത്തതും നിയമഭേദഗതിയെ ലക്ഷ്യംവച്ചു കൊണ്ടുള്ളതുമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായെന്നു റിപ്പോർട്ടിൽ വിമർശിക്കുന്നു. ന്യൂനപക്ഷ സ്‌ഥാപനങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽനിന്നുള്ളവർക്ക് 25 ശതമാനം സംവരണത്തിലൂടെ സൗജന്യ പ്രവേശനം നൽകണമെന്നും നിർദേശിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തി മതം, ഭാഷ എന്നിവയുടെ അടിസ്‌ഥാനത്തിൽ അനുവദിക്കപ്പെട്ട സ്കൂളുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടെന്നു കുറ്റപ്പെടുത്തുന്ന ഭാഷയിലാണു റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ ഉടമസ്‌ഥതയിലുള്ള സ്കൂളുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു സംവരണം നൽകണമെന്നതു പാലിക്കപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. സാമൂഹ്യ പരിഷ്കർത്താക്കൾ എന്ന നിലയിൽ കടന്നുകയറി വിദ്യാഭ്യാസരംഗം കൈയടക്കുകയാണെന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങൾ മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിന്റെ 74, 75, 76 പേജുകളിലാണുള്ളത്.

വിദ്യാഭ്യാസ അവകാശ നിയമത്തെ ഒരു വിഭാഗം ശ്രേഷ്ഠമെന്നു വിലയിരുത്തുമ്പോഴും ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ വർഗീയവത്കരിച്ചു എന്ന ആക്ഷേപം ശക്‌തമായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ കേന്ദ്രത്തിനു സമർപ്പിച്ചിരിക്കുന്ന കരടു നയത്തിലെ നിർദേശങ്ങൾ നടപ്പാക്കുകയാണെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യേണ്ടി വരും.

അതിനിടെ, കേന്ദ്രമന്ത്രാലയം വിദ്യാഭ്യാസനയത്തിന്റെ കരടു രൂപം പൂർണമായും സംസ്‌ഥാനങ്ങൾക്കു നൽകില്ലെന്നും സംക്ഷിപ്തരൂപം മാത്രം നൽകി വിവാദങ്ങളൊഴിവാക്കാനുള്ള നീക്കമാണു നടക്കുന്നത്.


ഇതിനു മുന്നോടിയായി സംസ്‌ഥാനങ്ങൾക്കുകൂടി പ്രാതിനിധ്യമുള്ള കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുടെ യോഗം വിളിച്ചു ചേർക്കും. ഈ യോഗത്തിൽ കരടു നയത്തിലെ ശിപാർശകൾ ചർച്ച ചെയ്തു തീരുമാനമെടുക്കാനാണു സാധ്യത. സംസ്‌ഥാന വിദ്യാഭ്യാസമന്ത്രിമാർ കൂടി ഉൾപ്പെട്ട സമിതിയാണിത്.

കഴിഞ്ഞ മേയ് 27നാണ് അഞ്ചംഗ സമിതി വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചത്. എന്നാൽ, ഇപ്പോൾ മന്ത്രാലയത്തിന് ഈ റിപ്പോർട്ടിൻമേൽ എന്തു നടപടിയെടുക്കണമെന്ന ആശയക്കുഴപ്പം അതിരൂക്ഷമായുണ്ട്. സമിതി കരടു റിപ്പോർട്ടിലൂടെ മുന്നോട്ടുവച്ചിരിക്കുന്ന ശിപാർശകളും മറ്റും ഔദ്യോഗികമായി പരസ്യപ്പെടുത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനാൽ തുടർപ്രവർത്തനങ്ങൾ ആശങ്കയിലാണ്.

<ആ>അവകാശങ്ങളെ വെട്ടിച്ചുരുക്കുന്ന വിദ്യാഭ്യാസ നയം


ന്യൂഡൽഹി: കരടു നിർദേശങ്ങളനുസരിച്ച് പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയാൽ വിദ്യാഭ്യാസ അവകാശ നിയമവുമായി കൊമ്പു കോർക്കും. 2009ൽ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമായിട്ടുള്ള കരടു നയത്തിലെ നിർദേശങ്ങൾ ഇവയാണ്.

വിദ്യാഭ്യാസ അവകാശ നിയമത്തെ വെട്ടിച്ചുരുക്കി കാതലായ മാറ്റങ്ങൾ വരുത്തണം.

കാര്യക്ഷമമല്ലാത്ത കാര്യക്ഷമമല്ലെന്നു തോന്നുന്ന ചെറിയ സ്കൂളുകളെ ഏകീകരിച്ചു ലയിപ്പിക്കണം.

ന്യൂനപക്ഷ സ്‌ഥാപനങ്ങളിൽ സാമ്പത്തിക പിന്നോക്ക മേഖലയ്ക്ക് 25 ശതമാനം സൗജന്യ സംവരണം.

വിദ്യാഭ്യാസ ഗുണനിലവാരത്തിനു മുൻതൂക്കം നൽകി സ്വകാര്യ സ്കൂളുകളുടെ അടിസ്‌ഥാന സൗകര്യങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവ്.

സ്വകാര്യ സ്കൂളുകൾക്കുള്ള ഇളവുകളിൽ സംസ്‌ഥാന സർക്കാരിനു തീരുമാനമെടുക്കാം.

കാര്യക്ഷമമല്ലെന്നു തോന്നുന്ന ചെറിയ സ്കൂളുകളെ ഏകീകരിച്ചു ലയിപ്പിക്കണമെന്ന നിർദേശം ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകളിൽനിന്നും നടന്നു പോകാവുന്ന ദൂരത്തിൽ സ്കൂളുകൾ വേണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്‌ഥയ്ക്ക് എതിരാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.