കോൺഗ്രസിനെ അഗസ്തയിൽ കുടുക്കുമെന്നു പരീക്കർ
കോൺഗ്രസിനെ അഗസ്തയിൽ കുടുക്കുമെന്നു പരീക്കർ
Friday, May 6, 2016 12:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടിൽ കോൺഗ്രസ് നേതൃത്വത്തെ കുടുക്കുമെന്നു കേന്ദ്രമന്ത്രി ലോക്സഭയിൽ. ബോഫോഴ്സ് അഴിമതിയിൽ തങ്ങൾക്കു ചെയ്യാൻ കഴിയാതെ പോയത് അഗസ്തയിൽ ചെയ്യുമെന്നാണ് ഇന്നലെ ഇതു സംബന്ധിച്ച ചർച്ചയ്ക്കു ലോക്സഭയിൽ മറുപടി പറയവേ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞത്.

ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും ഇതു സംബന്ധിച്ച് ഇറ്റാലിയൻ കോടതിയിൽനിന്നുള്ള കൂടുതൽ രേഖകൾ എത്തിച്ചേരാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു മന്ത്രി മറുപടിയിൽ പറഞ്ഞത്. കോഴ ആരോപണം ഉയർന്നപ്പോൾ കേസ് സിബിഐക്കു കൈമാറിയെന്ന കോൺഗ്രസിന്റെ വിശദീകരണത്തിൽ കഴമ്പില്ല. അന്നു പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി കേസ് സിബിഐക്കു വിട്ടതു സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

എന്നാൽ, ഇടപാട് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നു രാജ്യസഭയിൽ ഉന്നയിച്ച ആവശ്യം ലോക്സഭയിലും കോൺഗ്രസ് ഇന്നലെ ആവർത്തിച്ചു. കേസ് സുപ്രീംകോടതിയിലേക്കു വിട്ടാൽ അവിടെ ഇപ്പോഴുള്ള കേസുകളെ ബാധിക്കുമെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്. സുപ്രീംകോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടിറങ്ങിപ്പോയി.


അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടിൽ കമ്പനിക്കു കരാർ ലഭ്യമാക്കാൻ യുപിഎ സർക്കാർ ഒത്താശ ചെയ്തു കൊടുത്തതിന്റെ തെളിവും രേഖകളുമുണ്ടെന്നാണു മന്ത്രി പറഞ്ഞത്. മുൻ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയും ഇടനിലക്കാരനായ ഗൗതം ഖേതനും ചെറിയ നേട്ടങ്ങൾ മാത്രമുണ്ടാക്കിയവരാണ്. എന്നാൽ, കോഴയായി ലഭിച്ച കോടികൾ മുഴുവൻ കൈപ്പറ്റിയത് അന്നു ഭരണത്തിലിരുന്ന കോൺഗ്രസ് നേതൃത്വമാണ്.

മോദി സർക്കാർ സിബിഐയെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് ചീഫ് വിപ്പു കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. ഇടപാടിന്റെ തുടക്കം തന്നെ അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ കാലത്താണ്. ഹെലികോപ്റ്ററുകളുടെ പറക്കൽ ഉയരപരിധി 6000 മീറ്ററിൽനിന്നു 4500 മീറ്ററായി കുറയ്ക്കാൻ നിർദേശിച്ചതും വാജ്പേയ് സർക്കാരാണ്. കോഴ ആരോപണം ഉയർന്നപ്പോൾ യുപിഎ സർക്കാർ കേസ് സിബിഐക്കു വിടുകയായിരുന്നു. അഗസ്ത വെസ്റ്റ്ലാൻഡ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതും യുപിഎ സർക്കാരാണെന്നും സിന്ധ്യ വ്യക്‌തമാക്കി. ബിജെപി പക്ഷത്തുനിന്ന് അനുരാഗ് ഠാക്കൂർ, കിരിത് സോമയ്യ, നിഷികാന്ത് ദുബെ, തൃണമൂലൽ കോൺഗ്രസിന്റെ സൗഗത റോയ് എന്നിവരും വിഷയത്തിൽ സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.