സിബിഎസ്ഇ: തിരുവനന്തപുരം മേഖലയില്‍ 99.77 % വിജയം
Friday, May 29, 2015 11:42 PM IST
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ളാസ് ഫലം പ്രസിദ്ധീകരിച്ചു. പ്ളസ്ടു പരീക്ഷാഫലത്തിലെന്നപോലെ തിരുവനന്തപുരം മേഖലയാണു പത്താം ക്ളാസ് വിജയത്തിലും മുന്നില്‍ -99.77 ശതമാനം. സമ്പൂര്‍ണ ജയത്തിന് വെറും 0.33 ശതമാനം കുറവ.്

എന്നാല്‍, ദേശീയ തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയം ഒന്നരശതമാനം കുറവാണ്. ഈ വര്‍ഷം 97.32 ശതമാനം വിദ്യാര്‍ഥികള്‍ വിജയം നേടി. കഴിഞ്ഞ വര്‍ഷം 98.87 ആയിരുന്നു വിജയശതമാനം.

പരീക്ഷയില്‍ ആണ്‍കുട്ടികളേക്കാള്‍ മികവു പുലര്‍ത്തിയത് പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളില്‍ 97.82 ശതമാനവും ആണ്‍കുട്ടികളില്‍ 96.98 ശതമാനവുമാണ് ഈവര്‍ഷം ജയിച്ചത്.

ഈ വര്‍ഷം 13,73,853 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍

94,474 പേര്‍ പൂര്‍ണ ഗ്രേഡായ 10 സിജിപിഎ (ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) നേടി. ആകെ വിജയത്തില്‍ പെണ്‍കുട്ടികള്‍ മുന്നിലെത്തിയെങ്കിലും 10 ഗ്രേഡ് നേടിയവരില്‍ ആണ്‍കുട്ടികളാണു മുന്നില്‍. 49.392 ആണ്‍കുട്ടികളും 45,082 പെണ്‍കുട്ടികളും സമ്പൂര്‍ണ ഗ്രേഡ് നേടി. പത്തില്‍ പത്തും നേടിയവരില്‍ ഭൂരിപക്ഷം ചണ്ഡിഗഡ് മേഖലയിലാണ്-15,479 വിദ്യാര്‍ഥികള്‍.


സിബിഎസ്ഇ പത്ത്, 12 പരീക്ഷകളില്‍ ദേശീയ തലത്തില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത് അഭിമാനകരമായ നേട്ടമാണെന്നു കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിരാ രാജന്‍ കൊച്ചിയില്‍ പറഞ്ഞു. കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്ന വിധത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളില്‍നിന്ന് ഉണ്ടാകുമ്പോള്‍ അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടുപോകാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു കേരളത്തിലെ സിബിഎസ്ഇ പ്രസ്ഥാനങ്ങള്‍ക്കു സാധിച്ചു. യാതൊരുവിധ മോഡറേഷനോ ഗ്രേഡ് മാര്‍ക്കോ ഇല്ലാതെ കഠിനാധ്വാനത്തിലൂടെയാണു കുട്ടികള്‍ വന്‍ വിജയം കൈവരിച്ചത്. ഇതു കേരളത്തിനാകെ അഭിമാനകരമാണെന്നും ഡോ. ഇന്ദിരാരാജന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.