സ്ത്രീവിരുദ്ധ പരാമര്‍ശം: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് മാപ്പു പറഞ്ഞു
Tuesday, April 21, 2015 12:16 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: സോണിയഗാന്ധിക്കെതിരേ വംശീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ലോക്സഭയില്‍ മാപ്പു പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഉയര്‍ത്തിയ വലിയ ബഹളത്തില്‍ ലോക്സഭ സ്തംഭിച്ചതിനെത്തുടര്‍ന്നാണു മന്ത്രി ഗിരിരാജ് മാപ്പുപറഞ്ഞത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യദിനം തന്നെ സോണിയയ്ക്കെതിരേയുള്ള പരാമര്‍ശത്തിലും ഭൂമി ഏറ്റെടുക്കല്‍ ബില്‍ വീണ്ടും അവതരിപ്പിച്ചതിനും എതിരേയുള്ള പ്രതിപക്ഷ ബഹളത്തില്‍ ലോക്സഭ ഉച്ചവരെ സ്തംഭിച്ചു. മന്ത്രി രാജീവ് പ്രതാപ് റൂഡിയാണു ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനു പകരമായുള്ള ബില്‍ ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചത്. ഇതിനെതിരേ കോണ്‍ഗ്രസ് എംപിമാര്‍ വലിയ ബഹളം ഉയര്‍ത്തി. ബില്ലിന്റെ കോപ്പി സിപിഎമ്മിലെ എ. സമ്പത്ത് കീറിയെറിഞ്ഞു.

തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ഗിരിരാജ് സിംഗിന്റെ പ്രസ്താവന സ്വീകാര്യമല്ലെന്നു സ്പീക്കര്‍ സുമിത്ര മഹാജനും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവും രാവിലെതന്നെ ലോക്സഭയില്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നു മന്ത്രി നായിഡു പറഞ്ഞു. സോണിയഗാന്ധിക്കെതിരേ മന്ത്രി നടത്തിയ മോശം പ്രസ്താവനയെക്കുറിച്ചു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കെ.സി. വേണുഗോപാല്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.


വംശീയവും സ്ത്രീവിരുദ്ധവുമായ അതിഗുരുതര അധിക്ഷേപമാണു ഗിരിരാജ് നടത്തിയിരിക്കുന്നതെന്നു രാവിലെ വിഷയം ആദ്യം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഇതേപ്പറ്റി വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

ബഹളത്തെത്തുടര്‍ന്നു രാവിലെ മൂന്നു തവണ ലോക്സഭ സ്തംഭിച്ചു. ഉച്ചകഴിഞ്ഞു രണ്ടിനു വീണ്ടും ചേര്‍ന്നപ്പോള്‍ മന്ത്രി ക്ഷമാപണം നടത്തി. സോണിയഗാന്ധിയുടെ തൊലി വെളുത്തതായതിനാലാണ് അവരെ കോണ്‍ഗ്രസ് നേതാവാക്കിയതെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ഇന്നലെ പാര്‍ലമെന്റ് സമ്മേളിച്ചയുടന്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി എഴുന്നേറ്റു. രാജീവ് ഗാന്ധി സോണിയഗാന്ധിക്കു പകരം ഒരു നൈജീരിയക്കാരിയെയാണു ജീവിത സഖിയാക്കിരുന്നതെങ്കില്‍ അവരെ നേതാവായി കോണ്‍ഗ്രസ് പരിഗണിക്കുമോയെന്നും ഗിരിരാജ് ചോദിച്ചിരുന്നു. ഇതിനെതിരേയുള്ള ബഹളത്തില്‍ ലോക്സഭ തുടര്‍ച്ചയായി സ്തംഭിച്ചതിനെത്തുടര്‍ന്നായിരുന്നു ക്ഷമാപണം.

ബിഹാറിലെ നവാദ മണ്ഡലത്തില്‍നിന്നു ലോക്സഭയിലെത്തിയ ബിജെപിക്കാരനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമാണു കടുത്ത ഹിന്ദുത്വവാദിയായ ഗിരിരാജ് സിംഗ്. മോദിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനില്‍ പോയി ജീവിക്കട്ടെ എന്നു 2014 ഏപ്രില്‍ 19നു ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പു റാലിയില്‍ ഗിരിരാജ് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഇതടക്കം വിവാദ പ്രസ്താവനകള്‍ നടത്തിയതിന് ഗിരിരാജിനെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.