ചില്ലിക്കാശും തട്ടിയെടുത്ത് ദുർബലരെ വീഴ്ത്തരുത്
Saturday, February 1, 2025 12:00 AM IST
സ്കോളർഷിപ്പും പദ്ധതികളും വെട്ടിക്കുറച്ചതിലൂടെ പിണറായി സർക്കാരും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും മുന്നറിയിപ്പു കൊടുത്ത പ്രതീതിയാണ്. ഇതു വിവേചനമല്ലെങ്കിൽ, അവരുടെ സ്വപ്നങ്ങൾക്കുമേൽ കുത്തിയ കൊടി എടുത്തുമാറ്റുകയാണു വേണ്ടത്.
കിട്ടാവുന്ന കടമൊക്കെ വാങ്ങിക്കൂട്ടിയും ക്ഷേമ പെൻഷനുകൾ മുടക്കിയും മുടന്തിനീങ്ങുന്ന സർക്കാർ ഇപ്പോഴിതാ ന്യൂനപക്ഷ സ്കോളർഷിപ്പിലും ദളിതരുടെ പദ്ധതികളിലും കൈവച്ചിരിക്കുന്നു. സ്കോളർഷിപ്പിൽ 50 ശതമാനവും ദളിത് പദ്ധതികളിൽ 60 ശതമാനവും വെട്ടിനിരത്തി. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ജോസഫ് മുണ്ടശേരിയുടെ പേരിലുള്ളതിലാണ്; 5.24 കോടി രൂപ. അതിപ്പോൾ, 2.62 കോടിയാക്കി. അതേസമയം, എന്തുപയോഗമാണ് ഉണ്ടായതെന്ന് ആർക്കുമറിയില്ലാത്ത ഹെലികോപ്ടറിന്റെ ഒന്പതു മാസത്തെ വാടകയായി 7.20 കോടി രൂപ ഒരുളുപ്പുമില്ലാതെ കൊടുത്തു; ഇനിയും കൊടുക്കും. രണ്ടാം പിണറായി സർക്കാരിന്റെ ഈ വാഹനവ്യൂഹം എങ്ങോട്ടാണ് ലക്കില്ലാതെ പായുന്നത്?
സാന്പത്തിക പ്രതിസന്ധിയാണത്രേ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും കുത്തിനു പിടിക്കാൻ കാരണം. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസ് ഫീ റീ ഇന്പേഴ്സ്മെന്റ്, വിദേശ സ്കോളർഷിപ്പ്, ഐഐടി-ഐഐഎം സ്കോളർഷിപ്പ്, സിഎ-ഐസിഡബ്ല്യുഎ-സിഎസ് സ്കോളർഷിപ്പ്, യുജിസി-നെറ്റ് കോച്ചിംഗ്, ഐടിസി ഫീസ് റീ ഇന്പേഴ്സ്മെന്റ്, മദർ തെരേസ സ്കോളർഷിപ്പ്, എ.പി.ജെ. അബ്ദുൾകലാം സ്കോളർഷിപ്പ് എന്നിവയെ ആശ്രയിച്ചിരുന്നവരുടെ ഭാവി ഇരുട്ടിലായി.
പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങുന്നതിനുമുന്പ്, ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ കൃത്യമായി കൊടുക്കുകയായിരുന്നു എന്നു തെറ്റിദ്ധരിക്കരുത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് 2024-25ലെ പദ്ധതിയിൽ 87.63 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും കൊടുത്തത് വെറും 1.39 ശതമാനമാണെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കണക്കുകൾതന്നെ പറയുന്നുണ്ട്. സിഎ-ഐസിഡബ്ള്യുഎ കോഴ്സ് ചെയ്യുന്നവർക്ക് 97 ലക്ഷം സ്കോളർഷിപ്പിന് വകയിരുത്തിയിട്ട് നയാപൈസ കൊടുത്തിട്ടില്ല.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായ പദ്ധതി, ലൈഫ് മിഷൻ വഴി വീടും ഭൂമിയും നൽകുന്ന പദ്ധതി തുടങ്ങിയവയ്ക്കു വകയിരുത്തിയ തുകയിലെ 50 ശതമാനമാണു വെട്ടിക്കുറച്ചത്. 60 ശതമാനം വെട്ടിക്കുറവാണു പട്ടികജാതി വിഭാഗങ്ങളുടെ ഭവനപദ്ധതിയിൽ മാത്രം വരുത്തിയത്. പട്ടികജാതി കുടുംബങ്ങളിലെ പെണ്കുട്ടികൾക്കുള്ള വിവാഹ ധനസഹായം, അവരുടെ വിദ്യാഭ്യാസവും സാമൂഹിക നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷ്വറൻസ് പദ്ധതിയായ ‘വാത്സല്യ നിധി’ എന്നിവയെല്ലാം അവതാളത്തിലായി. ഇതിൽക്കൂടുതൽ എന്തു ദ്രോഹമാണ് അടിസ്ഥാന വർഗത്തോട് ഈ സർക്കാരിനു ചെയ്യാനുള്ളത്? പിന്നിൽനിന്നു കുത്തിയ ഈ ഇടതുമോഡൽ മറ്റു സംസ്ഥാനങ്ങൾ പിന്തുടരാതിരിക്കട്ടെ! ഇതിപ്പോൾ സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരായതുകൊണ്ട്, ന്യൂനപക്ഷ വിരുദ്ധതയെന്നോ ദളിത് വിരുദ്ധതയെന്നോ പറയാൻ എൽഡിഎഫിലും ആരുമില്ല. കേന്ദ്രമായാലും സംസ്ഥാനമായാലും രാജ്യത്തെ ന്യുനപക്ഷങ്ങൾക്കും ദളിതർക്കും കരണത്താണ് കരുതൽ..!
വിദേശ രാജ്യങ്ങളിലേതുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിത്തിൽ ഉറപ്പുവവരുത്തുമെന്ന് രണ്ടാഴ്ച മുന്പാണ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊച്ചിയിൽ പറഞ്ഞത്. രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിലായിരുന്നു പ്രസംഗം. പിന്നെ കേട്ടത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അദ്ദേഹം പകുതിയാക്കി വെട്ടിക്കുറച്ചെന്നാണ്. ഇതിനിടെ വിദ്യാഭ്യാസ ഗുണനിലവാരത്തിൽ കേരളം താഴോട്ടാണെന്ന് സന്നദ്ധ സംഘടനയായ ‘പ്രഥം’ പുറത്തുവിട്ട ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷൻ റിപ്പോർട്ടിൽ പറയുന്നു.
അതായത്, വൃത്തിയായി വായിക്കാനോ കണക്ക് ചെയ്യാനോ പ്രാപ്തരായ കുട്ടികളുടെ എണ്ണം കേരളത്തിൽ കുറവാണെന്ന്. വായ്പയെടുക്കാനെങ്കിലും നിവൃത്തിയുള്ളവർ ഉന്നത വിദ്യാഭ്യാസത്തിനായി നാടു വിട്ടുകഴിഞ്ഞു. മൂത്തുനരച്ച വിദ്യാർഥി സംഘടനാ നേതാക്കളുടെ അക്രമാഭ്യാസങ്ങൾ കലാലയങ്ങളെയും അടിപൊളിയാക്കി. ഇപ്പോഴിതാ, പഠിക്കാൻ താത്പര്യവും മികവും പുലർത്തുന്ന ന്യൂനപക്ഷ, ദളിത് വിദ്യാർഥികളുടെ സ്കോളർഷിപ്പ് സ്വപ്നത്തിലും കൊടി കുത്തിയിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും ന്യൂനപക്ഷവകുപ്പ് മന്ത്രി വി. അബ്ദു റഹ്്മാനും പട്ടികജാതി വകുപ്പ് മന്ത്രി ഒ.ആർ. കേളുവുമൊക്കെ ഇതുവല്ലതും അറിയുന്നുണ്ടോ?
വിദ്യാഭ്യാസച്ചെലവുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ യഥാർഥത്തിൽ ഓരോ വർഷവും സ്കോളർഷിപ്പുകൾ വർധിപ്പിക്കേണ്ടിടത്താണ് സർക്കാർ ഉള്ളതും ഇല്ലാതാക്കിയത്. സാന്പത്തികസ്ഥിതി ഇത്ര ശോചനീയമാണെങ്കിൽ നിങ്ങളുടെ ധൂർത്തും വിദ്യാഭ്യാസ കോൺക്ലേവുകളും സമ്മേളനങ്ങളും വാഹനവ്യൂഹങ്ങളും പൊങ്ങച്ച സദസുകളുമൊക്കെ നിയന്ത്രിക്കൂ. ജനപ്രതിനിധികളുടെ അലവൻസുകളിൽ ചിലതെങ്കിലും കുറയ്ക്കാവുന്നതല്ലേ? പണം വിഴുങ്ങുന്ന അനാവശ്യ നിയമനങ്ങൾ കണ്ടെത്താൻ ഒരു കമ്മീഷനെ വയ്ക്കൂ. പാർട്ടിക്കാർ പ്രതികളാകുന്ന കേസുകളിൽ രക്ഷിക്കാനും പ്രതിപക്ഷ നേതാക്കൾ പ്രതികളാകുന്നിടത്ത് ശിക്ഷിക്കാനുമൊക്കെ ചെലവാക്കിയ കോടികൾ ജനാധിപത്യത്തിനുതന്നെ അപമാനമാണ്. ക്ഷേമ പെൻഷനുകളും സ്കോളർഷിപ്പുകളുംപോലും കൊടുക്കാനാവാത്ത നവകേരളമോ?
ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതരും തികഞ്ഞ ആശങ്കയിലാണ്. ഭൂരിപക്ഷ രാഷ്ട്രീയാധികാരം കവർന്നെടുത്ത അവകാശങ്ങളും രാജ്യമൊട്ടാകെ അഴിച്ചുവിട്ട അക്രമങ്ങളും നിന്ദാപമാനങ്ങളും അവരുടെ പൗരത്വത്തെ ഇകഴ്ത്തുകയാണ്. കേരളം, ആശ്വാസത്തുരുത്താണെന്ന് ചിലരെങ്കിലും കരുതിയിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള അവസാനത്തെ കച്ചിത്തുരുന്പും എടുത്തു മാറ്റിയ പിണറായി സർക്കാരും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആപത് സൂചന കൊടുത്ത പ്രതീതിയാണ്. ഇതു വിവേചനമല്ലെങ്കിൽ, അവരുടെ സ്വപ്നങ്ങൾക്കുമേൽ കുത്തിയ കൊടി എടുത്തു മാറ്റിയാലും.