സമൂഹമാധ്യമങ്ങളിലെ കൂട്ടമാനഭംഗങ്ങൾ
Thursday, January 9, 2025 12:00 AM IST
സമൂഹമാധ്യമങ്ങളിലെ മാനഭംഗക്കാരുടെയും കമന്റുകളുമായി പിന്നാലെയെത്തുന്ന
കൂട്ടമാനഭംഗക്കാരുടെയും അശ്ലീലയുദ്ധം അതിരു കടന്നു. ഇതിനെ നേരിടാനുള്ള കരുത്ത് സമൂഹത്തിനും സർക്കാരിനും ഇല്ലാതെവന്നപ്പോഴാണ് ഒരു വനിത തിരിഞ്ഞുനിന്നത്.
‘ദി അക്യുസ്ഡ്’ 1988ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ്. ബാറിൽ കൂട്ടമാനഭംഗത്തിനിരയായ 24കാരിയായ സാറ തോബിയാസാണ് കഥാനായിക. മാനഭംഗത്തിനിരയാകുന്ന സ്ത്രീകളുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നോ എന്നത്, മാനഭംഗത്തെക്കാൾ വലിയ കുറ്റമായോ പ്രതിക്ക് അനുകൂല ഘടകമായോ കണക്കാക്കുന്ന പൊതുബോധത്തെയാണ് സിനിമ ചോദ്യം ചെയ്തത്. അതൊരു കെട്ടുകഥയായിരുന്നില്ല.
1983ൽ മസാച്ചുസെറ്റ്സിലെ ബെഡ്ഫോർഡിലുള്ള ഭക്ഷണശാലയിൽ കൂട്ടമാനഭംഗത്തിനിരയായ ചെറിൽ ആൻ അരായോ എന്ന പോർച്ചുഗീസ്-അമേരിക്കൻ വനിതയുടെ കേസാണ് അടിസ്ഥാനം. സ്ത്രീവിരുദ്ധതയുടെയും അറപ്പുളവാക്കുന്ന ഭാഷയുടെയും വക്താക്കൾ സമൂഹമാധ്യമങ്ങളിൽ നിറയുന്പോൾ 37 വർഷം പഴക്കമുള്ള സിനിമയ്ക്ക് കേരളത്തിൽ പ്രസക്തിയുണ്ട്. സ്വന്തം വീട്ടിലുള്ളവരൊഴികെ മറ്റൊരു സ്ത്രീയെയും മാനിക്കാത്ത ഈ മാനഭംഗക്കാരെ തടയേണ്ടതുണ്ട്.
സാറ തോബിയാസിന്റെയും അറ്റോർണിയുടെയും സംഭാഷണം ഇങ്ങനെ:
അറ്റോർണി: നിങ്ങൾ എങ്ങനെയാണ് വസ്ത്രം ധരിച്ചിരുന്നത്?
സാറ: ഈ ചോദ്യം കൊണ്ട് നിങ്ങൾ എന്താണ് അർഥമാക്കുന്നത്?
അറ്റോർണി: അതിനർഥം നിങ്ങൾ പ്രകോപനപരമായിട്ടാണോ വസ്ത്രം ധരിച്ചത്, മാറിടം കൂടുതൽ പ്രദർശിപ്പിച്ചിരുന്നോ, ബ്ലൗസ് നേർത്തതായിരുന്നോ എന്നൊക്കെയാണ്.
സാറ: എന്റെ വസ്ത്രധാരണമാണോ നിങ്ങളുടെ പ്രശ്നം. അവർ എന്റെ വസ്ത്രം വലിച്ചുകീറുകയായിരുന്നു.
അറ്റോർണി: അതല്ല, നിങ്ങളുടെ വസ്ത്രധാരണം, നിങ്ങളുമായി ലൈംഗിക ബന്ധത്തിന് അവർക്കു പ്രേരണയായോ എന്നാണ് ചോദിച്ചത്...
സ്ത്രീയെ മാനഭംഗപ്പെടുത്താനും പ്രതിയെ ന്യായീകരിക്കാനും അവരുടെ വേഷത്തെ ഉപയോഗിക്കാമെന്നു കരുതിയ അമേരിക്കൻ പൊതുബോധത്തിൽ സാധാരണക്കാരും നിയമപാലകരും കോടതികളുമൊക്കെ ഭാഗമായിരുന്നു. അമേരിക്കയിൽ സാറ നേരിട്ട ചോദ്യങ്ങൾ എട്ടു വർഷത്തിനുശേഷം കേരളത്തിൽ സൂര്യനെല്ലിയിലെ പെൺകുട്ടിയോടു കേരളം മറ്റുവിധത്തിൽ ചോദിച്ചു; അതിൽ നിയമം സംരക്ഷിക്കേണ്ടവരുമുണ്ടായിരുന്നു. അവളുടെ സ്വഭാവം നല്ലതായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
40 ദിവസം 42 പേർ പീഡിപ്പിച്ചപ്പോൾ ഓടി രക്ഷപ്പെട്ടുകൂടായിരുന്നോ, മാനഭംഗക്കാരെ പ്രകോപിപ്പിക്കുന്ന സ്വഭാവമായിരുന്നില്ലേ അവൾക്ക്... എന്നിങ്ങനെ. പക്ഷേ, കൊടുംക്രൂരരായ കുറ്റവാളികൾ കൂട്ടമാനഭംഗം നടത്തിയത് തങ്ങളുടെ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ഒരു പെൺകുഞ്ഞിനെ ആയിരുന്നെങ്കിൽ ആ ചോദ്യങ്ങളുണ്ടാകില്ല. അപ്പോൾ നീതിബോധവും ഇരയോടുള്ള മനോഭാവവും മനുഷ്യത്വത്തിന്റെ പുരോഗമനവേഷമണിയും. 2017ൽ തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെടുകയും ദൃശ്യങ്ങൾ പകർത്തപ്പെടുകയും ചെയ്തപ്പോഴും ഇതേ ചോദ്യങ്ങളുണ്ടായി. അവരുടെ വേഷം, അസമയത്തെ യാത്ര, പ്രകോപനപരമായ ഇടപെടലുകളുടെ ചരിത്രം... സൂര്യനെല്ലി പെൺകുട്ടിയെപ്പോലെ നടിയും സദാചാര ഗുണ്ടകളുടെ ആരുമല്ലായിരുന്നു!
സമൂഹമാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത പലവിധത്തിലാണ്. ചിലർ സ്ത്രീകളുടെ വേഷത്തെയും ശരീരഘടനയെയും ‘സഹിക്കാ’നാവാത്തത്ര രോഗികളാണ്. അവർ ഫോട്ടോകൾക്കും കുറിപ്പുകൾക്കും ചുവട്ടിൽ അറപ്പുളവാക്കുന്ന പ്രതികരണമിടും. മറ്റു ചിലർ, തങ്ങൾക്കിഷ്ടമില്ലാത്തവരുടെ അഭിപ്രായങ്ങളെ ആശയപരമായി നേരിടാൻ ശേഷിയില്ലാതെ എതിരാളിയുടെ വീട്ടിലുള്ള സ്ത്രീകളെ ആക്ഷേപിക്കും.
സമൂഹമാധ്യമങ്ങളിലെ മാനഭംഗങ്ങളാണിത്. വ്യക്തികളെക്കുറിച്ചോ സംഘടനകളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ ഇതര മതങ്ങളെക്കുറിച്ചോ അടിസ്ഥാനമില്ലാത്ത കുറിപ്പുകൾ ഷെയർ ചെയ്ത് നിർവൃതി അടയുന്നവരുടെ സാഹോദര്യം പങ്കുവയ്ക്കുന്നവരാണ് ഈ മാനഭംഗക്കാരും. ഷെയർ ചെയ്ത കുറിപ്പുകൾ വ്യാജമായിരുന്നെന്നു തിരിച്ചറിഞ്ഞാലും ഇത്തരക്കാർ തിരുത്തില്ല.
പരിഷ്കൃത ലോകത്തിനെതിരേയുള്ള ഈ ആക്രമണത്തെ നേരിടാൻ സമൂഹത്തിനും സർക്കാരിനും കൂടുതൽ പരിഷ്കൃത ചിന്തയും, പോലീസിനും സൈബർ സെല്ലിനും കൂടുതൽ സാങ്കേതികമികവും ആവശ്യമാണ്. മാന്യമായ വേഷം ധരിക്കുന്നത് നല്ലതാണ്. പക്ഷേ, മറ്റുള്ളവരെ നല്ല വേഷം കെട്ടിക്കാനും കംഗാരു കോടതിയാകാനും ശ്രമിക്കേണ്ടതില്ല.
ശരീരഘടനയെക്കുറിച്ച് പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നുള്ള കേരള ഹൈക്കോടതിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവും ശ്രദ്ധേയമാണ്. ദ്വയാർഥ പ്രയോഗമുള്ള പരാമർശങ്ങൾക്കും എപ്പോഴും സുരക്ഷയുണ്ടാകണമെന്നില്ല. ‘ദി അക്യൂസ്ഡ്’ എന്ന സിനിമയിൽ മാനഭംഗക്കാർക്കൊപ്പം ശിക്ഷിക്കപ്പെടുന്ന മറ്റൊരു കൂട്ടരുണ്ട്. മാനഭംഗത്തെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചവർ! കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും അവരും ശിക്ഷിക്കപ്പെടേണ്ടവരാണെന്ന് കോടതി കണ്ടെത്തി.
അമേരിക്കൻ സിനിമയുമായി അത്ര സാമ്യമില്ലെങ്കിലും കേരളത്തിലും ഇപ്പോൾ അശ്ലീല-ദ്വയാർഥ പരാമർശക്കാർക്കെതിരേ ഒരു വനിത തിരിഞ്ഞുനിന്നിട്ടുണ്ട്. അതോടെ സർക്കാരിനു നടപടിയെടുക്കേണ്ടിവന്നു. അവർ പറയുന്നത്, തന്റെ പേര് മറച്ചുവയ്ക്കേണ്ടതില്ല എന്നാണ്.
ആത്മവിശ്വാസത്തോടെ വീണ്ടും പറയുന്നു: “ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദിയല്ല.” സമൂഹമാധ്യമങ്ങളിലെ മാനഭംഗക്കാർക്ക് ഈ വാക്കുകളുടെ അർഥമറിയില്ലെങ്കിൽ മനസിലാക്കിക്കൊടുക്കാനുള്ള ചുമതല പോലീസും കോടതിയും ഏറ്റെടുക്കണം.