പലസ്തീനിൽ തീവ്രവാദമാണു തടസം
Tuesday, January 21, 2025 12:00 AM IST
ഗാസയിൽ വെടിയൊച്ച നിലച്ചിരിക്കുന്നു. ഹമാസ് എന്ന തീവ്രവാദ പ്രസ്ഥാനത്തെ ഒഴിവാക്കി ദ്വിരാഷ്ട്ര പരിഹാരത്തിനു വീണ്ടുമൊരു ശ്രമം നടത്താൻ ഇതാണു സമയം.
സമകാലിക ചരിത്രത്തിലെ ഏറ്റവും വേദനാജനകമായൊരു യുദ്ധത്തിന്റെ വെടിയൊച്ച നിലച്ചതിന്റെ ആശ്വാസത്തിലാണ് ലോകം. ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാറിനെത്തുടർന്ന്, കോൺക്രീറ്റ് കൂനകളായി അപനിർമിക്കപ്പെട്ട ഗാസയിലേക്ക് പലസ്തീനികൾ മടങ്ങുകയാണ്. ഒരിക്കൽ തങ്ങളുടെ വീടുകൾ ഉണ്ടായിരുന്നിടം എന്നു മാത്രമേ അവർക്ക് ആശ്വസിക്കാനുള്ളൂ.
അതൊക്കെ പുനർനിർമിക്കാൻ ലോകത്തിനു സഹായിക്കാനാകും. പക്ഷേ, ഇസ്രയേലിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട 47,000 മനുഷ്യരെയും ഹമാസിന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 1200 ഇസ്രേലികളെയും നിരവധി സൈനികരെയും തിരികെയെത്തിക്കാനാവില്ല. കെട്ടിടങ്ങളുടെ പുനർനിർമാണം മാത്രമല്ല, ഗാസയുടെ സമാധാനത്തിനായുള്ള പുനർനിർമാണവും നടക്കേണ്ടതുണ്ട്.
ഹമാസ് എന്ന തീവ്രവാദ പ്രസ്ഥാനത്തെ ഒഴിവാക്കി ദ്വിരാഷ്ട്ര പരിഹാരത്തിനു വീണ്ടുമൊരു ശ്രമം നടത്താൻ ഇതാണു സമയം. 2023 ഒക്ടോബർ ഏഴിന് ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും 251 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തതോടെ ഇസ്രയേൽ തുടങ്ങിയ മാരകമായ തിരിച്ചടിക്കാണ് 15 മാസങ്ങൾക്കുശേഷം വിരാമമായിരിക്കുന്നത്.
46,913 പേർ കൊല്ലപ്പെട്ടു. ഇതിൽ 55 ശതമാനവും സ്ത്രീകളും കുട്ടികളും വയോജനങ്ങളുമാണ്. ഒന്നേകാൽ ലക്ഷത്തോളമാളുകൾക്കു പരിക്കേറ്റു. കാണാതായിട്ടുള്ള 11,000 പേരിൽ ചിലരെങ്കിലും കൊല്ലപ്പെട്ടിരിക്കാം. ഗാസയിലെ പകുതി കെട്ടിടങ്ങളെങ്കിലും തകർന്നു. ശ്മശാനതുല്യമായ ഭൂമിയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ പലസ്തീനികൾ നീങ്ങുന്ന കാഴ്ച ഹൃദയഭേദകമാണ്.
പക്ഷേ, ഈ യാതനകളുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രയേലിനുമേൽ ചുമത്തുന്നതു പക്ഷപാതപരമായിരിക്കും. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിക്കുകയും പലരെയും കൊല്ലുകയും സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തതോടെ ഇസ്രയേൽ രൂക്ഷമാക്കിയ തിരിച്ചടി ഹമാസിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകളഞ്ഞു.
പ്രമുഖ ഹമാസ് നേതാക്കളെയെല്ലാം ഒളിയിടങ്ങളിൽവച്ച് ഇസ്രയേൽ വധിച്ചു. തീവ്രവാദ സംഘടനകളായ ഹിസ്ബുള്ള ലബനനിൽനിന്നും ഹൂതികൾ യെമനിൽനിന്നും ആക്രമിക്കുകയും ഇറാൻ പിന്തുണ നൽകുകയും ചെയ്തതോടെ ഇസ്രയേൽ അവിടേക്കും യുദ്ധം വ്യാപിപ്പിച്ചു. ലബനനിലും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തോളം ആളുകൾ അഭയാർഥികളാകുകയും ചെയ്തു.
ലബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഇസ്രയേൽ നടത്തിയ വിദൂരനിയന്ത്രിത പേജർ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെട്ടു. 2900 പേർക്കു പരിക്കേറ്റു. ബന്ദികളെ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് ഹമാസ് ചെവികൊടുത്തിരുന്നെങ്കിൽ വെടിനിർത്തൽ മുന്പേ സാധ്യമാകുമായിരുന്നു.
എന്നിട്ടിപ്പോൾ, കല്ലിന്മേൽ കല്ലു ശേഷിക്കാത്ത ഗാസയിൽനിന്നുകൊണ്ട് തോക്കുയർത്തി ഇസ്രയേലിനെ തോല്പിച്ചെന്ന മട്ടിൽ മുദ്രാവാക്യം വിളിക്കുന്ന ഹമാസ് അവിടത്തെ മനുഷ്യർക്ക് വിദൂരഭാവിയിൽ പോലും സമാധാനം കൊടുക്കുമെന്നു കരുതാനാവില്ല. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ തയാറാക്കിയ വെടിനിർത്തൽ കരാർ മൂന്നു ഘട്ടങ്ങളിലായി ആറാഴ്ചകൊണ്ട് പൂർത്തിയാക്കാമെന്നാണ് ധാരണ.
ഇസ്രയേലിലെ വലതുപക്ഷ തീവ്രവാദികൾ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതിനു മുന്പ്, ശാശ്വത പ്രശ്നപരിഹാരത്തിന് യുഎൻ നേതൃത്വം മുൻകൈയെടുക്കേണ്ടതാണ്. ഹമാസ് ഉടനെ തല പൊക്കില്ല. പുതിയൊരു യുദ്ധത്തെ ട്രംപും പിന്തുണയ്ക്കില്ല.
ഹമാസ് തീവ്രവാദികളെ ഒഴിവാക്കിയുള്ള ചർച്ചകൾക്കാണ് ഇനി പലസ്തീൻ പ്രശ്നപരിഹാരത്തിൽ സാധ്യതയുള്ളത്. ഹമാസ് പലസ്തീനികൾക്കുവേണ്ടി പോരാടിയവരാണ്. പക്ഷേ, അവരുടെ അന്തിമലക്ഷ്യം യഹൂദരും ക്രിസ്ത്യാനികളുമില്ലാത്ത ലോകമാണെന്ന് കമാൻഡർ മഹ്മൂദ് അൽ സഹർ ഉൾപ്പെടെ പരസ്യമായി പറഞ്ഞതിനെ ഹമാസ് തള്ളിക്കളഞ്ഞിട്ടുമില്ല.
തങ്ങളുടെ മതം മാത്രം ലോകത്ത് മതിയെന്ന ഇസ്ലാമിക തീവ്രവാദികളുടെ ഈ നിലപാടാണ് നിലവിലുള്ള ഏറ്റവും വലിയ വംശീയത. അത് വംശഹത്യയുടെ ഇന്ധനമാണ്. ഈ വംശീയതയാണ് ഇറാൻ, ഇറാക്ക്, നൈജീരിയ, യെമൻ, സിറിയ, അസർബൈജാൻ, സുഡാൻ തുടങ്ങിയ നിരവധി ഇസ്ലാമിക രാജ്യങ്ങളിൽ ക്രൈസ്തവരെ വംശഹത്യ ചെയ്യുകയും ആട്ടിപ്പായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
ഇത്തരമൊരു തീവ്രവാദ പ്രസ്ഥാനത്തെ അയലത്തു വച്ചുകൊണ്ടിരിക്കാൻ തയാറല്ലെന്നതാണ് ഇസ്രയേൽ നിലപാട്. യഹൂദർ ഇസ്രയേലിനു പുറത്ത് ഒരു പ്രദേശത്തും അവകാശവാദമുന്നയിക്കുകയോ മറ്റു മതസ്ഥരില്ലാത്ത ലോകത്തെക്കുറിച്ചു ചിന്തിക്കുകയോ ചെയ്യുന്നില്ല.
എന്നിട്ടും ഇസ്രയേലിനെ വംശീയവാദികളെന്നു വിളിക്കുകയും ഹമാസിനെ സ്വാതന്ത്ര്യസമര സേനാനികളാക്കുകയും ചെയ്യുന്ന തീവ്രവാദികളുടെ ഇരവാദക്കെണിയിൽ കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും കുടുങ്ങി. അതിനെ കുറെയെങ്കിലും തുറന്നുകാണിക്കാൻ ഈ യുദ്ധകാല ചർച്ചകൾ കാരണമായിട്ടുണ്ട്.
ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ശശി തരൂർ എംപി പറയുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്തത് പ്രീണനരാഷ്ട്രീയത്തിനു ചെറുതായെങ്കിലും പ്രഹരമായി. പലസ്തീനികൾക്കൊപ്പമാണ് ഹമാസിനൊപ്പമല്ല എന്ന ആ നിലപാടാണ് പാലസ്തീൻ പ്രശ്നപരിഹാരം സാധ്യമാകണമെങ്കിൽ ഇനി അവലംബിക്കേണ്ടത്.
കേരളത്തിലെ ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചാലും പലസ്തീൻ വിഷയത്തിൽ ഒരു ചലനവുമുണ്ടാകില്ല. പക്ഷേ, ഈ നാട്ടിലും വളരുന്ന തീവ്രവാദത്തിനു വെള്ളം കോരുന്ന നടപടിയാകും. പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തിയതും ഇത്തരം വെള്ളംകോരികളാണ്.
തീവ്രവാദികളെയും വർഗീയവാദികളെയും എതിർത്താൽ അവരുമായി ബന്ധപ്പെട്ട മതത്തിലുള്ളവർ എതിരാകുമെന്ന രാഷ്ട്രീയ-മാധ്യമ-ബുദ്ധിജീവി ഭയം അല്ലെങ്കിൽ കാപട്യം കേരളത്തിന്റെയും ശാപമാണ്.