‘പദമേതായാലും വാക്യം നന്നായാൽ മതി’ എന്നൊരു പുതുചൊല്ല് ഉണ്ടാക്കേണ്ട കാലമായിരിക്കുന്നു. അക്ഷരത്തെറ്റുകളും പദത്തെറ്റുകളും പരിഹരിച്ചാലും വാക്യത്തെറ്റ് ഒഴിവാകുന്നില്ല. വിവക്ഷിതാർഥം ഉണ്ടാകാതിരിക്കുകയും അവിവക്ഷിതങ്ങൾ വന്നുചേരുകയും ചെയ്യുന്ന സ്ഥിതിവിശേഷം!
അന്വയ ക്രമത്തിലെ പൊരുത്തക്കേട്, അനുചിതപദയോഗം, പൗനരുക്ത്യം, ആശയവ്യക്തത തുടങ്ങി വിവിധ വകുപ്പുകളിൽ പെടുത്താവുന്ന വൈകല്യങ്ങൾ വാക്യരചനയിൽ കടന്നുകൂടുന്നു. ഏതാനും വികൃത വാക്യങ്ങളും അവയുടെ ശരിയായ രൂപവും പരിചയപ്പെടാം.
1. മുഖ്യമന്ത്രി സമ്മേളനസ്ഥലത്ത് വന്നിറങ്ങിയപ്പോൾ പതിവ് മുദ്രാവാക്യം വിളിയോ ആരവമോ കണ്ടില്ല - മുദ്രാവാക്യം വിളിയും ആരവവും ശബ്ദമാകയാൽ കേട്ടില്ല എന്നു ക്രിയ മാറ്റുന്നതാണ് ആശയവ്യക്തതയ്ക്കു നല്ലത്.
2. കുടിവെള്ളവിതരണം ഇന്നു വൈകിട്ടു മാത്രമേ പുനഃസ്ഥാപിക്കാനാവൂ: ജല അഥോറിറ്റി - ജലവിതരണം പുനഃസ്ഥാപിക്കാനാവില്ല. പുനരാരംഭിക്കാനേ കഴിയൂ. പുനഃസ്ഥാപനത്തിനു വീണ്ടും സ്ഥാപിക്കൽ എന്നർഥം.
3. ലൈംഗികാരോപണത്തിൽ കുടുങ്ങിയ മന്ത്രിക്ക് രാജിവയ്ക്കുകയല്ലാതെ വഴികളൊന്നുമില്ല - രാജിവയ്ക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ല എന്നു മതി.
മറ്റ് എന്ന വിശേഷണവും വഴികൾ എന്ന ബഹുവചനവും ആവശ്യമില്ല. വെയ്ക്കുകയല്ല, വയ്ക്കുക എന്നാണു വേണ്ടത്.
4. മൂന്നുവർഷങ്ങളോളം നീണ്ട പ്രണയത്തിന് അന്ത്യംകുറിച്ചുകൊണ്ട് അവർ വിവാഹിതരായി. - വാക്യം വായിച്ചാൽ വിവാഹത്തോടെ പ്രണയത്തിന് അന്ത്യംകുറിച്ചു എന്ന തോന്നലാണ് ഉണ്ടാകുന്നത്. കാത്തിരിപ്പിനാണല്ലോ അന്ത്യം. ആ അർഥം ലഭിക്കണമെങ്കിൽ പ്രണയത്തിന്റെ കാത്തിരിപ്പിന് അന്ത്യംകുറിച്ചുകൊണ്ട് അവർ വിവാഹിതരായി എന്നെഴുതണം.
5. മുൻ ഗുജറാത്ത് മുഖ്യമന്ത്രി ദിലീപ് പരീഖ് അന്തരിച്ചു.- മുൻ ഗുജറാത്തിന് വിശേഷണമായല്ല ചേർക്കേണ്ടത്. മുഖ്യമന്ത്രിക്ക് വിശേഷണമാകണം. ഗുജറാത്ത് മുൻ മുഖ്യമന്ത്രി എന്നായാൽ വാക്യഘടന ശരിയായി.
വാക്യം ശരിയായി പ്രയോഗിച്ചില്ലെങ്കിൽ അർഥം മാറിമറിയുകയോ അവ്യക്തമാകുകയോ ചെയ്യും. വാക്യങ്ങളിൽ പദങ്ങൾ വേണ്ട സ്ഥാനത്ത് നിൽക്കാതിരുന്നാൽ അർഥസന്ദേഹത്തിനു കാരണമാകും.
ചിലപ്പോൾ അർഥവൈരുധ്യവും വരാം. നീണ്ടുനീണ്ടുപോകുന്ന വാക്യങ്ങളാണ് പലപ്പോഴും ആശയത്തെ ധൂമിലമാക്കുന്നത്. വിവക്ഷിതം സന്ദേഹാതീതമായി വ്യക്തമാകണമെങ്കിൽ ഭാഷണവും ഗദ്യരചനയും നന്നാകണം.
ആശയവ്യക്തതയ്ക്കും വായനാസുഖത്തിനും ചെറിയ വാക്യങ്ങളാണു ഫലപ്രദം. ഇവയൊക്കെ സൈദ്ധാന്തികമായി വിവരിക്കുന്നതിനു പകരം നിദർശനങ്ങളിലൂടെ വ്യക്തമാക്കാനാണ് ഈ കുറിപ്പിൽ ശ്രമിച്ചത്.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ