തെറ്റില്ലാതെ ഉച്ചരിക്കാനും എഴുതാനുമുള്ള കഴിവ് ചെറുപ്പത്തിലേ സ്വായത്തമാക്കണം. പിന്നീട് ആർജിക്കാം എന്നു വിചാരിച്ചാൽ ഫലപ്രദമാകണമെന്നില്ല. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ പഴഞ്ചൊല്ല്. പരിചിത പദങ്ങളുടെ ഉച്ചാരണവും എഴുത്തും നന്നായാൽ അപരിചത പദങ്ങൾ ശുദ്ധമാകാൻ അത് പ്രേരണ നൽകും.
എല്ലാവർക്കും പരിചിതമായ പുല്ലിംഗ- സ്ത്രീലിംഗ രൂപങ്ങളാണ് അധ്യാപകൻ- അധ്യാപിക, നായകൻ- നായിക, ബാലകൻ- ബാലിക, ഗായകൻ- ഗായിക മുതലായവ. ഈ പദജോടികളിൽ നിന്നു മനസിലാക്കാവുന്ന ഒരു സംഗതിയുണ്ട്. “കൻ’’ എന്നവസാനിക്കുന്ന പദങ്ങളെ സ്ത്രീലിംഗമാക്കാൻ “ഇക’’ എന്നവസാനിപ്പിച്ചാൽ മതി. അധ്യാപകൻ- അധ്യാപിക.
ഇതുപോലെ ഒരേ വർഗത്തിൽപ്പെട്ട പുതുവാക്കുകൾ സൃഷ്ടിക്കുന്പോൾ ഈ നയം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ അഭിഭാഷകൻ എന്നതിന്റെ സ്ത്രീലിംഗ രൂപം അഭിഭാഷിക എന്നല്ലേ വരൂ. ഗവേഷകൻ എന്നതിന്റെ ഗവേഷിക എന്നും. എന്നാൽ, മാധ്യമങ്ങൾ പ്രചരിപ്പിച്ച സ്ത്രീലിംഗ രൂപങ്ങൾ അഭിഭാഷക, ഗവേഷക എന്നെല്ലാമാണ്. ഇവ പ്രത്യേകം ചേർക്കാൻ സജ്ജമാക്കിയ ഘടന മാത്രമേ ആകുന്നുള്ളൂ.
ഇക്കാര്യം മനസിലാക്കാൻ ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ മതിയാകും. അഭിഭാഷക എന്നത് സ്ത്രീലിംഗ രൂപമാണെങ്കിൽ, അഭിഭാഷകസംഗമം എന്നെഴുതുന്പോൾ സ്ത്രീകളായ അഭിഭാഷകരുടെ സംഗമം എന്നർഥം വരില്ലേ. വിവക്ഷിതം അതല്ലല്ലോ. അഭിഭാഷക സംഗമത്തിൽ സ്ത്രീയും പുരുഷനും പെടുമല്ലോ. ഉദ്ദിഷ്ടാർഥം ലഭിക്കണമെങ്കിൽ അഭിഭാഷിക സംഗമം എന്നു വേണ്ടേ?
ഇത്തരം വസ്തുതകൾ ഗ്രഹിക്കാൻ സൂക്ഷ്മമായ വ്യാകരണ പാണ്ഡിത്യം വേണമെന്നില്ല. ഭാഷാ ബോധവും നിരീക്ഷണ പാടവവും ഉണ്ടായിരുന്നാൽ മതി. ഒരേ സംവർഗത്തിൽപ്പെട്ട വാക്കുകളുടെ നിർമിതിക്ക് പല നിയമം പ്രായോഗികമല്ല എന്നൊരു ലഘുവിധിയേ ഓർത്തിരിക്കേണ്ടതുള്ളൂ. എന്നാൽ ഇവയുടെ ആഴങ്ങൾ അറിയേണ്ടവർക്ക് മഹാ വൈയാകരണന്മാരുടെ തത്ത്വങ്ങളെ ആശ്രയിക്കാം.
‘മുഖ്യസ്ത്രീത്വത്തിലാ എന്ന പ്രത്യയം ചേർന്നിടും വിധൗ പ്രത്യയാംഗ കരാരത്തിൽ മുന്നകാരമികാരമാം എന്ന നിയമ മനുസരിച്ചാണ് അധ്യാപകന്റെ സ്ത്രീലിംഗ രൂപം അധ്യാപികയാണെന്ന് നിശ്ചയിച്ചത്. അഭിഭാഷക ശബ്ദത്തിന്റെ സ്ത്രീലിംഗമായി അഭിഭാഷികയാണെന്ന് കണ്ടെത്തിയതും ഇതേ തത്ത്വം പ്രയോജനപ്പെടുത്തിയാണ്.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ