വിജ്ഞാനസ്ഫോടനത്തിന്റെ ലോകത്താണ് നാം ജീവിക്കുന്നത്. സന്ദിഗ്ദ്ധതകളും അവ്യക്തതകളും ജീവിതത്തെ കലുഷിതമാക്കും. കൃത്യവും കണിശവുമായ ആസൂത്രണത്തിലൂടെയേ അവയെ മറികടക്കാനാകൂ. അതിലേക്കു വിരൽ ചൂണ്ടുന്ന പംക്തി വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്നു. സിവിൽസർവീസ് പഠനവഴികളും ഈ പംക്തി ലക്ഷ്യംവയ്ക്കുന്നുണ്ട്.
ഒരാളുടെ അടിസ്ഥാന വിദ്യാഭ്യാസം പത്താം ക്ലാസിൽ അവസാനിക്കുന്നു. അതോടെ അത്യാവശ്യകാര്യങ്ങളെക്കുറിച്ച് സാമാന്യമായ അറിവ് നേടിക്കഴിഞ്ഞു എന്നത്രേ വിശ്വാസം. പിന്നെ തെരഞ്ഞെടുപ്പുകളുടെ കാലമാണ്. അഭിരുചിക്കനുസരിച്ച് നിശ്ചിത വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയണം. അതത്ര എളുപ്പമുള്ള കാര്യമല്ല.
സ്വന്തം അഭിരുചി കണ്ടെത്താൻ മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹായം മാത്രമല്ല അഭിരുചിപ്പരീക്ഷകളെയും ആശ്രയിക്കാം. പല സ്വകാര്യ ഏജൻസികളും ഇത്തരം പരീക്ഷകൾ നടത്താറുണ്ട്. ഇതുവഴി ഇഷ്ടമേഖല കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഏതെല്ലാം ഒഴിവാക്കണം എന്നെങ്കിലും പിടികിട്ടും.
ഉപരിപഠനത്തിന് താത്പര്യമേഖലകളിൽ എത്തിച്ചേരുക ശ്രമകരമാണ്. എത്തേണ്ട ഇടങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയും സ്ഥാപനങ്ങളുടെ കുറവും സാന്പത്തികപ്രതിസന്ധിയും പലപ്പോഴും കാരണങ്ങളാകുന്നു. ഒടുവിൽ പലതിന് ശ്രമിച്ച് പരാജയപ്പെട്ട് കിട്ടുന്നതിനു ചേരും. അതോടെ സംഘർഷങ്ങളുടെ ആന്തരികലോകം ഉരുത്തിരിയുകയായി.
സ്വയം രൂപപ്പെടുന്ന അസ്വസ്ഥത ക്ലാസ്മുറികളിലും സമൂഹത്തിലും പ്രകടമാകുന്നു. നിലവിലുള്ള ഈ പ്രവണത മാറേണ്ടതുണ്ട്. വീടിനും നാടിനും രാജ്യത്തിനും ഉപകരിക്കുംവിധം യുവതലമുറ രൂപപ്പെടണം. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന്റെ അഭാവവും പ്രശ്നങ്ങളെ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്.
സ്വന്തം ആന്തരികഭാവം സ്വയം തിരിച്ചറിയാൻ മനുഷ്യർക്ക് കഴിവില്ല എന്നൊരു മതമുണ്ട്. ആ കഴിവില്ലായ്മ മനുഷ്യർക്ക് നല്ലതാണെന്നത്രേ ചിലരുടെ വിശ്വാസം. “നമ്മൾക്കു നമ്മൾ താനേറ്റവുമജ്ഞാതർ’’ എന്ന കവിവാക്യത്തിൽ ആ സത്യമടങ്ങിയിട്ടുണ്ട്.
ഈ സ്ഥിതിവ്യവസ്ഥയെ മറികടക്കുന്ന ശിക്ഷണമാണ് വിദ്യാഭ്യാസപ്രക്രിയയിൽ നടക്കേണ്ടത്. അതിന് ഓരോരുത്തരും അവനവന്റെ കർമക്ഷേത്രം (പ്രവർത്തനരംഗം) തിരിച്ചറിയാൻ കുട്ടിക്കാലം മുതലേ ശ്രമിക്കണം. അത് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനും ഭരണകൂടത്തിനുമുണ്ട്.
ഫലഭൂയിഷ്ഠമായ നിലത്തുവീണ വിത്തുപോലെയാകണം ഓരോ ജന്മവും. അതിലേക്ക് കുറുക്കുവഴികളില്ല എന്നും ഓർക്കുക. “ഉദ്യമേനഹിസിദ്ധ്യന്തി/കാര്യാണിനമനോരഥൈഃ/സുപ്തസ്യസിംഹസ്യമുഖേ/പ്രവിശ്യന്തിനമൃഗാഃ’’ എന്ന പദ്യത്തിൽ മേൽ വിവരിച്ച പൊരുൾ അടങ്ങിയിരിക്കുന്നു.
തയാറാക്കിയത്:
ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളേജ് പാലാ