നാമം സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു
Wednesday, February 15, 2017 10:22 AM IST
ന്യൂജേഴ്സി: നോർത്ത് അമേരിക്കൻ മലയാളി ആൻഡ് അസോസിയേറ്റഡ് മെംബേർസ് (നാമം) ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ന്യൂജേഴ്സിയിൽ തുടക്കമായി. എഡിസണ്‍ ഹോട്ടലിൽ നടന്ന ചടങ്ങിൽ ന്യൂജേഴ്സിയിലെ സാംസ്കാരികപ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ഉജ്വലമായി. നാമം ചെയർമാൻ മാധവൻ ബി ആമുഖ പ്രഭാഷണം നടത്തി.

നോർത്ത് അമേരിക്കൻ മലയാളി ആൻഡ് അസോസിയേറ്റഡ് മെംബേർസ് (നാമം) എന്ന പേരിലായിരിക്കും നാമം ഇനിയും അറിയപ്പെടുക. സംസ്കാരം, തനിമ,സൗഹൃദം, സംഘാടനം എന്നിവയാണ് സംഘടനയുടെ മോട്ടോ. കേരളത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും സംഘടനയുടെ ലക്ഷ്യമാണ്. എഴുതപെട്ട ഒരു നിയമാവലിയും (ബൈലോ) തികഞ്ഞ അച്ചടക്കവും തുടക്കം മുതലേ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് നാമം . എല്ലാ രണ്ടു വർഷം കൂടുന്പോൾ പൊതുയോഗം തെരഞ്ഞെടുക്കുന്ന എക്സി ക്യുട്ടീവ് കമ്മിറ്റി നാമത്തിന്‍റെ ഭരണം നടത്തുന്നു. ഓരോ പ്രോഗ്രാമുകളും പ്രോജക്ടുകളും ഒരു കണ്‍വീനറുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയും എക്സിക്യുട്ടീവ് കമ്മിറ്റിയും കൂടി സംയുക്തമായി നടത്തുന്നു. സുമനസുകളായ എല്ലാവരും അംഗങ്ങളും നൽകുന്ന സംഭാവനകളും വോളന്‍റീയർ സേവനവും ആണ് നാമത്തിന്‍റെ അടിത്തറ.

അമേരിക്കൻ മലയാളികളുടെ മൂന്ന് തലമുറകളിൽ നിന്നുമായി അൻപതിലധികം കുടുംബങ്ങൾ നാമത്തിൽ അംഗങ്ങളാണ്. ഓരോ അംഗങ്ങളും ലാഭേച്ഛ കൂടാതെ സാമുഹിക സേവനം ചെയ്യുന്നു. രണ്ടു വര്ഷം കൂടുന്പോൾ നടത്തുന്ന എക്സലൻസ് അവാർഡുകളും പുരസ്കാരങ്ങളും സാമൂഹ്യശ്രദ്ധ നേടിയിട്ടുണ്ട്. സാമൂഹ്യസേവനരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ വിവിധ പദ്ധതികൾ വഴി ചെയ്തുവരുന്ന നാമം പാവപ്പെട്ടവർക്കും സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള വിവിധ സേവന പദ്ധതികൾ, കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ സഹായ പദ്ധതികൾ എന്നിവയുടെ പണിപ്പുരയിലാണ്.

ലോക മലയാള സമൂഹത്തിന്‍റെ ദേശിയ ഉത്സവമായ ഓണം, യുവ ജനങ്ങളുടെ കലാപരമായ കഴിവുകൾ മത്സരത്തിലൂടെ മാറ്റുരക്കുന്ന കലാമേള എന്നിവ നാമത്തിന്‍റെ നേതൃത്വത്തിൽ ന്യൂജേഴ്സിയിൽ എല്ലാ വർഷവും നടത്തപ്പെടുന്നു. നാമം കുടുംബങ്ങളുടെ മാത്രമായി കുടുംബസമ്മേളനവും എല്ലാ വർഷവും നടത്തപ്പെടുന്നു. കൂടാതെ രണ്ടാം തലമുറയായ കുട്ടികൾക്കായി ബ്രിഹത് പദ്ധതിയും നടപ്പിലാക്കാൻ ശ്രമിക്കുന്നു. ഇന്ത്യൻ കലകൾ സാഹിത്യം മുതലായവ അമേരിക്കൻ മലയാളി മണ്ണിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , ഇന്ത്യൻ ഭാഷയായ മലയാളത്തിലുള്ള ക്ലാസുകൾ,ലൈബ്രറി ,സെമിനാറുകൾ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ എന്നിവയുടെ നടത്തിപ്പിനെ പറ്റിയും ചിന്തിക്കുന്നതായി മാധവൻ ബി. നായർ അറിയിച്ചു.

ന്യൂജേഴ്സിയിൽ നടന്ന ഉദ്ഘടന ചടങ്ങിൽ സാഹിത്യകാരൻ എകെബി പിള്ള, ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷൻ ചെയര്മാന് പോൾ കറുകപ്പിള്ളിൽ, സുധാകർത്ത, മാധ്യമപ്രവർത്തകനായ സുനിൽ ട്രൈസ്റ്റാർ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തലനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഡോ. ജിതേഷ് തന്പി, സജിത്ത് ഗോപിനാഥ് , മാലിനി നായർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം