ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും അവാർഡുദാനവും
Tuesday, February 14, 2017 10:36 AM IST
അറ്റ്ലാന്‍റ: ഇന്തോ- അമേരിക്കൻ പ്രസ് ക്ലബ് അറ്റ്ലാന്‍റ ചാപ്റ്റർ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും അവാർഡ് നൈറ്റും സംഘടിപ്പിച്ചു. അറ്റ്ലാന്‍റയിലെ ഗ്ലോബൽ മാളിലുള്ള ഏഷ്യാനാ ബാങ്ക്വറ്റ് ഹാളിൽ ജനുവരി 28ന് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഇന്ത്യൻ കോണ്‍സൽ നാഗേഷ് സിംഗ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്‍റെ നെടുംതൂണായ പത്രസ്വാതന്ത്ര്യത്തിന്‍റെ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഐഎപിസിയുടെ ഇതുവരെയുള്ള കർമപരിപാടികളിൽ താൻ അതീവ സന്തുഷ്ടനാണെന്നും പ്രസ്ക്ലബിന്‍റെ ക്രിയാത്മകമായ കർമപരിപാടികൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഐഎപിസി അറ്റ്ലാന്‍റ ചാപ്റ്റർ പ്രസിഡന്‍റ് ഡൊമിനിക് ചക്കോണൽ അധ്യക്ഷത വഹിച്ചു. ഐഎപിസി നാഷണൽ വൈസ് പ്രസിഡന്‍റ് മിനി നായർ പ്രസ് ക്ലബിന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി കോണ്‍സൽ ഡി.വി. സിംഗ്, അമേരിക്കൻ സാമൂഹ്യപ്രവർത്തകയും ഗ്വിനെറ്റ് കൗണ്ടി ബോർഡ് ഒഫ് കമ്മീഷനേഴ്സ് ചെയർപേഴ്സനുമായ ഷാർലെറ്റ് നാഷ്, ഗാന്ധി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്‍റണി തളിയത്ത്, പ്രമുഖ നേതാവും രാഷ്ട്രീയ പ്രബോധകനുമായ നരേന്ദർ മോദി, ബിസിനസുകാരനും ജോയി ടിവി ചീഫ് ഓഫീസറുമായ പി.ഐ. ജോയി, എൻആർഐ പൾസ് ന്യൂസ് ചീഫ് എഡിറ്റർ വീണ റാവു, അലക്സ് തോമസ്, ജമാലുദീൻ മസ്ഥാൻഖാൻ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ അറ്റ്ലാന്‍റ ചാപ്റ്റർ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിയായ സിബി കരിക്കന്പള്ളിയേയും ഉപന്യാസമത്സര വിജയിയായ ജോഷ്വാ മാത്യുവിനെയും അവാർഡുകൾ നൽകി ആദരിച്ചു.

സായി ഹെൽത്ത് ഫെയറിന്‍റെ സ്ഥാപകയും സംഘാടകയുമായ ഡോ. സുജാത റെഡ്ഡിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡും ഡോ. ജയ് സന്പത്തിന് ഹ്യുമാനിട്ടേറിയൻ അവാർഡും ഡോബ ബ്രോക്കേഴ്സിന്‍റെ ചീഫ് സത്വന്ത് സിംഗിന് ബിസിനസ് മെൻ ഒഫ് ദി ഈയർ 2016 അവാർഡും ജോയി ടിവി ചീഫ് പി.ഐ. ജോയിക്ക് ഐഎപിസി എന്‍റർപ്രണർ അവാർഡും പ്രശസ്ത സാമൂഹ്യപ്രവർത്തകൻ മുസ്തഫാ അജ്മീരിക്കും സാബു ചെമ്മലക്കുഴിക്കും ഐഎപിസി അവാർഡ് ഒഫ് ഓണറും ഖബർ മാസിക ചീഫ് എഡിറ്ററും പ്രശസ്ത പത്രപ്രവർത്തകനുമായ പാർഥീവ് പരേഖിന് മീഡിയ എക്സലൻസ് അവാർഡും നൽകി ആദരിച്ചു.

മലയാളി വംശജ സുബിന ലോറൻസിന്‍റെ പുതിയ പുസ്തകം ഘഅ ഞലളഹലരശേീിെ മുഖ്യാതിഥികളായ നാഗേഷ് സിംഗും ഷാർലറ്റ് നാഷും ചേർന്ന് പ്രകാശനം ചെയ്തു. ഷൈനി അബൂബക്കറും കല്യാണി സുധീറും അവതാരകരായിരുന്നു. തുടർന്നു ഗാന്ധിജിയുടെ പ്രിയ ഭജൻ ആയ ന്ധവൈഷ്ണവ് ജന് തൊ തേനെ കഹിയേ’ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നൃത്തങ്ങളും ഗായകൻ നൈനാൻ കൊടിയാട്ടിന്‍റെ വിവിധ ഗാനങ്ങളും അരങ്ങേറി. ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: മാത്യു ജോയ്സ്