ബിജു ഇട്ടൻ സെന്‍റ് ജയിംസ് ചർച്ച് റാഫിൾ ടിക്കറ്റ് വിജയി
Monday, January 23, 2017 9:59 AM IST
ന്യൂജേഴ്സി: മലങ്കര ആർച്ച് ഡയോസിസിൽ ഉൾപ്പെട്ട വാണാക്യൂ സെന്‍റ് ജയിംസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്‍റെ ബാധ്യതകൾ തീർക്കാനായി നടത്തിയ റാഫിൾ ടിക്കറ്റിന്‍റെ വിജയിയെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള നറുക്കെടുപ്പിൽ ബിജു ഇട്ടൻ വിജയിയായി.

ഡിസംബർ 31-ന് വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ ആയൂബ് മോർ സിൽവാനോസ് നറുക്കെടുപ്പ് കർമം നിർവഹിച്ചു. സമ്മാനാർഹമായ ടിക്കറ്റ് നന്പർ 1951 ന്‍റെ ഉടമ ടെക്സസിലെ ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ഇടവകാംഗമായ ബിജു ഇട്ടൻ ആണ്. വിജയിക്ക് മെത്രാപ്പോലീത്ത അനുമോദനങ്ങളും ആശംസകളും നേർന്നു.

തുടർന്നു നടന്ന സമ്മേളനം മോർ സിൽവാനോസ് ഉദ്ഘാടനം ചെയ്തു. ഇടവകയുടെ കടബാധ്യതകൾ തീർക്കുന്നതിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട്, കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുവാൻ ഇടവകയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചു. സെന്‍റ് ജയിംസ് ദേവാലയത്തിനുണ്ടായ ഈ വലിയ നേട്ടത്തിൽ അഹങ്കരിക്കാതെ, സദ് പ്രവർത്തികൾ ചെയ്ത് സഭയ്ക്കും സമൂഹത്തിനും നല്ല മാതൃകയായി ഇടവക വർത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടവക വികാരി ഫാ. ആകാശ് പോൾ അധ്യക്ഷത വഹിച്ചു. റാഫിൾ കോഓർഡിനേറ്റർ സിമി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റി എൽദോ വർഗീസ് കണക്ക് അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇടവകാംഗത്തിനുള്ള പ്രത്യേക സമ്മാനം 50 ടിക്കറ്റുകൾ വിറ്റ സിമി ജോസഫിന് ലഭിച്ചു. ഇടവക വൈസ് പ്രസിഡന്‍റ് പൗലോസ് കെ. പൈലി, ബിജു കുര്യൻ മാത്യു എന്നിവർ സംസാരിച്ചു. ചടങ്ങിൽ വികാരി ആകാശ് പോളിനും സിമി ജോസഫിനും മെത്രാപ്പോലീത്ത ഉപഹാരങ്ങൾ സമ്മാനിച്ചു. ഇടവക സെക്രട്ടറി രഞ്ചു സഖറിയ, ട്രസ്റ്റി എൽദോ വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട് ജോയിച്ചൻ പുതുക്കുളം