എസ്എംസിഎ കലോത്സവം സമാപിച്ചു
Wednesday, December 7, 2016 7:50 AM IST
കുവൈത്ത്: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്എംസിഎ) കുവൈത്ത് അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കുമായി ‘എസ്എംസിഎ 2016’ എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചു.

ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഫഹാഹീൽ, അബാസിയ, സാൽമിയ, സിറ്റി ഫർവാനിയ ഏരിയാകളിൽ നിന്നും ആയിരത്തി ഇരുന്നൂറിൽപരം മത്സരാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു. മാർഗം കളി, പരിചമുട്ടു കളി, മോഹിനിയാട്ടം എന്നിവ പുതുതായി ഈ വർഷം ഉൾപ്പെടുത്തിയ മത്സര ഇനങ്ങളായിരുന്നു. രാവിലെ എട്ടിന് ആരംഭിച്ച മത്സരങ്ങൾ രാത്രി ഒമ്പതിനാണ് സമാപിച്ചത്.

എസ്എംസിഎ പ്രസിഡന്റ് ബെന്നി പെരിക്കലത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡെന്നി കാഞ്ഞൂപ്പറമ്പിൽ, ട്രഷറർ മോൻസ് കല്ലുകളം എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിൽ ആദ്യ മൂന്നു സ്‌ഥാനക്കാർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരങ്ങൾക്ക് ആർട്സ് കൺവീനർ ജോസ്കുട്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ