യുഎഇ – ഇന്ത്യ പൗരാണിക ബന്ധം മാതൃകാപരം: മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി
Saturday, December 3, 2016 10:45 AM IST
ദുബായ്: ഇന്ത്യയും യുഎഇലെയും രാഷ്ര്‌ട നേതാക്കൾ നൂറ്റാണ്ടുകൾക്കു മുൻപ് തുടങ്ങിവച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വിനിമയ സാമ്പത്തിക സാംസ്കാരിക രംഗത്തെ പൗരാണിക ബന്ധം ഏവർക്കും മാതൃകയാണെന്നും ഈ ബന്ധം ഇന്നും പുതുതലമുറ ദൃഡമായി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണ് യുഎഇയുടെ സുഖ സന്തോഷങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കു സക്ഷ്യപെടുത്തുന്നത്. ഇതിൽ എടുത്തു പറയേണ്ടതാണ് മലയാളി സമൂഹത്തിന്റെ പ്രവർത്തനമെന്ന് ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. യുഎഇയുടെ 45–ാമത് ദേശീയ ദിനഘോഷത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ് ലിങ്ങൾ സ്വർണം നൽകി: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്



മുസ് ലിം –ഹൈന്ദവ സഹവർത്തിത്വമാണ് കേരളീയ സമൂഹത്തിന്റെ ചരിത്രമെന്ന് തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി. മുസ് ലിങ്ങൾക്ക് അഭയം നൽകിയതാണ് തിരുവിതാംകൂർ രാജവംശത്തിന്റെ പൈതൃകം. തിരിച്ചും ഈ സ്നേഹബന്ധം ഊഷ്മളമായിരുന്നു. കെഎംസിസി സമാപന സമ്മേളനത്തിൽ വിശിഷ്‌ടാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.

നൂറ്റാണ്ടുകൾക്കു മുൻപ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ള ചെയ്യാൻ ഒരു സംഘം എത്തിയപ്പോൾ കൊല്ലത്തെ പഠാൻ മുസ് ലിങ്ങളാണ് അവരെ തടഞ്ഞത്. എന്തും നൽകാം ക്ഷേത്രത്തെ വെറുതെ വിടണമെന്ന് അവർ ആവശ്യപ്പെട്ടു. അവർ ആവശ്യപെട്ട സ്വർണം രാത്രിക്ക് പഠാൻ മുസ് ലിം ഭവനങ്ങളിൽ നിന്ന് സ്വരൂപിച്ച് നൽകി കൊള്ള സംഘത്തെ മടക്കി അയച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തെ രക്ഷിച്ച മുസ് ലിം ചരിത്രം ആർക്ക് മറക്കാനാവും.

ഇരുനൂറു വർഷം മുമ്പ് ഇത്രയൊന്നും യാത്രാ സൗകര്യമില്ലാത്ത കാലം ഹജ്‌ജിനായി പുറപ്പെട്ട സംഘം തിരുവനന്തപുരത്ത് കുടുങ്ങിപോയി. അവരെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അതിഥികളായി സ്വീകരിച്ച് വെള്ളവും ഭക്ഷണവും മറ്റും നൽകി വിശുദ്ധ തീർഥാടകർക്ക് അഭായമായത് ഈ സ്നേഹോഷ്മള ബന്ധത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. ഇത്തരം നല്ല ബന്ധവും യോജിപ്പുമാണ് തിരുവിതാംകൂറിന്റേയും മലയാളിയുടെയും അടിസ്‌ഥാനം. മതത്തിനും ജാതിക്കുമപ്പുറം എല്ലാവരും ഈശ്വരന്റെ സൃഷ്‌ടികളാണ് എന്ന് മറന്നു പോവരുത്. മനുഷ്യത്വമെന്ന അടിസ്‌ഥാന മൂല്യത്തിനാണ്പ്രാധാന്യം നൽകേണ്ടത്. ‘ലോക സമസ്താ സുഖിനോ ഭവന്തു’ എന്ന ശാന്തി മന്ത്രം മുഴങ്ങട്ടെയെന്നും ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി പറഞ്ഞു.

യുഎഇയുടെ വളർച്ച ലോക രാജ്യങ്ങൾക്ക് മാതൃക: പി.കെ. കുഞ്ഞാലിക്കുട്ടി



നാടും നഗരവും ഒരുപോലെ വികസിക്കുമ്പോൾ സംഭവിക്കുന്ന അദ്ഭുതം കാണണമെങ്കിൽ 1971ൽ പിറവികൊണ്ട യുഎഇയെ നിരീക്ഷിച്ചാൽ മതി എന്നും അസഹിഷ്ണുത വളർന്നു വരുന്ന കാലത്ത് സഹിഷ്ണുതയോടെ എല്ലാവരെയും ഒരു കുടക്കീഴിൽ നിലനിർത്തുന്ന യുഎഇ ലോക രാജ്യങ്ങൾക്ക് മാതൃകയാണെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ മുസ് ലിം ലീഗ് ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി.

പൗരന്മാരുടെ സാമൂഹിക, സാമ്പത്തിക വളർച്ചക്ക് പ്രാധാന്യം നൽകിയ ഭരണാധികാരികളുടെ മികവാണ് ഇതിന് നിദാനമായത്. ആ രാഷ്ര്‌ടത്തിന്റെ ജനസംഖ്യയിൽ 20 ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. ഇതിലേറെയും മലയാളി പ്രവാസികളാണ്. ഉപജീവന മാർഗം തേടിയെത്തിയ മലയാളികൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനും കച്ചവടം നടത്താനും അവസരം നൽകിയ യുഎഇ സർക്കാരിനോടും അവിടത്തെ പൗരന്മാരോടും കേരളത്തിനുള്ള കടപ്പാടാണ് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന്റെ പോഷക സംഘടനായ കെഎംസിസി എല്ലാ വർഷവും നടത്തുന്ന ദേശീയ ദിനാഘോഷ പരിപാടികളെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ര്‌ടപിതാവ് ഷെയ്ഖ് സായദ് സ്വപ്നം കണ്ട ലക്ഷ്യത്തിലേക്ക് ആ രാഷ്ര്‌ടത്തെ നയിക്കാൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും സഹ പ്രവർത്തകർക്കും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദുബായ് കെഎംസിസി ഒഡിഷ സർക്കാരിന് നൽകുന്ന ആംബുലൻസിന്റെ ധാരണാ പത്രം ഹൈദരലി ശിഹാബ് തങ്ങൾ പി.വി. അബ്ദുൾ വഹാബ് എംപിക്ക് നൽകി. കേരള സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ചുകൊണ്ട് ദുബായ് കെഎംസിസി കേരള സർക്കാർ നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലെ പശ്ചാത്തല വികസനത്തിനായി വിതരണം ചെയുന്ന ഉപകരണങ്ങളുടെ ധാരണാപത്രം ദുബായ് കെഎംസിസി പ്രസിഡന്റ് പി കെ അൻവർ നഹ മുൻ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീർ എംഎൽഎക്ക് നൽകി നിർവഹിച്ചു.

സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവർ കെഎംസിസിയുടെ വിവിധ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇന്ത്യൻ കോൺസൽ സുമതി വാസുദേവ്,കേരള വഖഫ് ബോർഡ് ചെയർമാൻ,പി.എ ഇബ്രാഹിം ഹാജി ,യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ,യഹിയ തളങ്കര,യൂനുസ് കുഞ്ഞ്,ഹാമിദ് കോയമ്മ തങ്ങൾ,അബ്ദുള്ള ഫാറൂഖി, ഹസൈനാർ ഹാജി, എ.സി ഇസ്മായിൽ,റാഷിദ് അസ്ലം,സുബ്ഹാൻ ബിൻ ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു. സംസ്‌ഥാന നേതാക്കളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി,ആവയിൽ ഉമ്മർ ഹാജി, പി.ഉസ്മാൻ തലശേരി, എം.എ. മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുംഭാഗം, എൻ.കെ. ഇബ്രാഹിം, ഇസ്മായിൽ ഏറാമല, അബ്ദുള്ള ഖാദർ അരിപ്പാമ്പ്ര, അഷറഫ് കൊടുങ്ങല്ലൂർ, ആർ.ഷുക്കൂർ എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി.