പുലിമുരുകന് മറ്റൊരു അപൂർവ റിക്കാർഡ് കൂടി
Tuesday, November 15, 2016 9:01 AM IST
മനാമ: മലയാള സിനിമാ ബോക്സ് ഓഫീസ് റിക്കാർഡുകൾ തകർത്തു മുന്നേറിക്കൊണ്ടിരിക്കുന്ന മോഹൻലാലിന്റെ പുലിമുരുകന് മറ്റൊരു റിക്കാർഡ് കൂടി. 45 മണിക്കൂർ തുടർച്ചയായി ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ച മലയാള സിനിമ എന്ന റിക്കാർഡ് ആണ് പുലിമുരുകൻ സ്വന്തമാക്കിയിരിക്കുന്നത്.

ജിസിസി രാജ്യങ്ങളിൽ റിലീസ് നടന്നപ്പോൾ ബഹറിനിലെ അൽ ഹംര സിനിമ തിയേറ്ററിൽ ആണ് നവംബർ മൂന്നിന് രാവിലെ ഒമ്പതു മുതൽ അഞ്ചിന് പുലർച്ചെ രാവിലെ മൂന്നു വരെ മൂന്നു മണിക്കൂർ ഇടവിട്ട് തുടർച്ചയായി 45 മണിക്കൂർ പുലിമുരുകൻ പ്രദർശിപ്പിച്ചത്.

നവംബർ മൂന്നിന് രാവിലെ ഒമ്പതിന് പുലിമുരുകൻ പ്രദർശനം തുടങ്ങിയശേഷം 9AM, 12PM, 3PM, 6PM, 9PM, നാലിന് 12AM, 3AM, 6AM, 9AM, 12PM, 3PM, 6PM, 9PM, അഞ്ചിന് 12AM, 3 AM ഇങ്ങനെ 15 പ്രദർശനങ്ങളാണ് ഇടവേളയില്ലാതെ തുടർച്ചയായി ബഹറിനിലെ അൽ ഹംര സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ചത്. നവംബർ മൂന്നിന് രാത്രി ഒമ്പതിനും 12 നും ബഹറിൻ മോഹൻലാൽ ഫാൻസിന്റെ സ്പെഷൽ ഫാൻസ് ഷോയിൽ ചിത്രത്തിന്റെ സംവിധായകൻ വൈശാഖും പങ്കെടുത്തു.

തന്റെ 28 വർഷത്തെ സർവീസിൽ ആദ്യമായാണ് ഇങ്ങനെ ഒരു സിനിമ പ്രദർശിപ്പിക്കുന്നതെന്ന് തിയേറ്റർ ജീവനക്കാരൻ അഭിപ്രായപ്പെട്ടു.

രണ്ടാം വാരത്തിലും ബഹറിൻ അൽ ഹംര യിൽ പുലിമുരുകൻ ഹൗസ് ഫുൾ ആയാണ് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന് ബഹറിനിൽ നിന്നും ലഭിച്ച റിക്കാർഡ് വളരെയധികം സന്തോഷം നൽകുന്നുവെന്ന് ബഹറിൻ മോഹൻലാൽ ഫാൻസ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാർ, എഫ്.എം. ഫൈസൽ എന്നിവർ അറിയിച്ചു.