മലയാളിയും അമേരിക്കൻ രാഷ്ര്‌ടീയവും
Tuesday, November 8, 2016 7:39 AM IST
ന്യൂയോർക്ക്: അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഒരു തെരഞ്ഞെടുപ്പാണ് നവംബർ എട്ടിന് നടക്കുവാൻ പോകുന്നത്. നെറികേട് കൊണ്ടും തരംതാണ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ടും ചരിത്രത്തിൽ തന്നെ സ്‌ഥാനം പിടിച്ചേക്കാവുന്ന ഒരു തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകം സാക്ഷ്യം വഹിച്ചത്. റിപ്പബ്ലിക്കൻ സ്‌ഥാനാർഥികളിൽ കഴിവും യോഗ്യതയും പാരമ്പര്യവുമുള്ള എല്ലാ സ്‌ഥാനാർഥികളെയും പിന്തള്ളി കുപ്രസിദ്ധിയാർജിച്ച ഡൊണാൾഡ് ട്രംപ് മുൻപിലെത്തിയപ്പോൾ തകർന്നടിഞ്ഞത് ഒരു വലിയ വിഭാഗം വരുന്ന യാഥാസ്തിക റിപ്പബ്ലിക്കൻസിന്റെ സ്വപ്നങ്ങൾ ആയിരുന്നു. അവസരവാദവും മനുഷ്യത്വമില്ലായ്മയും നെറികെട്ട ബിസിനസ് രീതികളും കൊണ്ട് ട്രംപ് എതിരാളികളെയും പ്രത്യേകിച്ച് സ്ത്രീകളെയും എപ്പോഴും നേരിട്ട് കൊണ്ടിരുന്നത് മോശമായ പദപ്രയോഗങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടുമായിരുന്നു, അങ്ങനെയുള്ള ഒരാൾ ആധികാരികമായി പ്രസിഡന്റ് സ്‌ഥാനാർഥി ആയത് യാഥാസ്‌ഥിതിക റിപ്പബ്ലിക്കൻ വോട്ടർമാരെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നുപോലും അകറ്റി. മറ്റാരായിരുന്നുവെങ്കിലും ഹില്ലരിക്കെതിരായി ജയിച്ചു പോകാമായിരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്.

ഇതിനിടയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വംശജർ ട്രംപിനെ പിന്തുണക്കുന്നതായി പ്രസ്താവിച്ചുകണ്ടു. പൊതുവെ വിദ്യാഭ്യാസം കുറവുള്ള ഒരു വിഭാഗം വെള്ളക്കക്കാരുടെ അടക്കി വച്ചിരിക്കുന്ന വംശവെറിയും വർഗീയ വിദ്വേഷവും പുറത്തെടുക്കുന്നതിനായിരിക്കും ട്രംപിന്റെ വിജയം ഉപകരിക്കുക. വർഷങ്ങളായി അടക്കി വച്ചിരിക്കുന്ന വംശീയ കലാപങ്ങൾ ആളിക്കത്തുമ്പോൾ അത് അനുഭവിക്കാൻ പോകുന്നത് കറുപ്പും വെളുപ്പുമല്ലാത്ത തവിട്ടു നിറമുള്ള തൊലിയുള്ള എല്ലാവരുമായിരിക്കും. കാരണം ഒരു ഇന്ത്യൻ വംശജന്റെയും നെറ്റിയിൽ എഴുതി വച്ചിട്ടില്ല അവൻ ഒരു ഇന്ത്യക്കാരൻ ആണെന്നോ അവൻ ഒരു ഹിന്ദു ആണെന്നോ അവൻ ഒരു കത്തോലിക്കൻ ആണെന്നോ അവൻ ഒരു ടാക്സ് പേയർ ആണെന്നോ അല്ലെങ്കിൽ അവൻ ഒരു മുസ്ലിമോ പാക്കിസ്താനിയോ അല്ലെന്നോ!. ഒരു വംശയീയ കലാപം പൊട്ടിപുറപ്പെട്ടാൽ ആക്രമണങ്ങൾ തൊലിയുടെ നിറം നോക്കി മാത്രമായിരിക്കുമെന്നതിൽ സംശയമില്ല.

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ഇവിടെ പേടി കൂടാതെ ജീവിക്കുവാൻ ഊർജം നൽകിയത് ഡെമോക്രാറ്റിക് പാർട്ടിയുടെ ആധിപത്യം തന്നെയായിരുന്നു. മുസ് ലിമുകൾക്ക് എതിരാണ് എന്ന് പറയുന്ന റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ഔട്ട് സോഴ്സിംഗ് പ്രോത്സാഹിപ്പിച്ചതും അനേകം വിദേശ രാജ്യങ്ങളിൽ നിന്നും നഴ്സുമാർ അടക്കമുള്ള വിദേശികളെ അമേരിക്കയിൽ കുടിയേറി പാർക്കുവാൻ അവസരങ്ങൾ നൽകിയതും. പക്ഷെ അവർക്ക് ഈ രാജ്യത്തു മാന്യമായി അധ്വാനിച്ചു ജീവിക്കുവാൻ സാമൂഹിക സംരക്ഷണം നൽകിയത് ഒബാമയുടെയും ഹില്ലരിയുടെയും ഡെമോക്രാറ്റിക് പാർട്ടി ആയിരുന്നു.

ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം സമ്മാനിച്ചുകൊണ്ട് അധികാരത്തിൽ നിന്ന് പുറത്തു പോയ റിപ്പബ്ലിക്കൻ പാർട്ടി തുടർച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളിലും വൻ പരാജയം നേരിട്ടു.

സാമ്പത്തിക മാന്ദ്യം ലോകമാകെ ആഞ്ഞടിച്ചപ്പോൾ കടപുഴകി വീണ ലോകരാജ്യങ്ങളെയടക്കം കരയ്ക്കടുപ്പിക്കുവാൻ ഒബാമ ഭരണ കൂടത്തിനു കഴിഞ്ഞു. അമേരിക്കയുടെ തകർച്ച ലോകത്തിന്റെ തകർച്ച ആണെന്ന് ലോകം മനസിലാക്കുകയും ചെയ്ത ഒരു തിരിച്ചു വരവായിരുന്നു അത്.

അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായ നയൻ ഇലവനു (9/11) ശേഷം ലോകത്തെ ആകമാനം ബാധിച്ച മുസ് ലിം തീവ്രവാദത്തെ വേരോടെ ഇല്ലാതാക്കുവാൻ ഒബാമ ഭരണ കൂടം നടത്തിയ ഇടപെടലുകൾ, ഒഴുക്കിയ ചോരപ്പുഴകൾ, ഇന്നും തുടരുന്ന ചിതറിച്ചു കളയുവാനും ഇല്ലായ്മ ചെയ്യുവാനും തീവ്രവാദത്തെ വളർത്തുന്ന രാജ്യങ്ങളെ ഇല്ലാതാക്കുവാനും ഇന്നും ആയിരക്കണക്കിന് തീവ്രവാദികളെ ലോകമെങ്ങും മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ബിൻ ലാദൻ അടക്കമുള്ള കൊടും തീവ്രവാദികളെ പിടികൂടി വധിക്കുവാനും അതുവഴി ലോകത്തു ജിഹാദികൾ അടക്കം ഉയർത്തുന്ന തീവ്രവാദം ഇല്ലാതാക്കുവാൻ അമേരിക്കൻ ഭരണകൂടം നടത്തുന്ന യുദ്ധങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ ഹില്ലരിയെ മുസ് ലിമുകളെ പിന്തുണയ്ക്കുന്നു എന്ന പേരിൽ തള്ളിപ്പറയുന്നത് കാണുമ്പോൾ ചിരിക്കുന്നത് ട്രംപ് ആണെന്നത് വാസ്തവം.

എന്തായാലും എലിയെ പേടിച്ചു ഇല്ലം ചുടേണ്ട അവസ്‌ഥ ഒന്നും ഇന്ന് അമേരിക്കക്ക് ഇല്ല എന്നും സ്വന്തം കാൽക്കീഴിലെ മണ്ണൊലിച്ചു പോകാതിരിക്കുവാൻ ഓരോ മലയാളി അമേരിക്കനും ബാധ്യതയുണ്ടെന്നും മനസിലാക്കേണ്ടതാണ്.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള