രജിസ്റ്റർ ടു വോട്ട്: ഷിക്കാഗോയിൽ വിജയമായി
Monday, November 7, 2016 8:42 AM IST
ഷിക്കാഗോ: കുടിയേറ്റ ഇന്ത്യക്കാരുടെ അമേരിക്കൻ മുഖ്യധാരാ രാഷ്ര്‌ടീയത്തിലുള്ള പങ്കാളിത്തം വർധിച്ചു വരേണ്ടതിന്റെ ആവശ്യകത മുമ്പത്തെതിനേക്കാൾ പ്രാധാന്യമേറുന്ന ഈ സമയത്ത് ഫോമായുടെ ജനകീയ സംരംഭമായ ‘രജിസ്റ്റർ ടു വോട്ട്’ ശ്രദ്ധേയമായി.

ഫോമാ 2016–18 ഭാരവാഹിത്വത്തിന്റെ ഈ പ്രഥമ സംരംഭത്തിന് അംഗസംഘടനകളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. അമേരിക്കൻ പൗരത്വം ഉണ്ടെങ്കിലും വോട്ട് രജിസ്റ്റർ ചെയ്യാത്ത നിരവധി പേർക്ക് ഈ അവസരം വളരെ പ്രയോജനകരമായി. ഫോമായുടെ സെൻട്രൽ റീജണിൽ ഉൾപ്പെടുന്ന ഷിക്കാഗോയിലെ അസോസിയേഷൻ പ്രസിഡന്റുമാരായ സാം ജോർജ് (ഇല്ലിനോയ് മലയാളി അസോസിയേഷൻ), ടോമി അസേനാട്ട്, പുതിയ പ്രസിഡന്റായ രജ്‌ഞൻ ഏബ്രഹാം (ഷിക്കാഗോ മലയാളി അസോസിയേഷൻ), ഏലമ്മ ചെറിയാൻ (കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ), ബിജി എടാട്ട് (കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ), പീറ്റർ മാത്യു കുളങ്ങര (മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ) എന്നിവർ ഫോമായുടെ ഈ ആശയത്തെ പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്തു. അമേരിക്കൻ രാഷ്ര്‌ടീയ രംഗത്ത് സ്‌ഥാനമുറപ്പിക്കുക വഴി നിയമ നിർമാണത്തിലും നടത്തിപ്പിലും ജനനന്മയ്ക്കുതകുന്ന വിധത്തിൽ പങ്കാളികളാകുവാനുള്ള വലിയൊരു അവസരം സ്വായത്തമാക്കുവാൻ ഏവർക്കും കഴിയും എന്ന ഒരു സന്ദേശം പുതു തലമുറയ്ക്കു നൽകിയ ഒരു വേദി കൂടിയായി ‘ഫോമ രജിസ്റ്റർ ടു വോട്ട്’. ഫോമായുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, മുൻ റീജണൽ വൈസ് പ്രസിഡന്റായ സണ്ണി വള്ളിക്കളം, 2016–18 ലെ റീജണൽ വൈസ് പ്രസിഡന്റ് ബിജി എടാട്ട്, ട്രഷറർ ജോസ് കുരിശുങ്കൽ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: വിനോദ് ഡേവിഡ്