ന്യൂയോർക്കിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു
Friday, November 4, 2016 7:57 AM IST
ന്യൂയോർക്ക്: രാഷ്ര്‌ടീയം പറയുമ്പോൾ മലയാളി ആവേശം കൊള്ളുകയും പുലഭ്യം പറയുകയും ഒടുവിൽ കയ്യാങ്കളിയിലേക്കുവരെ നീങ്ങും. ഇതാണ് നാട്ടിലെ സ്‌ഥിതി. ഇവിടെയും ആ സ്വഭാവത്തിനു വലിയ മാറ്റമില്ലെന്നാണു കൈരളി ടിവി, കേരള സെന്ററിൽ അമേരിക്കൻ ഇലക്ഷനെപറ്റി സംഘടിപ്പിച്ച ഡിബേറ്റിൽ വ്യക്‌തമായത്.

വിവാദങ്ങളോ നെഗറ്റീവായ കാര്യങ്ങളോ ഒന്നും ട്രംപ് പക്ഷക്കാരിലും ഹില്ലരി പക്ഷക്കാരിലും അണുവിട മാറ്റം ഉണ്ടാക്കിയിട്ടില്ല. മാധ്യമങ്ങളും എഫ്ബിഐ ഡറക്ടർ ജയിംസ് കോമിയുമൊന്നും വിചാരിച്ചാൽ ഈ തീരുമാനം മാറാനും പോകുന്നില്ല.

അമേരിക്ക രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഒബാമ ഭരണത്തിലുള്ള അതൃപ്തി പൂണ്ട ജനം ട്രംപിന്റെ പിന്നിൽ അണി നിരന്നത് തരംഗമായി മാറിയെന്നും ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ന്യൂയോർക്ക് സ്റ്റേറ്റ് ചെയർ തോമസ് കോശി ചൂണ്ടിക്കാട്ടി. ഇന്നുവരെ ഒരു സ്‌ഥാനാർഥിക്കും ഇത്രയേറെ പ്രൈമറി വോട്ട് കിട്ടിയിട്ടില്ല. ട്രംപ് തോല്പിച്ചത് നിസാരക്കാരെയല്ല. രാഷ്ര്‌ടീയത്തിൽ അടി തടവ് പഠിച്ച 17 മല്ലന്മാരാണ് ട്രംപിനു പിന്നിൽ മലക്കം മറിഞ്ഞത്. അതിനാൽ തന്നെ ട്രംപ് നിസാരക്കാരനല്ലെന്ന് തോമസ് കോശി സമർഥിച്ചു.

ഈ വാദഗതിയെ എതിർത്ത ഡെമോക്രറ്റിക് നേതാവും റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററുമായ ഡോ. ആനി പോൾ, ട്രംപിന്റെ സംസാരം കുട്ടികളുമൊരുമിച്ചിരുന്നു കേൾക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി. ഭരണ രംഗത്തു ഒരു പരിചയവുല്ലാത്ത വ്യക്‌തിയണ് ട്രംപ്. അതേസമയം ഹില്ലരിക്ക ഭരണപരിചയമുണ്ട്. വ്യക്‌തമായ കാഴ്ചപ്പാടുണ്ട്. വൻകിടക്കാർക്ക് ആനുകൂല്യം നൽകണമെന്ന് ട്രംപ് വാദിക്കുമ്പോൾ സാധാരണക്കാരനു വേണ്ടിയാണ് ഹില്ലരി നിലകൊള്ളുന്നതെന്നും ആനി പോൾ ചൂണ്ടിക്കാട്ടി. 26 വയസ് വരെയുള്ളവർക്ക് മാതാപിതാക്കളുടെ ഹെൽത്ത് ഇൻഷ്വറൻസിൽ തുടരാമെന്നതു ഒബാമ കെയറിന്റെ മികവാണ് കാട്ടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഹില്ലരി വന്നതു കൊണ്ട് ഇന്ത്യയ്ക്കോ ഇന്ത്യൻ അമേരിക്കക്കാർക്കോ ഒന്നും കിട്ടില്ലെന്നു റിപ്പബ്ലിക്കനായ തോമസ് കൂവല്ലൂർ പറഞ്ഞു. ട്രംപ് വന്നാൽ ഇന്ത്യക്കു യുഎൻ രക്ഷാസമിതി അംഗത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായും ഇന്ത്യൻ സമൂഹവുമായും മികച്ച ബന്ധമാണ് ഒബാമ പുലർത്തുന്നതെന്നു ഡെമോക്രാറ്റിക് പക്ഷത്തു നിന്നു സംസാരിച്ച ഡോ. രാജു ഫിലിപ്പ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ വരവ് കുടിയേറ്റക്കാർക്ക് ദോഷകരമായിരിക്കുമെന്നു ഡമോക്രാറ്റിക് പാർട്ടി നാസോ കൗണ്ടി വൈസ് ചെയർ കളത്തിൽ വർഗീസ് ചൂണ്ടിക്കാട്ടി. നിയമപരമല്ലാതെ താമസിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ ട്രപിനെ കഴിയൂ എന്നു ഫിലിപ്പ് ജോൺ ചൂണ്ടിക്കാട്ടി. ഹില്ലരിയെ തങ്ങളുടെ യൂണിയൻ പിന്തൂണക്കുന്നതായി ലീല മാരേട്ട് പറഞ്ഞു. ഹില്ലരി ജയിച്ചാൽ ഇന്ത്യക്കു ഗുണമാകും. ഒബാമ രണ്ടു വട്ടം ഇന്ത്യ സന്ദർശിച്ചത് അവർ ചൂണ്ടിക്കാട്ടി. ഔട്ട്സോഴ്സിംഗ് തുടരുമെന്നും അവർ പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയാണ് ഇന്ത്യാക്കാർക്ക് ഗുണം ചെയ്തിട്ടുള്ളതെന്നു തോമസ് കോശി ചൂണ്ടിക്കാട്ടി. രാഷ്ര്‌ടീയത്തെപറ്റി വ്യക്‌തമായ കഴ്ചപ്പാടുണ്ടെങ്കിലും ആധ്യാത്മിക രംഗത്തു പ്രവർത്തിക്കുന്ന വ്യക്‌തി എന്ന നിലയിൽ രാഷ്ര്‌ടീയത്തിൽ ഇടപെടാറില്ല എന്നു പാസ്റ്റർ വിത്സൺ ജോസ് പറഞ്ഞു.

ഇലക്ഷനിലെ ഏറ്റവും വലിയ കാര്യം സുപ്രീം കോടതി ജസ്റ്റീസുമാരുടെ നിയമനമാണ്. അവരാണ് നിർണായക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. സ്വവർഗ വിവാഹത്തെയും ലേയ്റ്റ് ടേം അബോർഷനെയുമൊന്നും മനസാക്ഷിയുള്ള മലയാളി അംഗീകരിക്കരുത്. സിറിയയിലും മറ്റും 2000 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുകയും ക്രൈസ്തവരെ വേട്ടയാടുകയും ചെയ്തിട്ടും അമേരിക്കക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു ജോർജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ട്രംപ് പ്രസിഡന്റാകാൻ യോഗ്യനല്ല എന്നു പ്രസിഡന്റ് സ്‌ഥനത്തിരുന്നുകൊണ്ട് ഒബാമ പറഞ്ഞതു ശരിയായില്ലെന്നു തമ്പി തലപ്പിള്ളി ചൂണ്ടിക്കാട്ടി. ഇറാഖിനെ ആക്രമിച്ചത് റിപ്പബ്ലിക്കനായ ബുഷ് ആയിരുന്നുവെന്നു കളത്തിൽ വർഗീസ് ചൂണ്ടിക്കാട്ടി.

കൈരളി ടിവി ഡയറക്ടർ ജോസ് കാടാപ്പുറം മോഡറേറ്റർ ആയിരുന്നു. ബിനു തോമസ് ചിത്രീകരണം നടത്തി. ജോർജ് ജോസഫ് സമാപന വിലയിരുത്തൽ നടത്തി. ഇ.എം. സ്റ്റീഫൻ പ്രസംഗിച്ചു. ഡോ. നാണു കണ്ടിയിൽ, ജോൺ പോൾ, അലക്സ് ഏബ്രഹാം, ഇട്ടൻ ജോർജ് പാടിയേടത്ത്, ഡോ. ഫിലിപ്പ് ജോർജ്, തുടങ്ങി ഒട്ടേറെ പേർ സംവാദത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കാടാപ്പുറം