ഫോമ പൊതുയോഗം ഒക്ടോബർ 29ന്
Friday, October 28, 2016 6:12 AM IST
മയാമി: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) പൊതുയോഗം ഒക്ടോബർ 29ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സൗത്ത് ഫ്ളോറിഡയിലെ, ഫോർട്ട് ലൂഡർഡേയിലുള്ള ഹോളിഡെ എക്സ്പ്രസ് ഹോട്ടൽ ആൻഡ് സ്യൂട്ട്സിൽ നടക്കും.

പ്രസിഡന്റ് ആനന്ദൻ നിരവേലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ നിയുക്‌ത ഭരണസമിതിക്ക് അധികാരം കൈമാറും. ഇതോടൊപ്പം സംഘടനയുടെ പ്രഥമ ഭരണഘടന ഭേദഗതികൾ നവംബർ ഒന്നു മുതൽ നിലവിൽ വരും.

പൊതുയോഗം, നാഷണൽ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി എന്ന ത്രിതല ഭരണസംവിധാനമാണ് പുതിയ ഭരണഘടനയിൽ. ഫോമ എക്സിക്യൂട്ടീവിന് കൂടുതൽ ചുമതലയും അധികാരങ്ങളും അനുവദിച്ചു. ഫോമായുടെ നാലു തരം അംഗത്വം ഇനി മുതൽ രണ്ടു തരം അംഗത്വമായി പരിമിതപ്പെടുത്തി. വ്യക്‌തികൾക്ക് നേരിട്ട് അംഗത്വത്തിനു അനുമതിയില്ല. അംഗത്വത്തിനു അപേക്ഷിക്കുന്ന സംഘടനകളുടെ അപേക്ഷകളിന്മേൽ മൂന്നു മാസത്തിനകം തീരുമാനമറിയിക്കും. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് കഴിയുന്നുതുവരെ പുതിയ അംഗത്വം അനുവദിക്കുന്നതല്ല. അംഗസംഘടനകളിൽ നിന്നും പൊതുയോഗത്തിലേക്കുള്ള പ്രതിനിധികളുടെ എണ്ണം അഞ്ചിൽ നിന്നും ഏഴാക്കി. നിലവിലുള്ള കണക്കു പ്രകാരം ഇതോടെ ആകെ പ്രതിനിധികളുടെ എണ്ണം 455 ആകും. ദേശീയ ഉപദേശക സമിതി ചെയർമാനെ കൂടി ഉൾപ്പെടുത്തിയും സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർക്കുകൂടി സമ്പൂർണവകാശം അനുവദിച്ച് പൊതുയോഗം അംഗീകാരം നൽകി.

നാഷണൽ കമ്മിറ്റിയിലേക്ക് ഒരു റീജണിൽനിന്നും രണ്ട് കമ്മിറ്റിയംഗങ്ങളെയും ഒരു റീജണൽ വൈസ് പ്രസിഡന്റിനെയും അതാതു റീജണിൽ നിന്നുള്ള പ്രതിനിധികൾ തെരഞ്ഞെടുക്കും. ഫോമായുടെ എക്സിക്യൂട്ടീവ് അംഗങ്ങളും റീജണൽ വൈസ് പ്രസിഡന്റന്മാരും ഉൾപ്പെട്ട എല്ലാ നാഷണൽ കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുക്കുന്നത് ഫോമയുടെ പൊതുതെരഞ്ഞെടുപ്പിൽ ആയിരിക്കും. പൊതുതെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി ആറുമാസം മുമ്പ് നിയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാലാവധി ഒരു വർഷമായി ഉയർത്തി. നിർദ്ദിഷ്‌ട മാതൃകയിലുള്ള നാമനിർദ്ദേശ പത്രിക, സ്‌ഥാനാർഥിയുടെ സംഘടനയിലെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സാക്ഷ്യപ്പെടുത്തൽ ഉണ്ടങ്കിൽ മാത്രമേ ഇനി മുതൽ പരിഗണിക്കുകയുള്ളൂ. പരിഷ്കരിച്ച ഭരണഘടന ഭേദഗതികൾ ഫോമാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പന്തളം ബിജു തോമസ് ചെയർമാനായുള്ള ബൈലോ കമ്മിറ്റിയുടെ ശ്രമഫലമാണ് ഇത്തരത്തിലുള്ള ഒരു ഭരണഘടന ഭേദഗതി പൊതുയോഗത്തിൽ അവതരപ്പിച്ച് ഭേദഗതികളോടെ അംഗീകരിച്ചത്. ഫോമായുടെ നിലവിലുള്ള ബൈലോയുടെ ശില്പികളായിരുന്ന ജെ. മാത്യു, രാജു വർഗീസ്, ഡോ. ജയിംസ് കുറിച്ചി എന്നിവരുൾപ്പെടുന്നതായിരുന്നു ഈ കമ്മിറ്റി.

വിവരങ്ങൾക്ക്: ആനന്ദൻ നിരവേൽ 954 675 3019, ഷാജി എഡ്വേർഡ് 917 439 0563, ജോയി ആന്റണി 954 328 5009.