ഏക സിവിൽ കോഡും ഇന്ത്യൻ മുസ്ലിംകളും: പ്രഭാഷണം 26ന് മനാമയിൽ
Tuesday, October 25, 2016 5:52 AM IST
മനാമ: ഏക സിവിൽ കോഡും ഇന്ത്യൻ മുസ്ലിംകളും എന്ന വിഷയത്തിൽ പ്രമുഖ വാഗ്മിയും സുന്നീ യുവജന സംഘം (എസ്വൈഎസ്) സംസ്‌ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം ഒക്ടോബർ 26ന് (ബുധൻ) മനാമയിലെ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറയത്തിൽ നടക്കും.

രാത്രി 8.30ന് നടക്കുന്ന പരിപാടിയിൽ സമസ്ത ബഹറിൻ ആക്ടിംഗ് പ്രസിഡന്റ് അത്തിപ്പറ്റ സൈദലവി മുസ്ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത ബഹറിൻ കേന്ദ്ര ഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

ഏക സിവിൽ കോഡിന്റെ മറവിൽ ശരീഅത്ത് വിരുദ്ധ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്ന പാശ്ചാതലത്തിൽ മലപ്പുറത്ത് നവംബർ നാലിന് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമര പരിപാടികൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സമസ്ത ബഹറിൻ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഏക സിവിൽ കോഡ് സംബന്ധിച്ചുള്ള ആശങ്കകൾ വിശദീകരിച്ച് അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തുന്നത്.