സൗദി ബിൽഡ് പ്രദർശനം കാണാൻ സന്ദർശക പ്രവാഹം
Friday, October 21, 2016 4:00 AM IST
റിയാദ്: ഇരുപത്തിയെട്ടാമത് സൗദി ബിൽഡ് പ്രദർശനം കാണാൻ ആയിരക്കണക്കിനാളുകളെത്തി. ഒക്ടോബർ 17ന് ആരംഭിച്ച നിർമാണ സാമഗ്രികളുടേയും ടെക്നോളജിയുടേയും അന്താരാഷ്ട്ര പ്രദർശനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കമ്പനികൾ പങ്കെടുത്തു.

21 രാജ്യങ്ങളിൽ നിന്നായി 875 കമ്പനികൾ ഇത്തവണത്തെ പ്രദർശനത്തിൽ പങ്കെടുത്തു. ഇരുപത്തയ്യായിരത്തിൽപരം ആളുകൾ ഇത്തവണ പ്രദർശനം കാണാനെത്തി. വ്യാഴാഴ്ച സമാപിച്ച പ്രദർശനത്തിൽ ഇന്ത്യയിൽ നിന്നുള്ള കമ്പനികളുടേയും സാന്നിധ്യമുണ്ടായിരുന്നു.

സൗദി അറേബ്യയിൽ നിർമാണ മേഖലയിൽ പ്രമുഖരായ ഇന്ത്യൻ കമ്പനി റിയാദ് വില്ലാസ് കോൺട്രാക്റ്റിംഗ് എസ്റ്റാബ്ളിഷ്മെന്റിന്റെ പവലിയൻ ഏറെ ശ്രദ്ധയാകർഷിച്ചു. റിയാദിലും കിഴക്കൻ പ്രവിശ്യയിലും കേന്ദ്രമായി പ്രവർത്തിക്കുന്ന റിയാദ് വില്ലാസ് കമ്പനി നിർമാണ മേഖലയിൽ ലാൻഡ് സ്കേപ്പിംഗ്, വിവിധതരം ക്ലാഡിംഗ്, സ്റ്റീൽ ആർക്കിടെക്ട്, വാട്ടർ പ്രൂഫിംഗ്, ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനം തുടങ്ങിയ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള മേഖലയിലാണ് പ്രവർത്തിക്കുന്നതെന്ന് ജനറൽ മാനേജർ എൻജി. സൂരജ് പാണയിൽ അറിയിച്ചു. റിയാദ് വില്ലാസ് കമ്പനിയുടെ പവലിയൻ ഇന്ത്യൻ എംബസി കൊമേഴ്സ് വിഭാഗം സെക്രട്ടറി പി.കെ അഗർവാൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിയാദ് വില്ലാസ് മാനേജ്മെന്റിലെ ഫിനാൻസ് മാനേജർ രാഗേഷ്, സീനിയർ പ്രോജക്ട് മാനേജർ എൻജി. ഷാജി ഈപ്പൻ, എൻജി. രതീഷ്, എൻജി. സുജിത്, അഡ്വ. അജിത് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ