ജെഫ്നി ചെമ്മരപ്പള്ളിയുടെ സംസ്കാരം വ്യാഴാഴ്ച
Tuesday, October 18, 2016 12:41 AM IST
വെസ്റ്റ് ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട്: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച ജെഫ്നി ചെമ്മരപ്പള്ളിയുടെ (19) സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (ഒക്ടോബർ 20) രാവിലെ പത്തു മണിക്ക് വെസ്റ്റ് ഹാർട്ട്ഫോർഡിലെ സെന്റ് തിമത്തി കാത്തലിക്ക് ചർച്ചിൽ നടത്തും. തുടർന്ന് സാംസ്കാരം സെന്റ് ബെനഡിക്ട് സെമിത്തേരി (1 കോട്ടേജ് ഗ്രോവ് റോഡ്, ബ്ലൂംഫീൽഡ്, കണക്ടിക്കട്ട് 06002).

പൊതുദർശനം ബുധനാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെ സെന്റ് തിമത്തി ചർച്ചിൽ (225 കിംഗ് ഫിലിപ്പ് ഡ്രൈവ്, വെസ്റ്റ് ഹാർട്ട്ഫോർഡ്, കണക്ടിക്കട്ട് 06117) നടത്തുമെന്നു ജയിംസ് വട്ടപ്പറമ്പിൽ അറിയിച്ചു.

ശനിയാഴ്ച രാത്രി യൂണിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ട് കാമ്പസിൽ ഫയർഫോഴ്സ് വാഹനമിടിച്ച് മരിച്ച ജെഫ്നിയുടെ അന്ത്യത്തെപറ്റി പൂർണ വിവരങ്ങൾ ഇനിയും വ്യക്‌തമല്ല. കാമ്പസിലെ ഫയർ സ്റ്റേഷൻ വാതിലിനോടു ചാരി നിന്ന ജെഫ്നി വാതിൽ പെട്ടെന്നു തുറന്നപ്പോൾ പുറകോട്ടു വീഴുകയും വാഹനം കയറി മരിക്കുകയും ചെയ്തു എന്നാണു പോലീസ് റിപ്പോർട്ട്. അപകടം വരുത്തിയ വാഹനം ഓടിച്ച ഷിഫ്ട് കമാൻഡർ ഡാന ബാരോയെ (60)അഡ്മിനിസ്ട്രേറ്റീവ് ജോലിയിലേക്കു മാറ്റി.

ജെഫ്നിയുടെ പിതാവ് എബ്രഹാം ചെമ്മരപ്പള്ളി (സിബി) വെളിയനാട് സ്വദേശിയാണ്. മാതാവ് ഷൈനി കൈപ്പുഴ വാലയിൽ കുടുംബാംഗം. മൂന്നു മക്കളിൽ ഇളയ കുട്ടിയായിരുന്നു ജെഫ്നി. മികച്ച വിദ്യാർഥിനി ആയിരുന്നു ജെഫ്നി എന്നു ഹാൾ ഹൈസ്കൂൾ പ്രിൻസിപ്പൽ ഡാൻ സിറ്റൂൺ പറഞ്ഞു. സ്കൂളിലെ സോക്കർ ടീമിലും അത്ലറ്റിക്സിലും സജീവമായിരുന്നു. സ്റ്റുഡന്റ് ക്ലബ്, കെം ഫോർ കിഡ്സിലും പ്രവത്തിച്ചു. കഴിഞ്ഞ വർഷമാണു ഗ്രാജ്വേറ്റ് ചെയ്തത്.

റിപ്പോർട്ട്: ജോസ് കാടാപ്പുറം