മസ്കറ്റ് മലയാളികളുടെ വാട്സ് ആപ് കൂട്ടായ്മ ഓണം–ഈദ് ആഘോഷിച്ചു
Saturday, October 15, 2016 6:49 AM IST
മസ്കറ്റ്: ഒമാനിലെ സമാന ചിന്താഗതിക്കാരുടെയും കലാ കായിക രംഗങ്ങളിൽ താല്പര്യമുള്ളവരുടെയും ഓൺലൈൻ കൂട്ടായ്മയായ മസ്കറ്റ് മലയാളികൾ അൽ ഖുവൈറിലെ പാം റസ്റ്ററന്റിൽ ഈദ്–ഓണം ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

താലപ്പൊലികളോടും ആർപ്പുവിളികളോടും മാവേലിമന്നന്റെ വരവും അറബിക് ഇശൽ മൊഴികളോടെ തുടക്കം കുറിച്ച പരിപാടിയിൽ കബീർ യൂസഫും മാവേലിയും (അനീഷ് പൈ) മറ്റു അഡ്മിൻമാരും ചേർന്ന് ഭദ്ര ദീപം തെളിച്ചു. തുടർന്ന് മുഹമ്മദ് റിസ്വാൻ, അനൂപ്, ദിയ അനൂപ്, നിഷ ബിജു, നക്ഷത്ര കർമ, ജയ്സൺ, സന്ധ്യ സിജു തുടങ്ങിയ അംഗങ്ങളുടെ സംഗീത വിരുന്നും മറ്റു കലാപരിപാടികളും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടികൾ സമാപിച്ചു.

സോഷ്യൽ മീഡിയയിൽ കൂടി സ്നേഹവും ഒത്തൊരുമയും വളർത്തി എടുക്കാനും സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക എന്ന ലക്ഷ്യത്തോടെ പണം, പ്രശസ്തി, മതം, പ്രായം, ദേശം തുടങ്ങിയവയുടെ വിവേചനമില്ലാതെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് മസ്കറ്റ് മലയാളികൾ എന്ന വാട്സ് ആപ് ഗ്രൂപ്പ് കൂട്ടായമയെന്ന് സംഘാടകർ അവകാശപ്പെട്ടു.

തമാശകളും നാട്ടറിവുകളും ഒമാനിലെ വിശേഷങ്ങളും ആയി സംഗീത വരാന്ത്യങ്ങളും വിജ്‌ഞാന പ്രദമായ ചോദ്യോത്തര പരിപാടികളുമായി കുതിക്കുന്ന വാട്സ് ആപ് ഗ്രൂപ് ആണ് മസ്കറ്റ് മലയാളികൾ. മാധ്യമ രംഗത്തു നിന്നും ഒമാൻ ഒബ്സർവേർ പത്രത്തിൽ നിന്നുള്ള കബീർ യൂസഫും നാടക കലാ രംഗത്ത് നിന്നും റിജുറാമും അഭിനയ രംഗത്തുനിന്ന് ഇടത്തിൽ ബാലകൃഷ്ണനും മസ്കറ്റ് മലയാളികളുടെ ഉപദേശക സമിതിയിലുണ്ട്.

സനൽ കുമാർ, ബിജു കാഞ്ഞൂർ, ഇഗ്നേഷ്യസ്, നങ്ങ്യർകുളങ്ങര അജിത്, പ്രേംജിത്ത് പ്രഹ്ലാദ്, പടന്ന ഫിർദോസ്, ഡോ. ശ്രീകാന്ത്, സുബീഷ് കൃഷ്ണൻ, അജോയ് ജോർജ് എന്നിവരാണ് അഡ്മിൻ പാനലിലുള്ളത്.

ഭാവിയിലും സമാനമായ പരിപാടികൾ നടത്താനും, അംഗങ്ങളുടെ കലാ സാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കാനുതകുന്ന കൂട്ടായ്മകൾ സംഘടിപ്പിക്കാനും ഗ്രൂപ്പിന് പരിപാടിയുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം