പൽപക് കുവൈത്തിൽ ഓണം ആഘോഷിച്ചു
Monday, October 3, 2016 4:47 AM IST
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (പൽപക്) ഓണാഘോഷം ‘പൊന്നോണം 2016’ സെപ്റ്റംബർ 30ന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ആഘോഷിച്ചു.

സാംസ്കാരിക സമ്മേളനം മുഖ്യാതിഥി കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, സുപ്രീം കൗസിൽ മെംബർ ദില്ലി, പി.എൻ. കുമാർ, വനിത കൺവീനർ ശ്രീലേഖ ശശിധരൻ, സാം പൈനമൂട്, ഷറഫുദ്ദിൻ കണ്ണേട്ടത് എന്നിവർ സംസാരിച്ചു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും എന്ന ഒരു പുതിയ വാർഡിനുവേണ്ട എല്ലാ അടിസ്‌ഥാന സൗകര്യങ്ങളും ഉപകരണങ്ങളും സംഭാവന ചെയ്യാൻ പൽപക് തീരുമാനിച്ചു കൊണ്ട് ലോഗോ പ്രകാശനം ചെയ്തു. പദ്ധതിയെ കുറിച്ച് ചാരിറ്റി സെക്രട്ടറി സക്കിർ ഹുസൈൻ, മീഡിയ ആൻഡ് ലീഗൽ സെക്രട്ടറി സുരേഷ് പുളിക്കൽ എന്നിവർ സംസാരിച്ചു. പൽപക് സുവനീർ പ്രശസ്ത പ്രവാസി മാധ്യമ പ്രവർത്തകനായ സാം പൈനമൂട് സുപ്രീം കൗൺസിൽ മെംബർ കൃഷ്ണ കുമാറിന് നൽകി പ്രകാശനം ചെയ്തു. അനൂപ് മാങ്ങാട്, ഹരി എന്നിവർ പ്രസംഗിച്ചു.

രാവിലെ 10ന് ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ വിവിധ കലാപരിപാടികളും യുവ ഗായകരായ അസ്ലം ആൻഡ് രേഷമായും ചേർന്നുള്ള ഗാനമേളയും നടന്നു. കുവൈത്തിൽ ആദ്യമായി നടന്ന നൂറിൽ പരം വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ