സൗദിയിലെ തൊഴിൽ പ്രശ്നം: 27 പേർ കൂടി നാട്ടിലേക്കു മടങ്ങി
Saturday, September 3, 2016 5:57 AM IST
റിയാദ്: വിവിധ കമ്പനികളിലെ സമീപകാലത്തെ തൊഴിൽ പ്രശ്നങ്ങളിൽപ്പെട്ടു ജോലിയും കൂലിയുമില്ലാതെ മാസങ്ങളായി ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരിൽ 27 പേർ കൂടി വെള്ളിയാഴ്ച നാട്ടിലേക്ക് തിരിച്ചു.

സൗദി തൊഴിൽ മന്ത്രാലയത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ അവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് ശമ്പള കുടിശികയടക്കമുള്ള ആനുകൂല്യങ്ങൾ താമസിയാതെ ലഭ്യമാകുമെന്ന ഇന്ത്യൻ എംബസിയുടെ ഉറപ്പിൻമേലാണ് ഇവർ നാട്ടിലേക്ക് മടങ്ങുന്നത്. ഇവരെ നാട്ടിലേക്ക് അയയ്ക്കുന്നതിനായി എംബസി വെൽഫെയർ വിഭാഗം അറ്റാഷേ രാജേന്ദ്രൻ, എംബസി ഉദ്യോഗസ്‌ഥരായ ടിജി ജേക്കബ്, അനിൽ കുമാർ എന്നിവരും എംബസി വോളന്റിയർമാരായ മുനീബ് പാഴൂർ, ശിഹാബ് കൊട്ടുകാട് തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു.

സൗദി ഓജർ കമ്പനിയുടെ ഖാദിസിയ്യ ക്യാമ്പിൽ കഴിയുന്ന 250ലധികം ഇന്ത്യക്കാരിൽ 22 പേർക്കും തഖസൂസി ക്യാമ്പിൽ നിന്നും അഞ്ചു പേർക്കുമാണ് വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റും വീസയും ലഭ്യമായത്. തഖസൂസി ക്യാമ്പിൽ നിന്നും വെള്ളിയാഴ്ച റിയാദ് –കൊച്ചി സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയ അഞ്ചു പേരും മലയാളികളാണ്. ഖാദിസിയ്യ ക്യാമ്പിൽ നിന്നും 22 പേർ ഡൽഹിയിലേക്കുള്ള സൗദിയ വിമാനത്തിലാണ് യാത്രതിരിച്ചത്. ഇനിയും ഇരുന്നൂറിലേറെ പേർ ഈ ക്യാമ്പുകളിൽ ഇന്ത്യയിലേക്ക് മടങ്ങാൻ തയാറായി നിൽക്കുന്നുണ്ട്. ഇവരിൽ ചിലർക്ക് ഇഖാമ കാലാവധി കഴിഞ്ഞതിനാൽ ബാങ്ക് അക്കൗണ്ടുകൾ മരവിച്ചതിനാലും മറ്റു ചിലർക്ക് എക്സിറ്റ് വീസയുടെ കാലാവധി കഴിഞ്ഞതിനാലുമാണ് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ വന്നത്. ഇവരുടെ പ്രശ്നം ഉടനെ പരിഹരിച്ച് നാട്ടിലേക്കയക്കുമെന്ന് ഇതിനായി പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ മുനീബ് പാഴൂർ പറഞ്ഞു.

കരാറുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് തൊഴിൽ പ്രതിസന്ധി നേരിട്ട ചില കമ്പനികളിലെ തൊഴിലാളികളുടെ ദുരിതം മനസിലാക്കിയ സൗദി തൊഴിൽ മന്ത്രാലയം നേരിട്ടിടപെട്ടതാണ് പ്രശ്നപരിഹാരത്തിനു കാരണമായത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ സജീവ താത്പര്യമെടുത്തിരുന്നു.

ഇതുവരെയായി റിയാദിലെ വിവിധ ക്യാമ്പുകളിൽ നിന്നും 109 ഇന്ത്യക്കാരെ നാട്ടിലേക്ക് അയച്ചു. ഇവർക്ക് വിമാന ടിക്കറ്റ് നൽകുന്നത് സൗദി തൊഴിൽ മന്ത്രാലയമാണ്. ദുരിതമനുഭവിക്കുന്ന ക്യാമ്പുകളിൽ ഭക്ഷണവും തൊഴിൽ മന്ത്രാലയം കരാർ നൽകിയ കാറ്ററിംഗ് കമ്പനികൾ യാഥാസമയം എത്തിച്ചു നൽകുന്നുണ്ട്. വെള്ളിയാഴ്ച കൊച്ചിയിലേക്ക് പോയ അഞ്ചു മലയാളികളൊഴികെ മറ്റു എല്ലാ ഇന്ത്യക്കാർക്കും ഡൽഹിയിലേക്കാണ് വിമാന ടിക്കറ്റ് നൽകിയത്. സൗദിയിൽ നിന്നും വെറുംകയ്യോടെ വരുന്ന ഇവരെ സ്വന്തം വീടുകളിലെത്തിക്കുന്ന ഉത്തരവാദിത്വം അതത് സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. എന്നാൽ ആദ്യത്തെ 47 പേർ ഒഴികെയുള്ളവരുടെ കാര്യത്തിൽ സംസ്‌ഥാന സർക്കാരുകൾ താത്പര്യമെടുത്തില്ല എന്ന് ഡൽഹിയിലെത്തിയ തൊഴിലാളികൾ പരാതിപ്പെട്ടതായി മുനീബ് പറഞ്ഞു. റിയാദിൽ നിന്നും തൊഴിലാളി ക്ഷേമ വിഭാഗം മേധാവി അനിൽ നോട്ട്യാൽ മടങ്ങുന്നവരുടെ മുഴുവൻ വിവരങ്ങളും മന്ത്രാലയത്തെ കൃത്യമായി അറിയിക്കുന്നുണ്ട്.

തലസ്ഥാന നഗരിയിലെ ക്യാമ്പുകളിൽ കഴിയുന്നവരുടെ ക്ഷേമാന്വേഷണങ്ങൾക്കായി ഇന്ത്യൻ എംബസിയും വോളന്റിയർമാരും സന്നദ്ധസംഘടനകളും പ്രത്യേക താത്പര്യമെടുക്കുന്നുണ്ടെങ്കിലും വിദൂര സ്ഥലങ്ങളിലെ ചെറിയ ക്യാമ്പുകളിൽ കഴിയുന്നവരുടെ കാര്യം ഏറെ പരിതാപകരമാണെന്നാണ് എംബസി വോളന്റിയർമാരുടെ അഭിപ്രായം. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ സാധിക്കാത്ത ചില കമ്പനികൾ തൊഴിലാളികൾക്കെതിരെ കള്ളക്കേസ് നൽകി ജയിലിലടച്ചതായും വിവിധ കേന്ദ്രങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്. ഇവരുടെ പ്രശ്നങ്ങളിലും ഇന്ത്യൻ എംബസി കാര്യമായ ഇടപെടലുകൾ നടത്തണമെന്നാണ് സാമൂഹ്യ പ്രവർത്തകരുടേയും സംഘടനകളുടേയും ആവശ്യം.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ