മാനസികനില തെറ്റി തെരുവിൽ അലഞ്ഞ ആറ്റിങ്ങൽ സ്വദേശിയെ കേളി പ്രവർത്തകർ നാട്ടിലെത്തിച്ചു
Monday, August 29, 2016 5:57 AM IST
റിയാദ്: മാനസികനില തെറ്റി തെരുവിൽ അലഞ്ഞ മലയാളി യുവാവിനെ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നു നാട്ടിലെത്തിച്ചു. കൊല്ലം ആറ്റിങ്ങൽ സ്വദേശി സുഭാഷ് സുശീലൻ ആണ് കേളി ജീവകാരുണ്യവിഭാഗത്തിന്റെ*സഹായത്തോടെ നാട്ടിലെത്തിയത്.

അഞ്ചു വർഷം മുൻപാണ് സുഭാഷ് സൗദിയിലെത്തുന്നത്. അൽഖർജിൽ ജോലിചെയ്തുവന്ന ഇദ്ദേഹത്തിന് ഇടയ്ക്കിടക്ക് മാനസിക വിഭ്രാന്തി ഉണ്ടാകുമായിരുന്നു. എന്നാൽ അസുഖത്തിനു മരുന്നു കഴിക്കുന്നതിനിടയിലും ജോലിയിൽ തുടരുകയായിരുന്നു. രണ്ടു വർഷം മുൻപു നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചുവന്ന ഇദ്ദേഹത്തിനോട് തനാസിൽ മാറാൻ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും തനാസിൽ മാറാതെ വിവിധ ഇടങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. ഇടയ്ക്കിടെ ചെറിയ രീതിയിൽ മാനസിക വിഭ്രാന്തി ഉണ്ടാകുന്നതു കാരണം എവിടെയും സ്‌ഥിരമായി നിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ വീണ്ടും മാനസികനില ഏറെ വഴളായി തെരുവിൽ അലഞ്ഞു നടന്ന സുഭാഷിനെ കേളി അൽഖർജ് ഏരിയ കമ്മിറ്റി അംഗം രാജീവ് തന്റെ താമസ സ്‌ഥലത്ത് കൂട്ടിക്കൊണ്ടു പോകുകയും പരിചരിക്കുകയും ചെയ്തു.*പാസ്പോർട്ടും ഇഖാമയും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതിനാൽ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ പ്രവർത്തകരായ*നാസർ പൊന്നാനി, ജോണി കാപ്പിൽ എന്നിവരുമായി ബന്ധപ്പെട്ട് സുഭാഷിനെ എക്സിറ്റിൽ നാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ തനാസിൽ മാറാത്തതിനാൽ ഇദ്ദേഹം ഹുറൂബിൽ അകപ്പെട്ടിരിക്കുകയായിരുന്നു. തുടർന്നു നാസർ പൊന്നാനിയുടെ ശ്രമഫലമായി സുഭാഷിന്റെ കഫീലിനെ കണ്ടെത്തി ഹുറൂബ് ഒഴിവാക്കിയെടുത്തു.

എന്നാൽ സുഭാഷ് യാത്ര ചെയ്യാനുള്ള അവസ്‌ഥയിൽ അല്ലാത്തതിനാൽ അൽഖർജിലെ ഒരു ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി. ഏതാനും ദിവസത്തെ ചികിത്സക്കുശേഷം രോഗത്തിനു കുറവുണ്ടായതിനാൽ കഴിഞ്ഞ ശനിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ സുഭാഷിനെ നാട്ടിലേക്ക് കയറ്റി വിടാനായി.

കേളി അൽഖർജ് ഏരിയ ജീവകാരുണ്യ പ്രവർത്തകരായ നാസർ പൊന്നാനി, ജോണി കാപ്പിൽ, രാജീവ്, ജയരാമൻ, ഏരിയ സെക്രട്ടറി ശ്രീകാന്ത് എന്നിവർ സുഭാഷിനെ യാത്രയാക്കി.