റിട്രീറ്റ് സെന്റർ ഫണ്ട് റെയ്സിംഗ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു
Monday, August 29, 2016 5:50 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വാങ്ങിക്കുന്ന ഹോളി ട്രാൻസിഗ്രേഷൻ റിട്രീറ്റ് സെന്ററിനു വേണ്ടിയുള്ള ഫണ്ട് റെയ്സിംഗിന്റെ ഔപചാരികമായ ഉദ്ഘാടനം ഓഗസ്റ്റ് 27നു (ശനി) ഫ്ളോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു.

ഇടവക ട്രസ്റ്റി ജോൺ തോമസിൽ നിന്നും സംഭാവന ചെക്ക് സ്വീകരിച്ചുകൊണ്ട് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, സഖറിയ മാർ നിക്കോളോവോസ്, സഭ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ വിശ്വാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്ക്രാന്റൺ ഡൗൺടൗണിൽ നിന്നും മിനിറ്റുകളുടെ ഡ്രൈവ് മാത്രമാണ് പെൻസിൽവേനിയയിലെ ഡാൽറ്റൺ ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലേക്കുള്ളത്. മുന്നൂർ ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഇവിടെ ഒരു തടാകവും അതിനോടു ചേർന്നു മൊട്ടക്കുന്നുകളും മരങ്ങളും ചെടികളുമടങ്ങിയ പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്. ചാപ്പൽ, ലൈബ്രറി, കോൺഫറൻസ് മുറികൾ, ക്ലാസ്മുറികൾ, ഓഫീസുകൾ എന്നിവയ്ക്കു പുറമെ ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോർമെറ്ററികൾ, ജിംനേഷ്യം, 800 പേർക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയവും ഇവിടെയുണ്ട്. രണ്ടു ശതമാനം പ്രതിവർഷം പലിശ നൽകുന്ന വിധത്തിൽ നിക്ഷേപങ്ങളും സെന്ററിനുവേണ്ട തുകയായി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ കുറഞ്ഞത് 5000 ഡോളറെങ്കിലും നൽകണം. കോൺഫറൻസ് റൂമുകൾക്ക് പ്രിയപ്പെട്ടവരുടെ പേരുകൾ നൽകാവുന്ന വിധത്തിൽ സ്പോൺസർഷിപ്പും അനുവദിച്ചിട്ടുണ്ട്. ഇതിനായി 50,000 ഡോളറാണ് വേണ്ടി വരിക. കിടപ്പുമുറികൾക്കുവേണ്ടി 25,000 ഡോളറായി നിജപ്പെടുത്തിയിരിക്കുന്നു. റിട്രീറ്റ് സെന്ററിലെ ഒരു നിശ്ചിത സ്‌ഥലത്ത് പ്രിയപ്പെട്ടവരുടെ ഓർമ ചിത്രങ്ങൾ സ്‌ഥാപിക്കുന്നതിനുവേണ്ടി 10,000 ഡോളർ നൽകാം. എല്ലാ സംഭാവനകളേയും നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: WWW.TRANSFIGURATIONRETREAT.ORG OR EMAIL US AT: Transfiguration@neamericandiocese.org

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ