‘പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചകൾക്കൊരാമുഖം’ ഓഗസ്റ്റ് 12നു മസ്ക്കറ്റിൽ
Tuesday, August 9, 2016 6:44 AM IST
മസ്ക്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മസ്ക്കറ്റ് കേരള വിഭാഗം ‘പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചകൾക്കൊരാമുഖം’ എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12നു (വെള്ളി) വൈകുന്നേരം ആറിന് ഡാർസയിറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ മസ്ക്കറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും കേരള വിഭാഗം സ്‌ഥാപക കൺവീനറും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി.എം. ജാബിർ സംസാരിക്കും.

പ്രവാസി ദിവസിനോടനുബന്ധിച്ചു അടുത്തിടെ ഡൽഹിയിൽ നടന്ന ഇസിആർ രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തെ സംബന്ധിച്ച പാനൽ ചർച്ചയിൽ ജാബിർ ഒമാനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ പ്രവാസികളെ സംബന്ധിച്ച നിരവധി വിഷയങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള വിഭാഗം ചർച്ച സംഘടിപ്പിക്കുന്നത്.

മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനിലെ സാമൂഹ്യക്ഷേമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്‌തിത്വമാണ് ജാബിർ. അസുഖബാധിതരായ ആലംബമില്ലാത്ത നിരവധി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും മരണമടഞ്ഞവരുടെ നിരവധി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുവാനും തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ തന്റെ സാമൂഹ്യ പ്രവർത്തനം കൊണ്ട് ജാബിറിനു സാധിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നിരവധി ദേശീയ അന്തർദേശീയ വേദികളിൽ സ്‌ഥിര സാന്നിധ്യമായ ജാബിർ, തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ആരംഭിച്ചതു മുതൽ എല്ലാ ഓപ്പൺ ഹൗസുകളിലും പങ്കെടുക്കുകയും നിരവധി തൊഴിൽ പ്രശ്നങ്ങൾ അധികാരികളുടെ മുമ്പിൽ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനും ജാബിറിനു സാധിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമ നിധി ബോർഡ് രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യ ബോർഡ് അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ മലയാളം ചാനൽ ആയ കൈരളി പ്രവാസലോകത്ത് കാണാതായവരെ കണ്ടെത്തുന്നതിന് ആരംഭിച്ച പ്രവാസലോകം എന്ന പരിപാടിയുടെ ഒമാൻ പ്രതിനിധി കൂടിയാണ് ജാബിർ. സാമൂഹ്യ ക്ഷേമ രംഗത്തെ സംഭാവനകൾക്ക് ടൈംസ് നൗ/ഐസിഐസ ഐ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ജാബിറിനു തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഒമാനിലെ കലാ സാംസ്കാരിക സാമൂഹ്യ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന കേരള വിഭാഗം സംഘടിപ്പിക്കുന്ന ചർച്ചകൾ ഒമാനിലെ പൊതു സമൂഹം ഏറ്റെടുക്കാറുണ്ട്. പ്രവാസികളുടെ അവകാശങ്ങളെകുറിച്ചു ബോധാവാന്മാരാകാൻ ഇത്തരം ചർച്ചകൾ ഉപകരിക്കും എന്നതിൽ സംശയമില്ലെന്നു കേരള വിഭാഗം കൺവീനർ രജിലാൽ കൊക്കാടൻ പറഞ്ഞു. മസ്ക്കറ്റിലെ പ്രവാസി സമൂഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി രജിലാൽ കൂട്ടിച്ചേർത്തു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം