സ്റ്റാർ കലാകാർ 2016 അവാർഡിന്റെ തിളക്കവുമായി സിയാ നായർ
Thursday, August 4, 2016 7:14 AM IST
ഹൂസ്റ്റൺ: നൃത്ത രംഗത്തെ അതുല്യ പ്രതിഭയായി വളർന്നു കൊണ്ടിരിക്കുന്ന സിയ നായർ എന്ന കൊച്ചു കലാകാരി ഡാളസിൽ നടന്ന സ്റ്റാർ കലാകാർ 2016 മത്സരത്തിൽ വിജയിയായി. ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്‌ഥാനം നേടിയാണ് സിയ സ്റ്റാർ കലാകാർ ട്രോഫി സ്വന്തമാക്കിയത്.

നൂറു കണക്കിനു മത്സരാർഥികൾ പങ്കെടുത്ത സ്റ്റാർ കലാകാർ പ്രോഗ്രാമിൽ നിരവധി കടമ്പകൾ കടന്നാണു സിയ ഫൈനൽ റൗണ്ടിലെത്തിയതെന്നു സിയയുടെ മാതാവും നൃത്തരംഗത്ത് അമേരിക്കയിൽ പ്രശസ്തയും ഹൂസ്റ്റണിലെ സുനന്ദാസ് പെർഫോർമിംഗ് ആർട്സ് സെന്ററിന്റെ സാരഥിയുമായ സുനന്ദ നായർ പറഞ്ഞു. നൃത്ത രംഗത്തെ പ്രശസ്തരായ അധ്യാപകരുടെ കീഴിൽ പരിശീലനം ലഭിച്ച നിരവധി മത്സരാർഥികളോടു മത്സരിച്ചാണു സിയ ഫൈനലിലെത്തിയത്. തുടർന്നു സമപ്രായക്കാരുടെ ഗ്രൂപ്പിൽ ഒന്നാമത്തെത്തി. വിവിധ പ്രായക്കാർ പങ്കെടുത്ത ഗ്രൂപ്പുകളിലെ വിജയികളുമായി മാറ്റുരച്ചപ്പോൾ മത്സരം വളരെ കടുത്തതായിരുന്നെങ്കിലും നൃത്തച്ചുവടുകളുടെ താളവും ഭംഗിയും കോർത്തിണക്കി ഈ കൊച്ചു മിടുക്കി ഒന്നാം സ്‌ഥാനത്തെത്തി.

ക്ലാസിക്കൽ നൃത്തത്തിൽ ഒന്നാം സ്‌ഥാനത്തെത്തിയവരോടൊപ്പം നോൺ ക്ലാസിക്കൽ വിഭാഗത്തിൽ മൂന്നാം സ്‌ഥാനവും നേടി തന്റെ മികവു തെളിയിച്ചു. ഡാളസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശി പ്ലാസ ടിവിയാണ് ഇന്ത്യൻ സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർ കലാകാർ 2016 സംഘടിപ്പിച്ചത്. ഇതിന്റെ ബ്രാൻഡ് അംബാസഡറായ പ്രശസ്ത ബോളിവുഡ് നടി മീനാക്ഷി ശേഷാദ്രിയിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങുന്നതെന്നു അറിഞ്ഞപ്പോൾ സിയ ആവേശഭരിതയായി.

ഫോർട്ട് സെറ്റിൽമെന്റ് മിഡിൽ സ്കൂളിൽ ഏഴാം ക്ലാസിലേക്ക് പ്രവേശിക്കുന്ന പതിനൊന്നു വയസുമാത്രമുളള സിയ നായർ വളരെ ചെറുപ്പം മുതലേ ക്ലാസിക്കൽ ഡാൻസിലും ക്ലാസിക്കൽ സംഗീതത്തിലും ശ്രദ്ധപതിപ്പിച്ചിരുന്നു. സ്കൂൾ പഠനത്തോടൊപ്പം നൃത്തത്തിൽ ചിട്ടയായ പരിശീലനവും ശിക്ഷണവും കൈമുതലാക്കിയ സിയ നിരവധി ട്രോഫികൾ ഇതിനകം തന്നെ കരസ്‌ഥമാക്കിയിട്ടുണ്ട്. ധാരാളം കുട്ടികളെ നൃത്ത രംഗത്തേയ്ക്ക് ചുവടു വയ്പിച്ചു കൊണ്ടിരിക്കുന്ന മാതാവ് സുനന്ദ നായരുടെ ചിട്ടയായ പരിശീലനവും പിതാവ് ക്യാപ്റ്റൻ ആനന്ദ് നായരുടെ പ്രോത്സാഹനവും സിയ നായരുടെ കലാരംഗത്തെ വളർച്ചയിൽ മുതൽ കൂട്ടാണ്. സഹോദരൻ അനിരുദ്ധ് നായരും കലാരംഗത്ത് ശ്രദ്ധേയനാണ്.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി