വിമാന യാത്രയ്ക്കിടെ സ്ത്രീയെ സ്പർശിച്ച ഇന്ത്യക്കാരനെ കോടതിയിൽ ഹാജരാക്കി
Thursday, August 4, 2016 7:09 AM IST
ന്യുവാർക്ക് (ന്യൂജേഴ്സി): ലോസ്ആഞ്ചലസിൽനിന്നു ന്യൂജേഴ്സിയിലേക്കു പറന്ന വെർജിൻ അമേരിക്ക വിമാനത്തിൽ ഉറങ്ങുകയായിരുന്ന സ്ത്രീയെ സ്പർശിച്ച കുറ്റത്തിനു ഇന്ത്യക്കാരനെതിരേ കേസെടുത്തു. വിശാഖപട്ടണം സ്വദേശിയായ വീരഭദ്ര റാവുവിനെതിരെയാണു പോലീസ് കേസ് ഫയൽ ചെയ്തത്.

ജൂലൈ 30നായിരുന്നു സംഭവം. അടുത്ത സീറ്റിൽ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കാലിൽ റാവു സ്പർശിച്ചതിനെത്തുടർന്നു ഞെട്ടിയുണർന്ന യുവതി സഹയാത്രികനെ വിവരം അറിയിച്ചു. സഹയാത്രികനുമായി സംഭവത്തെ കുറിച്ചു തർക്കിക്കുന്നതിനിടയിൽ റാവു യുവാവിനു മദ്യം വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തു. എന്നാൽ യുവാവ് വിവരം വിമാന ജീവനക്കാരെ അറിയിക്കുകയും റാവുവിനെ മറ്റൊരു സീറ്റിലേക്കു മാറ്റി ഇരുത്തുകയും ചെയ്തു.

ന്യുജേഴ്സിയിൽ വിമാനം ലാന്റു ചെയ്ത ഉടനെ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് രണ്ടിനു ന്യുവാക്ക് ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്കു മജിസ്ട്രേറ്റ് 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. കുറ്റം തെളിയുകയാണെങ്കിൽ രണ്ടു വർഷം വരെ തടവും 25,0000 ഡോളർ പിഴയും ലഭിക്കാവുന്ന കേസാണിത്.

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ മറ്റുളളവരെ സ്പർശിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനു പരിശീലനം ലഭിച്ച വിമാന ജോലിക്കാർ ഉണ്ട് എന്നുളളതും മനസിലാക്കിയാൽ ഭാവി ജീവിതത്തെ തന്നെ പിടിച്ചുലയ്ക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന മുന്നറിയിപ്പു കൂടിയാണ് ഇതിൽ നിന്നും ലഭിക്കുന്നത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ