പാർട്ടിയിൽ ഭിന്നത വളർത്തി ട്രംപിന്റെ പുതിയ നിലപാട്
Wednesday, August 3, 2016 9:45 PM IST
വാഷിംഗ്ടൺ: റിപ്പബ്ളിക്കൻ പാർട്ടിയിലെ ഭിന്നതയ്ക്ക് ആക്കംകൂട്ടി ട്രംപിന്റെ പുതിയ നിലപാട്. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനപ്രതിനിധി സഭാ സ്പീക്കർ പോൾ റയനെയും സെനറ്റർ ജോൺ മക്കെയിനെയും പിന്തുണയ്ക്കാൻ പാർട്ടിയുടെ പ്രസിഡന്റ് സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് വിസമ്മതിച്ചു.

ഇറാക്കിൽ 2004ൽ ചാവേർ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആർമി ക്യാപ്റ്റൻ ഹുമയുൺ ഖാന്റെ കുടുംബത്തോടുള്ള ട്രംപിന്റെ ശത്രുതാപരമായ നിലപാടിനെ ഇരുവരും വിമർശിച്ചതിനു പകരംവീട്ടുകയാണു ട്രംപ്.

അടുത്ത ചൊവ്വാഴ്ചത്തെ വിസ്കോൺസിൻ പ്രൈമറിയിൽ റയനെ പിന്തുണയ്ക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു ട്രംപ് വാഷിംഗ്ടൺ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അരിസോണയിൽ നിന്നു ജനവിധി തേടുന്ന മക്കെയിനെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല. ഇതിനിടെ ട്രംപിന്റെ പിന്തുണയില്ലെങ്കിലും വിജയിക്കാൻ സാധിക്കുമെന്നു റയന്റെ പ്രചാരണവിഭാഗം പറഞ്ഞു.

മുസ്ലിംകൾക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിനു താത്കാലിക വിലക്ക് ഏർപ്പെടുത്തുക, കുടിയേറ്റക്കാരെ തടയാൻ മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കുക തുടങ്ങി ട്രംപ് നടത്തിയ വിവാദ പ്രസ്താവനകളിൽ റിപ്പബ്ളിക്കൻ പാർട്ടിയിൽ നിരവധി പേർക്ക് എതിർപ്പുണ്ട്. ട്രംപിനു വോട്ടു ചെയ്യില്ലെന്ന് ഇതിനകം ഏതാനും റിപ്പബ്ളിക്കൻ നേതാക്കൾ വ്യക്‌തമാക്കിക്കഴിഞ്ഞു.

മിറ്റ് റോംനി, മുൻ പ്രസിഡന്റ് ബുഷ് തുടങ്ങിയവർ ട്രംപിനെ നോമിനേറ്റു ചെയ്ത ക്ളീവ്ലൻഡ് കൺവൻഷനിൽ പങ്കെടുത്തതേയില്ല. ഹില്ലരിക്കാണു തന്റെ വോട്ടെന്ന് ന്യൂയോർക്കിൽനിന്നുള്ള റിപ്പബ്ളിക്കൻ പ്രതിനിധി റിച്ചാർഡ് ഹന്ന പരസ്യമായി പറഞ്ഞു.

എതിർ സ്‌ഥാനാർഥി ഡെമോക്രാറ്റിക് പാർട്ടിയിലെ ഹില്ലരി ക്ലിന്റണെതിരേയും ട്രംപ് ആക്ഷേപാർഹമായ പ്രസ്താവനകൾ നടത്തി. ഹില്ലരിയെ പിശാച് എന്നുവരെ ട്രംപ് വിശേഷിപ്പിച്ചു.

ഹില്ലരിയെ പിന്തുണയ്ക്കാൻ തയാറായ അവരുടെ മുഖ്യ എതിരാളിയായിരുന്ന സാൻഡേഴ്സിനെക്കുറിച്ചു പരാമർശിക്കവേയാണ് സാൻഡേഴ്സ് പിശാചുമായി കരാറുണ്ടാക്കിയെന്നു ട്രംപ് ആരോപിച്ചത്. കഴിഞ്ഞദിവസം നടത്തിയ അഭിപ്രായവോട്ടെടുപ്പു പ്രകാരം ഹില്ലരിക്ക് ട്രംപിനേക്കാൾ എട്ടുപോയിന്റ് ലീഡുണ്ട്.

<യ>യുഎസിലെ ഏറ്റവും മോശം പ്രസിഡന്റ് ഒബാമയെന്നു ട്രംപ്

വാഷിംഗ്ടൺ: യുഎസിലെ ഏറ്റവും മോശം പ്രസിഡന്റായി ഒബാമയെ ചരിത്രം വിലയിരുത്തുമെന്നു ഡൊണാൾഡ് ട്രംപ്. ഒബാമ യുഎസിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണെന്നും സിൻക്ലയർ ബ്രോഡ്കാസ്റ്റിംഗ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു.

പശ്ചിമേഷ്യയിലെയും സിറിയയിലെയും ഇന്നത്തെ ദുരവസ്‌ഥയ്ക്കു കാരണം ഒബാമയാണ്.യുഎസ് പ്രസിഡന്റാവാൻ ട്രംപ് യോഗ്യനല്ലെന്നു കഴിഞ്ഞദിവസം ഒബാമ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്.

തനിക്കു നോമിനേഷൻ കിട്ടില്ലെന്നു പറഞ്ഞയാളാണ് ഒബാമയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. നികുതി റിട്ടേണുകൾ സമർപ്പിക്കാൻ വാറൻ ബഫറ്റ് നടത്തിയ വെല്ലുവിളിയോടു ട്രംപ് പ്രതികരിച്ചില്ല. ബഫറ്റിനെ അറിയില്ലെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു.