ശ്രീനാഥ് ശ്രീനിവാസൻ ന്യൂയോർക്ക് സിറ്റിയിലെ പുതിയ ചീഫ് ഡിജിറ്റൽ ഓഫീസർ
Wednesday, August 3, 2016 12:44 AM IST
തിരുവനന്തപുരം: ഉന്നത വിഭ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസന്റെ മകൻ ശ്രീനാഥ് ശ്രീനിവാസൻ (45) ന്യൂയോർക്ക് സിറ്റിയിലെ പുതിയ ചീഫ് ഡിജിറ്റൽ ഓഫീസറായി നിയമിതനായി. ന്യൂയോർക്ക് മേയർ ബിൽ ഡേ ബ്ലാസിയോയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ന്യൂയോർക്ക് സിറ്റിയിലെ ജനങ്ങൾക്കു മേയർ ഓഫീസിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾ സുതാര്യമായി ഡിജിറ്റൽ സാങ്കേതിക തികവിൽ അതിവേഗം എത്തിക്കുന്ന സംവിധാനത്തിന്റെ പൂർണ ചുമതലയാണ് ചീഫ് ഡിജിറ്റൽ ഓഫീസറുടേത്. 30 ലക്ഷത്തിലേറെ ഉദ്യോഗസ്‌ഥരുടെ മേൽനോട്ടവും 80 ലക്ഷം ന്യൂയോർക്ക് ജനതയ്ക്കുള്ള സേവനവും ഒരുപോലെ ഏകോപിപ്പിക്കണം.

മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ആദ്യ ചീഫ് ഡിജിറ്റൽ ഓഫീസറായി മൂന്നു വർഷം സേവനം അനുഷ്‌ടിച്ചതിനു ശേഷമാണ് ശ്രീ ശ്രീനിവാസനു പുതിയ ചുമതല ലഭിക്കുന്നത്. കൂടാതെ, 20 വർഷത്തോളം കൊളംബിയ സ്കൂൾ ഓഫ് ജേർണലിസത്തിൽ അധ്യാപകൻ, കൊളംബിയ സർവകലാശാലയിലെ ആദ്യ ചീഫ് ഡിജിറ്റൽ ഓഫീസർ, ഡിഎൻഎ ഇൻഫോ വാർത്താ വെബ്സൈറ്റിന്റെ സ്‌ഥാപക എഡിറ്റർ തുടങ്ങി നിരവധി ചുമതലകൾ അദ്ദേഹം അലങ്കരിച്ചിരുന്നു.

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം, കൊളംബിയ സർവകലാശാലയിൽ നിന്നു ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം എന്നിവ കൂടാതെ മറ്റു വിദേശ സർവകലാശാലകളിൽ നിന്നുള്ള ബിരുദങ്ങളും ശ്രീ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ രൂപ ഉണ്ണികൃഷ്ണൻ മാൻഹാട്ടണിൽ ഇന്നൊവേഷൻ കൺസൾട്ടന്റാണ്.