സൗദിയിൽ കുടുങ്ങിയത് മൂന്നുറോളം മലയാളികൾ: മുഖ്യമന്ത്രി
Tuesday, August 2, 2016 12:17 AM IST
തിരുവനന്തപുരം: തൊഴിൽ നഷ്‌ടപ്പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്നത് മുന്നൂറോളം മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്കയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് സൗദിയിലുള്ള മലയാളികളുടെ എണ്ണം സ്‌ഥിരീകരിച്ചത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സൗദി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സൗദി സ്‌ഥാനപതി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതിയുമായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും നൽകുമെന്നും രാജ്യത്തേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സൗകര്യം ചെയ്തു നൽകാമെന്നും സൗദി ഉറപ്പു നൽകിയതായി വിദേശകാര്യ സഹമന്ത്രി പറഞ്ഞിരുന്നു.