‘സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പുവരുത്തണം’
Monday, August 1, 2016 6:16 AM IST
ദമാം: കേരളത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു പ്രവാസി സാംസ്കാരിക വേദി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കോഴിക്കോട്ട് കോടതി വാർത്തകൾ റിപ്പോർട്ടു ചെയ്യാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് ഗുണ്ടാ നേതാവിന്റെ രീതിയിലാണ് പോലീസ് ഇൻസ്പെക്ടർ പെരുമാറിയത്. ഒരാഴ്ചയായി സംസ്‌ഥാനത്ത് മാധ്യമ പ്രവർത്തകരെ വേട്ടയാടുകയാണ്. കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ എന്താണ് തടസമെന്നു വ്യക്‌തമാക്കണം. വിഷയത്തിൽ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു സ്വീകരിക്കുന്ന സമീപനമാണ് പോലീസിനും അഭിഭാഷകർക്കും മാധ്യമ പ്രവർത്തകരെ തുടർച്ചയായി ആക്രമിക്കാൻ ധൈര്യം നൽകുന്നത്.

ഹൈക്കോടതി അനുവദിച്ചിട്ടുള്ള സ്വതന്ത്ര മാധ്യമ പ്രവർത്തനം അനുവദിക്കില്ല എന്നു ശഠിക്കുന്നവർക്കു സർക്കാർ കൂട്ടു നിൽക്കരുത്. മാധ്യമ പ്രവർത്തകർക്കു നേരെ കൈയേറ്റത്തിനു തുനിയുന്നവരെ ശക്‌തമായ നിയമ നടപടിക്കു വിധേയമാക്കണം. ക്രമസമാധാന പാലനത്തിന് ചുമതലപ്പെടുത്തപ്പെട്ട പോലീസ് തന്നെ നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്നു പ്രവാസി സാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ പൊന്നാനി, ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം എന്നിവർ പ്രസ്താവനയിൽ വ്യക്‌തമാക്കി. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയുകയും മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്ന നടപടിയിൽ സെൻട്രൽ കമ്മിറ്റി ശക്‌തമായ പ്രതിഷേധിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം