‘തീവ്രവാദികൾ മുസ്ലിംകളായാലും ഇസ്ലാമിക രാഷ്ര്‌ടങ്ങൾ അവരെ സംരക്ഷിക്കില്ല’
Wednesday, July 27, 2016 4:53 AM IST
മനാമ: തീവ്രവാദികൾ മുസ്ലിംകൾ ആണെങ്കിലും അവരെ ഇസ്ലാമോ ഇസ്ലാമിക രാഷ്ര്‌ടങ്ങളോ സംരക്ഷിക്കില്ലെന്നു സമസ്ത ബഹറിൻ പ്രസിഡന്റും സിസിഎംഎ ചെയർമാനുമായ സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ പ്രസ്താവിച്ചു.

‘ഇസ്ലാമും തീവ്രവാദവും’ എന്ന പേരിൽ ബഹറിനിലെ മുസ്ലിം സംഘടനയുടെ സംയുക്‌ത വേദിയായ സിസിഎംഎ ശനിയാഴ്ച മനാമ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിനെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ബഹറിനിലെ എയർപോർട്ടിലെത്തിയ ഒരു മുസ്ലിം യുവാവിനെ സംശയാസ്പദമായി മണിക്കൂറുകളോളം തടഞ്ഞുവച്ചത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഫഖ്റുദ്ദീൻ തങ്ങൾ ഇപ്രകാരം വിശദീകരിച്ചത്. തീവ്രവാദത്തെ ഇസ്ലമൊ ഇസ്ലാമിക രാഷ്ര്‌ടങ്ങളൊ അംഗീകരിക്കുന്നില്ല. ഇസ്ലാമിൽ തീവ്രവാദമില്ലെന്നും തീവ്രവാദത്തെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കാനാണ് കാമ്പയിൻ മുസ്ലിം സംഘടനകൾ സംയുക്‌തമായി സംഘടിപ്പിക്കുന്നതെന്നും തങ്ങൾ വിശദീകരിച്ചു.

മുസ്ലിം സംഘടനകൾക്കിടയിൽ കിടമത്സരം നടക്കുന്നില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മത പഠനം മെച്ചപ്പെടുത്തുന്നതിലും അനുബന്ധ സൗകര്യമൊരുക്കുന്നതിലുമുള്ള ആരോഗ്യകരമായ മത്സരങ്ങൾ മാത്രമാണതെന്നു തങ്ങൾ വിശദീകരിച്ചു.

സാക്കിർ നായിക്കിനോട് ആശയപരമായും സംഘടനാ പരമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ത്യക്കകത്തും പുറത്തും മത പ്രബോധനം നടത്തുന്ന ഒരു വ്യക്‌തിയെ ക്രൂശിക്കുന്നുവെന്നതിനാലാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും തങ്ങൾ പറഞ്ഞു.

മുസ്ലിമാകാൻ ആരേയും തങ്ങൾ നിർബന്ധിക്കാറില്ല. നിർബന്ധ മത പരിവർത്തനം ഇസ്ലാമിലില്ല. ഈയിടെയായി മുസ്ലിമാവാൻ താല്പര്യം പ്രകടിപ്പിച്ച് സമസ്തയിലെത്തിയ ഒരു വ്യക്‌തിയോട് മതം മാറിയാൽ ചെയ്യേണ്ട കടമകൾ ഓർമപ്പെടുത്തിയപ്പോൾ അയാൾ തിരിച്ചു പോയ അനുഭവമാണുണ്ടായതെന്നും തങ്ങൾ പറഞ്ഞു.

പ്രവാചക സന്ദേശങ്ങൾ ശരിയായ രീതിയിൽ പ്രചരിപ്പിക്കാത്തതുകൊണ്ടാണ് മത വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാകുന്നതെന്നും ഇതര മതക്കാരോടുള്ള പ്രവാചകന്റെ സമീപനം മാത്രകാപരമായിരുന്നുവെന്നും വിവിധ ചോദ്യങ്ങൾക്കു മറുപടിയായി തങ്ങൾ പറഞ്ഞു.