ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനു പുതിയ നേതൃത്വം
Thursday, July 21, 2016 7:29 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2017–ന്റെ നേതൃത്വത്തിലേക്ക് റവ. ഡോ. വർഗീസ് എം. ഡാനിയേൽ, ജോർജ് തുമ്പയിൽ, ജീമോൻ വർഗീസ് എന്നിവരെ ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് നിയമിച്ചു. എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിൽ നടന്ന 2016 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സമാപന സമ്മേളനത്തിലാണു മാർ നിക്കോളോവോസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

റവ. ഡോ. വർഗീസ് എം. ഡാനിയേലിനെ കോൺഫറൻസ് കോ–ഓർഡിനേറ്ററായും ജോർജ് തുമ്പയിലിനെ ജനറൽ സെക്രട്ടറിയായും നിയോഗിച്ചപ്പോൾ 2016–ലെ ട്രഷററായിരുന്ന ജീമോൻ വർഗീസിനെ ഒരു വർഷംകൂടി തത്സ്‌ഥാനത്തു തുടരാൻ അനുവദിച്ചു.

53 ഇടവകകളും മറ്റു മിഷൻ ചർച്ചസുകളും മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ 71 വൈദികരും മൂന്നു ശെമ്മാശന്മാരും നിരവധി സെമിനാരി വിദ്യാർഥികളുമുണ്ട്. വളരെ സജീവമായ ആറു മിനിസ്ട്രികൾ ഉള്ളതിൽ ഒന്നാണു ഫാമിലി കോൺഫറൻസ്.

തികഞ്ഞ അച്ചടക്ക ബോധത്തിൽ അധിഷ്ഠിതമായി എല്ലാവർഷവും നടത്തപ്പെടുന്ന ഫാമിലി കോൺഫറൻസ് ഭദ്രാസന ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. വേദശാസ്ത്ര പണ്ഡിതരുടെയും സഭാ വൈജ്‌ഞാനികരുടെയും സാന്നിധ്യം കോൺഫറൻസിലെ പ്രത്യേകതയാണ്. ഏതു പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണു കോൺഫറൻസിലെ പരിപാടികൾ ക്രമീകരിക്കുന്നത്. ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലാണു കോൺഫറൻസ് നടത്തുന്നത്.

കോൺഫറൻസ് കോ–ഓർഡിനേറ്ററായി നിയമിതനായ റവ. ഡോ. വർഗീസ് എം. ഡാനിയേൽ രാജ്യാന്തര തലത്തിൽ നിരവധി ലേഖനങ്ങളുടെ രചയിതാവാണ്. റിലീജിയൻ ആൻഡ് ബയോ എത്തിക്സ്– എ ഹോളിസ്റ്റിക്സ് അപ്രോച്ച് എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ഇറാസ്മസ് മുൻഡൂസ് യൂറോപ്യൻ ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ഫാ. ഡാനിയൽ ഓസ്ട്രേലിയയിൽനിന്നാണു പിഎച്ച്ഡി നേടിയത്. ഒട്ടനവധി രാജ്യാന്തര കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. യൂട്ടായിൽ നടന്ന പാർലമെന്റ് ഓഫ് ദി വേൾഡ് റിലീജിയനിൽ ലോകസമാധാനത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സെന്റ് വ്ളാഡിമിർ സെമിനാരിയിലെ പ്രഫസറായും ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയായും പ്രവർത്തിക്കുന്നു. ഭദ്രാസന വൈദികസംഘം സെക്രട്ടറിയുമാണ്. കൺസൾട്ടന്റ് ബയോ എത്തിസിസ്റ്റായി റിസർച്ച് നടത്തുകയും ഈ രംഗത്തുള്ളവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. മെഡിക്കൽ ഫിസിക്സ് ശാസ്ത്രജ്‌ഞയായ ഡോ. സ്മിത വർഗീസാണു ഭാര്യ. മക്കൾ: ആദർശ്, ഏയ്ഞ്ചല.

ജനറൽ സെക്രട്ടറിയായി നിയമിതനായ ജോർജ് തുമ്പയിൽ അവാർഡ് ജേതാവായ മാധ്യമപ്രവർത്തകനാണ്. 2004 മുതൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മീഡിയ കോ–ഓർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു. നിലവിൽ ഭദ്രാസന മീഡിയ കൺസൾട്ടന്റ് കൂടിയായ ജോർജ് തുമ്പയിൽ ഭദ്രാസന അസംബ്ലി ഇലക്ഷൻ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു തവണ ഭദ്രാസന അസംബ്ലി അംഗവുമായിരുന്നു. ഡോവർ സെന്റ് തോമസ് ഇടവകയിൽ നാലു തവണ സെക്രട്ടറിയായും രണ്ടു തവണ ട്രസ്റ്റിയായും പ്രവർത്തിച്ചു. ഇടവകയിലെ മറ്റു ആത്മീയ പ്രസ്‌ഥാനങ്ങളിലും സജീവം. ഇപ്പോൾ മാനേജിംഗ് കമ്മിറ്റിയംഗം. ന്യൂവാർക്ക് ബെത്ത് ഇസ്രയേൽ മെഡിക്കൽ സെന്ററിലെ റെസ്പിറ്റോറി കെയർ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടർ ഇന്ദിര തുമ്പയിലാണ് ഭാര്യ. മക്കൾ: ബ്രയൻ, ഷെറിൻ. മരുമകൻ: ജയ്സൺ.

ട്രഷറർ ജീമോൻ വർഗീസിന് ഇത് രണ്ടാമൂഴമാണ്. ഇപ്പോൾ വിജയകരമായി സമാപിച്ച ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ കോ–ഓർഡിനേറ്റർ ഫാ. വിജയ് തോമസിനോടും ജനറൽ സെക്രട്ടറി ഡോ. ജോളി തോമസിനോടുമൊപ്പം പ്രവർത്തിച്ച അനുഭവജ്‌ഞാനവുമായാണു ജീമോന്റെ തുടർച്ചയായ വരവ്. സഫേൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗമായ ജീമോൻ, ഇടവകയിലെ വിവിധങ്ങളായ പ്രസ്‌ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഭദ്രാസന തല പ്രവർത്തനങ്ങളിലും മുൻ നിരയിൽ പ്രവർത്തിച്ചു. റോക്ക്ലാൻഡ് കൗണ്ടിയിലെ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ സെക്രട്ടറിയായും ആധ്യാത്മിക പ്രസ്‌ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കൂടാതെ കൗണ്ടി തല പ്രവർത്തനങ്ങളിലും സജീവം. റിഡ്ജ്വുഡിലുള്ള വാലി ഹോസ്പിറ്റലിലെ ഇൻഫക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റിൽ ക്ലിനിക്കൽ ഫാർമസി സ്പെഷലിസ്റ്റായി ജോലി ചെയ്യുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: മേഘ, സ്നേഹ.

പ്രാരംഭ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കി രജിസ്ട്രേഷൻ ഉറപ്പാക്കുകയാണ് ആദ്യ നടപടിയെന്ന് കോ–ഓർഡിനേറ്റർ ഫാ. വർഗീസ് ഡാനിയൽ പറഞ്ഞു. ഇപ്പോൾ 50 ഡോളർ കൊടുത്ത് പ്രീ രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ചു ശതമാനം ഇളവു ലഭിക്കുന്നതാണെന്നും ഇതിനോടകം ഇത്തരത്തിലുള്ള 80 രജിസ്ട്രേഷനുകൾ കിട്ടിയുണ്ടെന്നും ട്രഷറർ ജീമോൻ വർഗീസ് അറിയിച്ചു.

വിവരങ്ങൾക്ക്: റവ. ഡോ. വർഗീസ് എം. ഡാനിയേൽ (203) 508 2690

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ളൃാറ്*്യമവീീ.രീാ, ജീമോൻ വർഗീസ് (201) 5635530, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഷലലാ്െ*ഴാമശഹ.രീാ, റവ. ജോർജ് തുമ്പയിൽ (973) 9436164, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേൗാുമ്യശഹ*മീഹ.രീാ