കാനഡയിൽ വിജയഗാഥ രചിച്ചു രഞ്ജിത് സോമൻ
Wednesday, July 20, 2016 6:21 AM IST
ടൊറേന്റോ: ലണ്ടൻ ഒന്റാരിയോവിലെ സെന്റ് മേരിസിലുള്ള ‘കനേഡിയൻ ടയർ’ എന്ന ബൃഹത് പ്രസ്‌ഥാനം സ്വന്തമാക്കിയതിലൂടെ ഈ ബിസിനസ് സാമ്രാജ്യത്തിലേക്ക് കാലെടുത്തുവച്ച ആദ്യ മലയാളിയാവുകയാണു രഞ്ജിത് സോമൻ.

വാഹനം, വീട്, വിനോദം എന്നീ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന ഒരു വലിയ വിപണന ശൃംഖലയാണു കനേഡിയൻ ടയർ. ഈ വമ്പൻ വിപണന ശ്രേണിയിൽ ഒരു കണ്ണിയാകാൻ സാധിക്കുന്നത് ഒരു നിസാര കാര്യമല്ല. നീണ്ട നാളത്തെ പരിശ്രമത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായാണ് ഒരു കനേഡിയൻ ടയർ സ്റ്റോർ കൈക്കലാക്കിയ മൂന്നാമത്തെ ഇന്ത്യൻ വംശജനായി രഞ്ജിത് മാറിയത്.

ഇന്ത്യൻ നേവിയിൽ ലഫ്റ്റനന്റ് കമാൻഡർ ആയിരുന്ന രഞ്ജിത് 2010 ലാണ് കാനഡയിലേക്ക് കുടിയേറിയത്. ഫെഡെക്സ് കാനഡയിൽ ഏവിയേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഓപ്പറേഷൻസ് മാനേജരായി ആൽബെർട്ടയിൽ ജോലി ചെയ്തു. പിന്നീട് സൺകോറിൽ കോൺട്രാക്ട് ആൻഡ് റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്തു.

ഇന്ത്യൻ നേവിയിൽ എയർ വാർഫെയറിൽ സ്പെഷലിസ്റ്റ് (പൈലറ്റ്) ആയിരുന്ന രഞ്ജിത് എന്ന നേവൽ ഏവിയേറ്റർക്കു രണ്ടായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയ പരിചയമുണ്ട്. സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ആന്റിപൈറസി ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

നാഷണൽ ഡിഫൻസ് അക്കാഡമിയിലൂടെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടിയ രഞ്ജിത്, കാൽഗരി യൂണിവേഴ്സിറ്റിയിൽനിന്നും ആൽബർട്ടാ യൂണിവേഴ്സിറ്റിയിൽനിന്നും എംബിഎ പഠനം പൂർത്തിയാക്കി. ലീൻ സിക്സ് സിഗ്മായിൽ ഗ്രീൻ ബെൽറ്റും നേടി. തുടർന്നാണ് കാനഡയിലെ ഒരു മുഖ്യധാര ബിസിനസിൽ പങ്കാളിയാകാൻ തീരുമാനിച്ചത്.

വരും കാലങ്ങളിൽ കനേഡിയൻ ടയറിന്റെ തന്നെ കൂടുതൽ സ്റ്റോറുകൾ സ്വന്തമാക്കി കൂടുതൽ ആളുകൾക്ക് ജോലി നൽകാനും പഠിച്ചു കൂടുതൽ ഉയരങ്ങൾ താണ്ടി തന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പെടുക്കുവാനുമാണു ലക്ഷ്യമിടുന്നത്.

കേരളത്തിൽ കോട്ടയം ജില്ലയിലെ ആനിക്കാട് സാഗരിക മുഴയനാൽ സോമനാഥൻ നായരുടെയും (കാർട്ടൂണിസ്റ്റ് നാഥൻ) ഗീതയുടെയും പുത്രനാണ് രഞ്ജിത്. ഭാര്യ: ഐടി പ്രഫഷണലായ വീണ. മക്കൾ: നിവേദിത, ദേവിക. സഹോദരി കവിത മധു.

<ആ>റിപ്പോർട്ട്: ജയ്സൺ മാത്യു