ഐക്യവും സമാധാനവും പകർന്നു പെരുന്നാൾ നമസ്കാരങ്ങൾ
Friday, July 8, 2016 5:09 AM IST
കുവൈത്ത് സിറ്റി : ഈദുൽ ഫിത്വറിന്റെ ഭാഗമായി ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ആഹ്വാനം ചെയ്ത് വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരങ്ങൾ നടന്നു.

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വ്രതശുദ്ധിയിൽ വിശ്വാസികൾ നേടിയെടുത്ത ആത്മീയ ചൈതന്യം മുറുകപ്പിടിച്ച് ജീവിക്കാനും ലോകത്ത് സമാധാനത്തിന്റെ പ്രചാരകരാവാനും പെരുന്നാൾ പ്രഭാഷണങ്ങളിൽ ഖത്വീബുമാർ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

പരസ്പര സഹവർത്തിത്വവും സഹജീവി സ്നേഹവും ഉയർത്തിപ്പിടിക്കാനും ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും അഭ്യർഥിച്ച ഖത്വീബുമാർ മർദ്ദിതരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള ഐക്യദാർഢ്യമായി ഈദ്
മാറട്ടെ എന്നാശംസിച്ചു.

കെഐജിക്ക് കീഴിൽ ഫർവാനിയ പാർക്കിനു സമീപം മസ്ജിദ് നിസാലിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനു സക്കീർ ഹുസൈൻ തുവ്വൂർ നേതൃത്വം നല്കി. ഫഹാഹീൽ ബലദിയ പള്ളിയിൽ കെ.എ. സുബൈർ, കുവൈറ്റ് സിറ്റി മസ്ജിദ്

ഗർബലിയില് അനീസ് ഫാറൂഖി, മഹബൂല മസ്ജിദ് റഹ്മാനില് അനീസ് അബ്ദുസലാം, റിഗായി മസ്ജിദ് സഹ്വ് മുതൈരിയിൽ കെ.എം. അൻസാർ, റാസ് സാൽമിയ മസ്ജിദ് അബൂസുഫ് യാനിൽ മുഹമ്മദ് ശിബിലി എന്നിവർ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി.

സുരക്ഷാ കാരണങ്ങളാൽ കുവൈത്ത് ഗവൺമെന്റ് പൊതുസ്‌ഥലത്ത് ഈദ്ഗാഹ് നടത്തുന്നതു വിലക്കിയതിനെത്തുടർന്നു സംയുക്‌ത ഈദ്ഗാഹ് മാറ്റിവച്ച പശ്ചാത്തലത്തിൽ ഇപ്രാവശ്യം പള്ളികളിലാണു പെരുന്നാൾ നമസ്കാരങ്ങൾ നടന്നത്. ഭക്‌തി സാന്ദ്രമായ അന്തരീക്ഷത്തിൽ വിവിധ പള്ളികളിൽ നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ഈദ് ആശംസകൾ കൈമാറിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ