ഫിലഡൽഫിയ സീറോ മലബാർ പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാൾ ഭക്‌തിസാന്ദ്രം
Thursday, July 7, 2016 8:19 AM IST
ഫിലഡൽഫിയ: ഭാരത അപ്പസ്തോലനും ഇടവകമധ്യസ്‌ഥനുമായ മാർ തോമാശ്ലീഹായുടെ ദുക്റാനതിരുനാൾ സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ ജൂൺ 24 മുതൽ ജൂലൈ നാലു വരെ ഭക്‌ത്യാദരപൂർവം ആഘോഷിച്ചു.

ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി ജൂൺ 24നു തിരുനാൾക്കൊടി ഉയർത്തി സമാരംഭം കുറിച്ച പത്തുദിവസത്തെ തിരുനാൾ ഇടവകാസമൂഹത്തിന്റെ വിശ്വാസകൂട്ടായ്മയുടെയും തോമാശ്ലീഹാ കാണിച്ചുതന്ന വിശ്വാസപ്രഘോഷണത്തിന്റെയും ഉത്തമോദാഹരണമായി മാറി.

കൊടിയേറ്റുദിവസം സെന്റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി ഫാ. സജി മുക്കൂട്ട്, ഫാ. ജോണികുട്ടി പുലിശേരിക്കൊപ്പം ദിവ്യബലിയിൽ സഹകാർമികനായി. ഫാ. സജി മുക്കൂട്ട് തിരുനാൾ സന്ദേശം നൽകി.

ജുലൈ ഒന്നിനു നടന്ന തിരുക്കർമങ്ങൾക്ക് എത്യോപ്യയിലെ നെകെംതെ രൂപത ബിഷപ് വർഗീസ് തോട്ടംകര മുഖ്യകാർമികനായി. ദേവാലയ സ്‌ഥാപകവികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫിലഡൽഫിയ സെന്റ് ന്യൂമാൻ ക്നാനായ മിഷൻ ഡയറക്ടർ ഫാ. റെന്നി കട്ടേൽ എന്നിവർ സഹകാർമികരായിരുന്നു.

ഏഴു മുതൽ ന്യൂയോർക്ക് ന്യൂമ്യൂസിക് പ്രൊഡക്ഷൻസിന്റെ സംഗീതസയാഹ്നവും അക്കാട്ടുമുണ്ടക്കൽ റോയി–റോജ് സഹോദരങ്ങൾ കാഴ്ച്ചവച്ച ഹാസ്യകലാപ്രകടനവും അരങ്ങേറി.

ജുലൈ രണ്ടിനു നടന്ന തിരുക്കർമങ്ങൾക്കു മുൻവികാരി ഫാ. ജോൺ മേലേപ്പുറം, ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, ഫാ. ജേക്കബ് ജോൺ, ഫാ. ബാലസ്വാമി എന്നിവർ നേതൃത്വം നൽകി. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് തിരുനാൾ സന്ദേശം നൽകി. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും പുതിയ ഭൂമി, പുതിയ മനുഷ്യൻ എന്ന സാമൂഹിക നാടകവും നടന്നു. ലിസി ചാക്കോയുടെ രചനയിൽ മനോജ് ലാമണ്ണിൽ സംവിധാനം നിർവഹിച്ച നാടകത്തിൽ ഇടവകയിലെ തന്നെ 15 ൽ പരം കലാകാരന്മാർ വേഷമിട്ടു. സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

പ്രധാന തിരുനാൾദിനമായ ജൂലൈ മൂന്നിനു രാവിലെ 10നു ഫാ. റെന്നി കട്ടേൽ, ഫാ. ബാലസ്വാമി, ഫാ. തോമസ് മലയിൽ, ഫാ. ജോണികുട്ടി പുലിശേരി എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ ദുക്റാന തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞ് എന്നിവ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആഘോഷമായ പ്രദക്ഷിണത്തെ തുടർന്നു യുവജനങ്ങൾ ഒരുക്കിയ കാർണിവൽ കുട്ടികൾക്കൊപ്പം മുതിർന്നവരിലും കൗതുകം ഉണർത്തി.

ജുലൈ നാലിനു മരിച്ചവരുടെ ഓർമക്കായുള്ള ദിവ്യബലിക്കും ഒപ്പീസിനുംശേഷം തിരുനാൾ കൊടിയിറക്കിയതോടെ പത്തുദിവസമായി നടന്നുവന്ന തിരുനാളാഘോഷങ്ങൾക്കു തിരശീല വീണു.

ഇടവകവികാരി ഫാ. ജോണികുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ*തിരുനാൾ പ്രസുദേന്തിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്‌തസംഘടനകൾ, മതബോധനസ്കൂൾ എന്നിവർ തിരുനാൾ കർമങ്ങൾക്കു നേതൃത്വം നൽകി.

ബേബി അഗസ്റ്റിൻ കല്ലറക്കൽ, സെബാസ്റ്റ്യൻ മാത്യു, ബിജോയ് ജോൺ പാറക്കടവിൽ, ഷാജി മിറ്റത്താനി, ജോർജ് വി. ജോർജ്, സിബിച്ചൻ മുക്കാടൻ, ജയിംസ് കുരുവിള, സ്കറിയ ചാക്കോ, ജോബി ജോർജ് കൊച്ചുമുട്ടം, സോബിൻ ജോസ് കളത്തിൽ, ജോജോ കോട്ടൂർ, സോണി തോമസ്, ജോസഫ് ചെറിയാൻ, സുനിൽ തോമസ്, ജോസഫ് പാമ്പൂട്ടിത്തറ, തോംസൺ തകടിപറമ്പിൽ, ജോസഫ് വർഗീസ്, തോമസ് ചാക്കോ, റോഷിൻ പ്ലാമൂട്ടിൽ, തോമസ് കന്നാടൻ എന്നി ഈവർഷത്തെ തിരുനാൾ പ്രസുദേന്തിമാരായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ