ആൽബനിയിൽ ഈദുൽ ഫിത്വർ ആഘോഷിച്ചു
Thursday, July 7, 2016 4:57 AM IST
ആൽബനി (ന്യൂയോർക്ക്): ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനു ശേഷം ഇസ്ലാം മതവിശ്വാസികൾ ലോകമെങ്ങും ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിച്ച ജൂൺ ആറാംതീയതി ബുധനാഴ്ച ന്യൂയോർക്ക് അപ്സ്റ്റേറ്റിലെ ഇസ്ലാം മതവിശ്വാസികളും ചെറിയ പെരുന്നാൾ ആഘോഷിച്ചു. നിറഞ്ഞ വ്രതശുദ്ധിയോടും ആത്മസമർപ്പണത്തോടും കൂടി 30 ദിവസം പൂർത്തിയാക്കിയ വിശ്വാസികളുടെ കൂട്ടായ്മയായി ഈദ് ആഘോഷം.

ജൂലൈ ആറിനു രാവിലെ 6.30 മുതൽ ലേഥമിലെ അൽഹിദായ ഇസ്ലാമിക് സെന്ററിലേക്ക് വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു. ആൽബനി, സ്കെനക്ടഡി, ട്രോയ്, ലൗഡൻവിൽ, ലേഥം മുതലായ സ്‌ഥലങ്ങളിലെയും സമീപപ്രദേശങ്ങളിലേയും ഇസ്ലാം മതവിശ്വാസികളാണ് അൽഹിദായയിൽ ഒത്തുകൂടിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള, വിവിധ ഭാഷ സംസാരിക്കുന്ന ഏകദേശം ആയിരത്തി എണ്ണൂറോളം പേരാണ് പെരുന്നാൾ നമസ്ക്കാരത്തിനും തുടർന്നുള്ള ആഘോഷച്ചടങ്ങുകൾക്കുമായി അൽഹിദായയിൽ ഒത്തുചേർന്നത്.

കൃത്യം 7:30–നു തക്ബീർ ആരംഭിച്ചു. പെരുന്നാൾ ദിനത്തിലെ പ്രധാനകർമമായ ഫിത്വർ സക്കാത്ത് നിസ്ക്കാരത്തിനു മുൻപുതന്നെ എല്ലാവരും കൊടുത്തു. ഫിത്വർ സക്കാത്ത് സ്വീകരിക്കുവാൻ പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. 30 ദിവസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിൽ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകൾ ഫിത്വർ സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു എന്നാണ് ഇസ്ലാം മതവിശ്വാസം. പെരുന്നാൾ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തിൽ ബാക്കിയുള്ള എല്ലാവരും ഫിത്വർ സക്കാത്ത് കൊടുക്കണമെന്ന് നിർബ്ബന്ധമാണ്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്വർ സക്കാത്ത് കൂടി നൽകി കൂടുതൽ സൂക്ഷ്മത പുലർത്തിയാണ് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്നതു കൂടിയാണു ഫിത്വർ സക്കാത്തിലൂടെ നൽകുന്ന സന്ദേശം.

അൽഹിദായ ഇസ്ലാമിക് സെന്ററിന്റെ പാർക്കിംഗ് ലോട്ടുകൾ നിറഞ്ഞതുകാരണം ദൂരെ ദിക്കിൽ നിന്ന് വരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു. എങ്കിലും സ്ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തി. ദൈവ മഹത്വമോതുന്ന തക്ബീർ ധ്വനികൾകൊണ്ട് പള്ളിയങ്കണം മുഴങ്ങി. ഇമാം ജാഫർ സെബ്ഖൗഇയുടെ കാർമ്മികത്വത്തിൽ കൃത്യം 8 മണിക്ക് പെരുന്നാൾ നിസ്കാരം തുടങ്ങി. അതു കഴിഞ്ഞായിരുന്നു ഖുത്ബ.

അന്യായമായി തടവറകളിൽ അകപ്പെട്ടവർ, സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവർ, അധിനിവേശത്തിന്റെ കൊടുംക്രൂരതകൾക്ക് വിധേയമാവുന്നവർ, നിലനിൽപിനായുള്ള പോരാട്ടങ്ങളിൽ മുഴുകിയിരിക്കുന്നവർ... അവരെ മറക്കരുത്. പ്രാർഥനകളിൽ അവരെയും ഉൾപ്പെടുത്തുക. ഐക്യദാർഢ്യത്തിന്റെ കരുത്ത് നിറഞ്ഞ സന്ദേശം അവർക്ക് കൈമാറുക. അകലാനല്ല; അടുക്കാനും സ്നേഹിക്കാനുമാണ് നമുക്ക് സാധിക്കുക എന്ന സന്ദേശം എല്ലാവരും ഉയർത്തിപ്പിടിക്കുക. പെരുന്നാൾ സാമൂഹിക ഐക്യദാർഢ്യത്തിന്റെ ഒരു മഹാനാളാകും എന്ന് പ്രത്യാശിക്കാം. ഇമാം ജാഫർ സെബ്ഖൗഇയുടെ പ്രഭാഷണം പള്ളിയങ്കണം നിറഞ്ഞുകവിഞ്ഞ വിശ്വാസികൾ ശ്രദ്ധയോടെ കേട്ടു. നിസ്കാരത്തിനുശേഷം എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തും, ആശ്ലേഷിച്ചും പെരുന്നാളിന്റെ സന്തോഷം പങ്കുവെച്ചു.

<യ> റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ