ഷിക്കാഗോ സീറോ മലബാർ നൈറ്റ് വർണാഭമായി
Tuesday, July 5, 2016 8:13 AM IST
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിൽ മാർത്തോമാൾീഹായുടെ തിരുനാളിനോടനുബന്ധിച്ചു കൾചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന സീറോ മലബാർ നൈറ്റ് വർണാഭമായി.

ജൂലൈ ഒന്നിനാരംഭിച്ച വിശുദ്ധ കുർബാനയിൽ മാർ ജേക്കബ് അങ്ങാടിയത്തിനും മാർ ജോയി ആലപ്പാടിനുമൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫാ. ആന്റണി തുണ്ടത്തിൽ, അസി. വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടം, രൂപത ചാൻസലർ ഫാ. പോൾ ചാലിശേരി, ഫാ. ജോസഫ് കപ്പലുമാക്കൽ, ഫാ. ടോം പന്നലക്കുന്നേൽ, ഫാ. ആന്റണി ബെനഡിക്ട്, ഫാ. പോൾ ചൂരത്തൊട്ടിയിൽ, ഫാ. മാത്യു പന്തലാനി, ഫാ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ, ഫാ. ഡേവിസ് ചിറമ്മൽ എന്നീ വൈദികരും പങ്കുചേർന്നു.

രൂപതയുടെ സ്‌ഥാപകദിനവും മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക വാർഷികദിനവും കൂടിയായ അന്നു നടന്ന സവിശേഷ ദിവ്യബലിയിൽ അത്യധികം ഭക്‌ത്യാദരപൂർവം ഏവരും പങ്കുചേർന്നു. മാർ ജേക്കബ് അങ്ങാടിയത്ത് തന്റെ സന്ദേശത്തിൽ പ്രസുദേന്തിമാരായ യുവജനങ്ങളെ പ്രത്യേകം അനുമോദിച്ചു. രൂപതയുടെ വളർച്ചയിൽ ഇന്നോളം സഹകരിച്ച ഏവർക്കും പ്രത്യേകം നന്ദിയും പറഞ്ഞു.

തുടർന്നു പാരീഷ് ഹാളിൽ ഇടവകയിലെ മുന്നൂറോളം കലാകാരന്മാരേയും കലാകാരികളേയും ഒന്നിച്ചണിനിരത്തിയ സീറോ മലബാർ നൈറ്റ് 2016 അരങ്ങേറി.

മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്ത ഈ കലാസായാഹ്നം രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മഹനീയ സന്നിധ്യത്താൽ അനുഗ്രഹപ്രദമായി. അക്കാഡമി ബോർഡ് അംഗം ആശാ മാത്യുവിന്റെ ആമുഖത്തിനുശേഷം ഡയറക്ടർ ബീന വള്ളിക്കളം സ്വാഗതം ആശംസിച്ചു.

മെത്രാഭിഷേകദിനം ആഘോഷിക്കുന്ന മാർ ജേക്കബ് അങ്ങാടിയത്തിനെ പൊന്നാട അണിയിച്ച് ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഇടവകയുടെ അനുമോദനം അറിയിച്ചു. തുടർന്നു ഇരുപത്തഞ്ചാം പൗരോഹിത്യവാർഷികം ആഘോഷിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിന് മാർ ജോയി ആലപ്പാട്ട് പ്രശംസാ ഫലകം നൽകി ആദരിച്ചു. തുടർന്നു ട്രസ്റ്റിമാരും അത്മായ സംഘടനയായ എസ്എംസിസിയും ഉപഹാരം സമ്മാനിച്ചു. യുവജനങ്ങളുടെ പ്രതിനിധികളായി ജിബു ജോസഫ്, വിബിൻ ജോർജ് എന്നിവർ സംസാരിച്ചു. അനുമോദനങ്ങൾക്ക് ഫാ. ആന്റണി അച്ചൻ നന്ദി പറഞ്ഞു.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ തന്റെ സന്ദേശത്തിൽ അവയവദാന മാഹാത്മ്യത്തെക്കുറിച്ച് പറഞ്ഞു. ഇന്നേവരെ സഹകരിച്ച ഏവർക്കും നന്ദി പറഞ്ഞതോടൊപ്പം പ്രവർത്തനങ്ങളിൽ സഹകാരികളായിരിക്കുവാൻ ശ്രമിക്കണമെന്നു അഭ്യർഥിക്കുകയും ചെയ്തു.

കൾചറൽ അക്കാദമി നടത്തിയ കലാമേളയിൽ കലാതിലകമായ എമ്മ കാട്ടൂക്കാരനും കലാപ്രതിഭയായ അലൻ ചേന്നോത്തിനും മാർ ജേക്കബ് അങ്ങാടിയത്ത് ട്രോഫികൾ സമ്മാനിച്ചു. ബോർഡ് അംഗം ഷെന്നി പോൾ ഏവർക്കും നന്ദി പറഞ്ഞു. ലിൻസി വടക്കുംചേരി കാര്യപരിപാടികൾ നിയന്ത്രിച്ചു.

തുടർന്നു കലാസന്ധ്യ അരങ്ങേറി. പ്രകൃതിയെന്ന ദൈവീക സൃഷ്ടിയുടെ മാഹാത്മ്യത്തേയും ഇന്നു നേരിടുന്ന വെല്ലുവിളികളേയും പ്രതിബിംബിച്ച് അവതരിപ്പിച്ച കലാരൂപം അവതരണത്തിന്റെ പുതുമയിൽ പ്രത്യേക ശ്രദ്ധ നേടി. ‘സൃഷ്ടിയെ പരിപാലിക്കുക’ എന്ന മാർപാപ്പയുടെ ആഹ്വാനത്തിന്റെ ദൃശ്യാവിഷ്കാരമായി ഈ കലാസൃഷ്ടി. ലാലു പാലമറ്റം, സിനു പാലയ്ക്കാത്തടം, ലിൻസി വടക്കുംചേരി, ആഷാ മാത്യു, സിബു മാത്യു എന്നിവരുടേയും മറ്റ് അനേകം മാതാപിതാക്കളുടേയും കൂട്ടായ പ്രയത്നം ഈ അവതരണത്തിന് മിഴിവുകൂട്ടി.

കരണയുടെ ആചരണവർഷത്തിൽ ദൈവിക കരുണയെ അടിസ്‌ഥാനമാക്കി അവതരിപ്പിച്ച ബൈബിൾ ദൃശ്യാവിഷ്കാരങ്ങൾ സിബി ആലുംപറമ്പിലിന്റെ സംവിധാനത്തിൽ അത്യധികം മനോഹരമായി. ബെർത്തേമിയോസ്, മഗ്ദലനാ മറിയം എന്നിവരോട് ദൈവം കാണിച്ച വലിയ കരുണ, സമരിയാക്കാരൻ സഹോദരനോട് കാണിച്ച കരുണ എന്നീ കരുണയുടെ വലിയ അവസരങ്ങൾ അവതരണ മികവിൽ മുന്നിട്ടുനിന്നു. അന്ത്യവിധിയുടെ ശക്‌തമായ അവതരണം ഏവർക്കും സ്വയം അവലോകനത്തിനുള്ള ഒരു ചിന്താവേളയായി മാറി. ലാലു പാലമറ്റം, ടോം ജോസ് എന്നിവരുടെ സഹകരണവും ജോൺസൺ കാരിയ്ക്കൽ, ഷിബു അഗസ്റ്റിൻ, ശാന്തി ജയ്സൺ, ജോസ്മോൻ ആലുംപറമ്പിൽ, ലാലിച്ചൻ ആലുംപറമ്പിൽ എന്നിവരോടൊപ്പം മറ്റധികം കലാപ്രതിഭകളുടെ അഭിനയ–നൃത്ത മികവും ഈ ബൈബിൾ ദൃശ്യാവിഷ്കാരത്തെ വേറിട്ടൊരു അനുഭവമാക്കി മാറ്റി.

തുടർന്നു ഇടവകയിലെ നൂറോളം കുഞ്ഞുങ്ങൾ അവതരിപ്പിച്ച നൃത്താവിഷ്കാരം ‘നൂപുരം’ അരങ്ങേറി. കോളജ് തലത്തിലുള്ള കുട്ടികൾകൂടി പങ്കെടുത്ത ഈ ദൃശ്യവിരുന്ന് യുവതലമുറയുടെ വിശ്വാസപ്രഘോഷണം കൂടിയായി.

ഒട്ടനവധി സുമനസുകൾ ഒരേ മനസോടെ ഒന്നിച്ചുചേരുമ്പോൾ വളരെ ഭംഗിയായി ദൈവീകദാനമായ കലയെ ദൈവ മഹത്വത്തിനും പരസ്പര കൂട്ടായ്മയ്ക്കും ഭാവിയിലെ പ്രതീക്ഷയ്ക്ക് നിദാനമായും ഉപയോഗിക്കാനാവുമെന്നതിന്റെ നേർക്കാഴ്ചയായ ഈ സീറോ മലബാർ നൈറ്റിന്റെ വിജയത്തിനായി സഹകരിച്ച ഏവർക്കും ഡയറക്ടർ ബീന വള്ളിക്കളം നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം