ഫാ. ജോസ് ചിറപ്പുറത്തിനു യാത്രയയപ്പു നല്‍കി
Friday, July 1, 2016 6:40 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ നിന്നും ഡാളസ് ക്രിസ്തുരാജ ദേവാലയത്തിലേക്ക് വികാരിയായി സ്ഥലം മാറിപ്പോകുന്ന ഫാ. ജോസ് ചിറപ്പുറത്തിനു യാത്രയയപ്പു നല്‍കി.

ജൂണ്‍ 26നു രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാലിന്റെ നേതൃത്വത്തില്‍ നടന്ന യാത്രയയപ്പു സമ്മേളനത്തില്‍

തന്റെ അഗാധമായ ദൈവജ്ഞാനവും നേതൃത്വപാടവും വഴി കഴിഞ്ഞ ആറു മാസക്കാലം കൊണ്ട് ഷിക്കാഗോയിലെ പ്രവാസിസമൂഹത്തിന്റെ മുഴുവന്‍ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ ജോസച്ചന് പുതിയ ശുശ്രൂഷകര്‍ക്ക് എല്ലാവിധ പ്രാര്‍ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുകയും അച്ചന്റെ മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഷിക്കാഗോ ക്നാനായ സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും വികാരി ഫാ. തോമസ് മുളവനാല്‍ വാഗ്ദാനം ചെയ്തു.

ഇടവകയെ പ്രതിനിധീകരിച്ച് പ്രധാന കൈക്കാരന്‍ റ്റിറ്റോ കണ്ടാരപ്പളളി പ്രസംഗിച്ചു. തുടര്‍ന്നു ഇടവകയ്ക്കുവേണ്ടി കൈക്കാരന്മാരും പാരീഷ് എക്സിക്യൂട്ടീവും ചേര്‍ന്നു ഇടവകയുടെ ഉപഹാരം ജോസച്ചനു സമ്മാനിച്ചു.

മറുപടി പ്രസംഗത്തില്‍ ഇടവകാംഗങ്ങള്‍ കാണിച്ച സ്നേഹത്തിനും സഹായത്തിനും നന്ദിപറഞ്ഞ ജോസച്ചന്‍, തന്റെ മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവകാംഗങ്ങളുടെ പ്രത്യേക പ്രാര്‍ഥനയും അഭ്യര്‍ഥിച്ചു.

കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുളള ഫാ. ജോസ് ചിറപ്പുറത്ത് 2015 ഡിസംബര്‍ മുതല്‍ ഷിക്കാഗോ സെന്റ് മേരീസ് ഇടവകകളുടെയും സേക്രഡ് ഹാര്‍ട്ട് ഇടവകയുടെയും അസിസ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിളളവീട്ടില്‍