ഫാ. പത്രോസ് ചമ്പക്കര ടൊറോന്റോ ക്നാനായ മിഷൻ ഡയറക്ടർ
Friday, July 1, 2016 4:55 AM IST
ടൊറന്റോ: കാനഡയിലെ ടൊറോന്റോ ക്നാനായ മിഷന്റെ പുതിയ ഡയറക്ടറായി ഫാ. പത്രോസ് ചമ്പക്കര നിയമിതനായി. സ്‌ഥിരമായി ഒരു അജപാലന സംവിധാനം ഉണ്ടായികാണുവാനുള്ള കാനഡയിലെ ടൊറോന്റോയിലെയും പരിസര പ്രദേശങ്ങളിലുമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആഗ്രഹമാണു പത്രോസ് ചമ്പക്കരയിലച്ചന്റെ നിയമാനത്തോടെ യാഥാർത്യമായത്. റവ.ഫാ. ജോർജ് പാറയിലും ക്നാനായ മിഷൻ പാരീഷ് കൗൺസിൽ അംഗങ്ങളും ചേർന്നു ടൊറോന്റോ എയർപോർട്ടിൽ ഫാ. പത്രോസ് ചമ്പക്കരയെ സ്വീകരിച്ചു. മിസിസാഗാ എക്സാർക്കേറ്റിന്റെ അധ്യക്ഷൻ മാർ. ജോസ് കല്ലുവേലിൽ ആണു പത്രോസ് അച്ചനെ ക്നാനായ മിഷന്റെ ഡയറക്ടർ ആയി നിയമിച്ചിരിക്കുന്നത്.

ടൊറോന്റോയിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന ഇരുനൂറിലധികം ക്നാനായ കുടുംബങ്ങളുടെ അജപാലന കാര്യങ്ങൾക്ക് എല്ലാ ഞായറാഴ്ചയിലും ദിവ്യബലിയിൽ പങ്കെടുക്കുവാനും കുട്ടികൾക്ക് വിശ്വാസപരിശീലന സൗകര്യങ്ങൾ ഒരുക്കുവാനും കൂടാരയോഗങ്ങൾ സംഘടിപ്പിക്കുവാനും അജപാലനപരമായ മറ്റിതരകാര്യങ്ങൾക്കു നേതൃത്വം നൽകുവാനും മുഴുവൻ സമയ അജപാലന സാന്നിധ്യമാണ് പുതിയ നിയമനം വഴി യാഥാർഥ്യമാകും.

ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ ശിപാർശപ്രകാരം 2014 ഏപ്രിൽ നാലിനു ടൊറോന്റോ ആർച്ച്ബിഷപ് കർദിനാൾ തോമസ് കൊള്ളിൻസിന്റെ രൂപതയിൽ താമസിക്കുന്ന എല്ലാ ക്നാനായ കത്തോലിക്കരുടെയും അജപാലനത്തിനായി സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷൻ ഔദ്യോഗികമായി സ്‌ഥാപിച്ചു തരികയും പ്രഥമ മിഷൻ ഡയറക്ടർ ആയി ഫാ. ജോർജ് പാറയിൽ എസ്എഫ്ഐസിയെ നിയമിക്കുകയും ചെയ്തു. ടൊറോന്റോ അതിരൂപതയിലെ മോൺ. തോമസ് കളാരത്തിന്റെ സാന്നിധ്യത്തിൽ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ വികാരി ജനറാളും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺ. തോമസ് മുളവനാൽ പ്രസ്തുത മിഷന്റെ ഔദ്യോഗികമായുള്ള ഉദ്ഘാടനം നിർവഹിച്ചു. ജോർജ്‌ജ് പാറയിലച്ചന്റെ അജപാലന നേതൃത്വത്തിൽ മിഷന്റെ പ്രവർത്തനങ്ങൾ സജീവമായി. സ്‌ഥിരമായ അജപാലന ക്രമീകരണങ്ങൾക്കായി കോട്ടയം അതിരൂപതയിൽ നിന്നും ഒരു ക്നാനായ വൈദീകനെ ലഭിക്കുന്നതിനുള്ള പരിശ്രമവും അതോടൊപ്പം നടന്നുകൊണ്ടിരുന്നു. 2015 ഓഗസ്റ്റ് മാസത്തിൽ കാനഡയിൽ സീറോ മലബാർ എക്സാർക്കേറ്റ് സ്‌ഥാപിതമായതിനു ശേഷം ക്നാനായ വൈദീകന്റെ നിയമനത്തിനുള്ള ക്രമീകരണങ്ങൾക്ക് അഭി. ജോസ് കല്ലുവേലിൽ പിതാവ് പ്രത്യേകം താത്പര്യം എടുത്താണു പുതിയ നിയമനം നടത്തിയിരിക്കുന്നത്.

കോട്ടയം അതിരൂപതാംഗവും, അമേരിക്കയിലെ ടാമ്പാ, സാൻഹൊസെ തുടങ്ങിയ ക്നാനായ ഫൊറോനാ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള പത്രോസ് ചമ്പക്കരയിലച്ചനാണു ടൊറോന്റോയിലെ ക്നാനായ അജപാലന കാര്യങ്ങൾക്കു നേതൃത്വം നൽകുക.

ഈ പുതിയ നിയമനത്തിനു വഴിതുറന്നുതന്ന കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യൂ മൂലക്കാട്ട് പിതാവിനോടും, ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനോടും, മിസിസ്സാഗോ എക്സാർക്കേറ്റിന്റെ ജോസ് കല്ലുവേലിപിതാവിനോടും, ഷിക്കാഗോ രൂപതയുടെ വികാരി ജനറാൾ ഫാ. തോമസ് മുളവനാലിനോടും, പ്രഥമ മിഷൻ ഡയറക്ടറായിരുന്ന ഫാ. ജോർജ് പാറയിൽ അച്ചനോടുമുള്ള നന്ദി മിഷന്റെ പാരീഷ് കൗൺസിൽ അംഗങ്ങൾ രേഖപ്പെടുത്തി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം