നവോദയ സാംസ്കാരിക വേദി അനുശോചിച്ചു
Wednesday, June 29, 2016 8:13 AM IST
ദമാം: വ്യവസ്ഥാപിതമായ ചിട്ടവട്ടങ്ങളില്‍നിന്നു മാറി മലയാള നാടകത്തിനു പുതുവ്യാകരണം രചിച്ച മഹാ മനീഷിയായിരുന്ന കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ ദമാം നവോദയ സാംസ്കാരിക വേദി അനുശോചിച്ചു.

നാട്ടറിവുകളും സംസ്കൃതിയും പൈത്യകങ്ങളും സന്നിവേശിപ്പിച്ച് പുത്തന്‍ നാടക രീതി അവതരിപ്പിച്ചപ്പോള്‍ അന്നോളമുള്ള നാടകസമ്പ്രദായങ്ങളെ പാടെ നിരാകരിക്കുന്നവയായി മാറി, അദ്ദേഹത്തിന്റെ ഓരോ നാടകങ്ങളും. കേരളത്തിന്റെ തനത് പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം നുകര്‍ന്ന് ഒരു പുത്തന്‍ നാടകവേദിക്ക് രൂപം നല്കുകയായിരുന്നു കാവാലം നാരായണ പണിക്കര്‍. കാവാലം അരങ്ങൊഴിയുമ്പോള്‍ നമുക്ക് നഷ്ടമാകുന്നതു മലയാളനാടകത്തിനു വ്യത്യസ്തമായ രംഗഭാഷ ഒരുക്കിയ മഹാനായ കലാകാരനെയാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദമാം നവോദയ സാംസ്കാരിക വേദിയുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി സന്ദേശത്തില്‍ പറഞ്ഞു.

നവയുഗം അനുശോചിച്ചു

ദമാം: മലയാളത്തിലെ തനതുനാടകവേദിയുടെ ആചാര്യനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

കാവാലത്തിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും മലയാളികള്‍ക്കും സാഹിത്യ പ്രേമികള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നതായി നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം