പ്രവീണിനുവേണ്ടി വനിതകളുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് കോള്‍ ജൂണ്‍ 30ന്
Wednesday, June 29, 2016 6:36 AM IST
ഷിക്കാഗോ: പ്രവീണ്‍ എന്റെയും മകനായിരുന്നു എന്നു ഉറക്കെ വിളിച്ചു പറയാന്‍ വെമ്പുന്ന അമ്മമനസുകളുടെ കൂട്ടായ്മ, അകാലത്തില്‍ പൊലിഞ്ഞു പോയ ആത്മാവിനു നീതി തേടി, ജസ്റിസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലിനുവേണ്ടി ജൂലൈ 29നു (വെള്ളി) ഷിക്കാഗോയില്‍ ഗവര്‍ണര്‍ ഓഫീസിലേക്ക് നടക്കുന്ന വമ്പിച്ച പ്രതിഷേധ റാലിയിലേക്ക് കൂടുതല്‍ പൊതുജന പിന്‍തുണ തേടിക്കൊണ്ട്, ജൂണ്‍ 30നു വനിതകളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി എംപവര്‍മെന്റ് നാഷണല്‍ കോണ്‍ഫറന്‍സ് കോള്‍ നടത്തുന്നു.

പ്രവീണ്‍ വര്‍ഗീസിന്റെ അമ്മയ്ക്കുവേണ്ടി ആഴ്ചകള്‍ക്കു മുന്‍പ് ജിബി തോമസ് മോളോപ്പറമ്പില്‍ വിളിച്ചു ചേര്‍ത്ത നാഷണല്‍ കമ്യൂണിറ്റി കോണ്‍ഫറന്‍സ് കോളിലേക്ക് അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ഫോണ്‍ വിളികളുടെ അണ മുറിയാത്ത പ്രവാഹമായിരുന്നു, കോളുകളുടെ ബാഹുല്യം നിമിത്തം പലര്‍ക്കും അന്നു കോളില്‍ കയറാനായില്ല, പരിമിതപ്പെടുത്തിയിരുന്ന ഗ്രൂപ്പ് കോള്‍ ഇത്തവണ കൂടുതല്‍ കോളുകള്‍ക്കായി മോണിറ്ററിംഗ് സിസ്റം അടക്കം അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്, അതുകൊണ്ട് ആര്‍ക്കും കോളില്‍ കയറുവാന്‍ സാധിക്കുമെന്നും പ്രവീണിനു നീതി തേടിയുള്ള യാത്രയില്‍ എല്ലാവരുടെയും സഹകരണം ആവശ്യമുണ്െടന്നും കമ്മിറ്റി അറിയിച്ചു. അവശ്യ തീരുമാനങ്ങളും ആക്ഷന്‍ പ്ളാനും കോളില്‍ വച്ചു വിശദീകരിക്കും.

മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ഒരു മുന്നേറ്റമായിരുന്നു ജസ്റിസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൌണ്‍സിലിനു വേണ്ടി വിളിച്ചു ചേര്‍ക്കപ്പെട്ട ആദ്യ കോള്‍, അന്നു തീരുമാനിക്കപ്പെട്ട പ്രകാരം ജൂലൈ 29നു പ്രവീണ്‍ ദിനം ആയി ആചരിക്കുകയും അന്നേ ദിവസം ഷിക്കാഗോയില്‍ ഡാലേ പ്ളാസയില്‍ ജിബി തോമസ്, മറിയാമ്മ പിള്ള, ഗ്ളാഡ്സന്‍ വര്‍ഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ നയിക്കുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി ചേരുന്ന ഫോമയുടെയും ഫോക്കാനയുടെയും അടക്കമുള്ള വിവിധ സംഘടനാ പ്രവര്‍ത്തകര്‍, മത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഒപ്പിട്ട മെമ്മോറാണ്ടം അറ്റോര്‍ണി ഓഫീസിലും ഗവര്‍ണര്‍ ഓഫീസിലും സമര്‍പ്പിക്കും.

'നിനക്കു വേണ്ടി കണ്ണീര്‍ പൊഴിക്കുവാന്‍ ഞങ്ങളുമുണ്ട്' എന്നു വിളിച്ചു പറയുന്ന അമ്മമാരുടെ മനസുകള്‍ക്ക് മുന്‍പില്‍ നമിക്കുന്നുവെന്ന് പ്രവീണിന്റെ അമ്മ ലൌവ്ലി വര്‍ഗീസ് അറിയിച്ചു.

എല്ലാവരെയും ജൂണ്‍ 30നു (വ്യാഴം) രാത്രി എട്ടിന് 712 775 7035 എന്ന നമ്പറിലേക്കു ആക്സസ് കോഡ് 201506 ചേര്‍ത്തു വിളിച്ചു ദയവായി കോളില്‍ പങ്കെടുത്ത് മുന്നോട്ടുള്ള യാത്രയില്‍ സഹകരിക്കണമെന്നു കമ്മിറ്റി ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്