നവയുഗം അനുശോചിച്ചു
Tuesday, June 28, 2016 5:34 AM IST
ദമാം: മലയാളത്തിലെ തനതുനാടകവേദിയുടെ ആചാര്യനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപ്പണിക്കര്‍. നാടോടി കഥകളും കവിതകളും കാളിദാസന്റെയും ഭാസന്റെയും സംസ്കൃതസൃഷ്ടികളും ഒക്കെ കാവാലം നാടകത്തിലേക്ക് ആവാഹിച്ചപ്പോള്‍, അത് മലയാളത്തിനു പുതിയൊരു അനുഭവമായി മാറി. നാടകകൃത്ത്, കവി, സംവിധായകന്‍, സൈദ്ധാന്തികന്‍, ഗാനരചിയിതാവ് എന്നിങ്ങനെ പല നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ കാലാതീതങ്ങളായി നിലനില്‍ക്കും. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, പദ്മഭൂഷന്‍, മികച്ച സിനിമ ഗാനരചയിതാവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് എന്നിങ്ങനെ അദ്ദേഹത്തെ തേടിയെത്തിയ നിരവധി പുരസ്കാരങ്ങള്‍ ആ പ്രതിഭയുടെ വലിപ്പം വെളിവാക്കുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാള സാഹിത്യസാംസ്കാരിക രംഗത്തിന് വലിയൊരു നഷ്ടമാണ്.

കാവാലത്തിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും മലയാളികള്‍ക്കും സാഹിത്യ പ്രേമികള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നതായി നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം