സൌദിയില്‍ വിദേശ തൊഴിലാളികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഉയര്‍ത്തിയതായി വ്യാജ പ്രചരണം
Sunday, June 26, 2016 2:57 AM IST
ദമാം: സൌദിയില്‍ വിദേശ തൊഴിലാളികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഉയര്‍ത്തിയതായി വ്യാജ പ്രചരണം. താനോ തന്റെ മന്ത്രാലയമോ ഇത്തരത്തില്‍ ഒരു ഉത്തരവും പുറപ്പെടവിച്ചിട്ടില്ലെന്നു തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹുഖ്ബാനി വ്യക്തമാക്കി. വിദേശ തൊഴിലാളികള്‍ വര്‍ഷത്തില്‍ നല്‍കേണ്ട ലെവി സംഖ്യയായ 2400 റിയാല്‍ 6000 റിയാലാക്കി തൊഴില്‍ മന്ത്രാലായം ഉയര്‍ത്തിയാതായാണു സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്.

ലെവി സംഖ്യ ആറായിരം റിയാലാക്കി ഉയര്‍ത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതായാണ് പ്രചരണം. എന്നാല്‍ താനോ തന്റെ മന്ത്രാലയമോ ഇത്തരത്തില്‍ ഒരു ഉത്തരവും പുറപ്പെടവിച്ചിട്ടില്ലെന്നു തൊഴില്‍, സാമുഹ്യ ക്ഷേമ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹുഖ്ബാനി വ്യക്തമാക്കി. മാത്രമല്ല ഭാവിയില്‍പോലും ലെവി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സെയില്‍സ്മാന്‍, അക്കൌണ്ടന്റ് തുടങ്ങിയ പ്രഫഷണുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ഇഖാമ പുതുക്കി നല്‍കില്ലന്നും സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണം നടന്നിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഈ പ്രചാരണവും തെറ്റാണെന്നു തൊഴില്‍ മന്ത്രാലയം അടുത്തിടെ വിശദീകരണം നല്‍കിയിരുന്നു. സൌദിയിലെ വിവിധ മന്ത്രാലങ്ങളുടെ വ്യാജ വെബ് സൈറ്റുകളിലൂടെ വ്യാജ ഉത്തരവുകളും വാര്‍ത്തകളും പുറപ്പെടുവിക്കുന്നതായി ആഭ്യന്തര മന്ത്രാലായം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മന്ത്രാലങ്ങളുടെ ഉത്തരവുകളും വാര്‍ത്തകളും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം